ആയിഷ സുല്‍ത്താനയെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും, അറസ്റ്റു ചെയ്തേക്കും

കവരത്തി; രാജ്യദ്രോഹക്കുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത യുവസംവിധായിക ആയിഷ സുല്‍ത്താനയെ ഇന്നു വീണ്ടും ചോദ്യം ചെയ്യും. പൊലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ കവരത്തി പൊലീസ് നോട്ടീസ് നല്‍കി. ഇന്ന് ആയിഷയെ അറസ്റ്റു ചെയ്യുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അറസ്റ്റു ചെയ്താലും ജാമ്യം അനുവദിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശമുണ്ട്. രാജ്യദ്രോഹക്കേസുമായി ബന്ധപ്പെട്ട് ചോദ്യംചെയ്യലിന് ബുധനാഴ്ച രാവിലെ 10.30-ന് വിണ്ടും കവരത്തി പൊലീസ് ആസ്ഥാനത്ത് ഹാജരാകാനാണ് നിര്‍ദേശം. ഞായറാഴ്ച ചോദ്യംചെയ്ത് വിട്ടയച്ചപ്പോള്‍ ദ്വീപ് വിട്ടുപോകരുതെന്ന് ആവശ്യപ്പെട്ടിരുന്നു. അതിനിടെ ദ്വീപിലെ ക്വാറന്റീന്‍ ചട്ടങ്ങള്‍ ലംഘിച്ചതിന് കളക്ടര്‍ താക്കീത് നല്‍കുകയും ആവര്‍ത്തിച്ചാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് നോട്ടീസും നല്‍കി.
ആയിഷ ദ്വീപിലെ ഹോം ക്വാറന്റീന്‍ ചട്ടങ്ങള്‍ ലംഘിച്ചെന്ന് കാണിച്ച് കളക്ടര്‍ എസ്. അസ്‌കര്‍ അലിയാണ് നോട്ടീസ് നല്‍കിയത്. ഞായറാഴ്ച പൊലീസ് ചോദ്യം ചെയ്യലിനുശേഷം പൊതുസ്ഥലങ്ങളില്‍ മറ്റുള്ളവരുമായി സംസാരിച്ചെന്നാണ് കണ്ടെത്തല്‍. ഐഷ ദ്വീപ് പഞ്ചായത്ത് ഓഫീസ് സന്ദര്‍ശിച്ചതിന്റെയും അംഗങ്ങളുമായി യോഗം നടത്തിയതിന്റെയും വീഡിയോയും ചിത്രങ്ങളും ഭരണകൂടം ശേഖരിച്ചിരുന്നു. തിങ്കളാഴ്ച ദ്വീപിലെ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് കേന്ദ്രം ആയിഷ സന്ദര്‍ശിച്ചതും കോവിഡ് രോഗികളുമായി സംസാരിച്ചതും ഗുരുതര ചട്ടലംഘനമായാണ് ഭരണകൂടം വിലയിരുത്തുന്നത്. ഹോം ക്വാറന്റീന്‍ ലംഘിക്കുന്നത് ആവര്‍ത്തിച്ചാല്‍ കര്‍ശനനടപടിയുണ്ടാകുമെന്നും നോട്ടീസില്‍ പറയുന്നു.

