മുഖ്യമന്ത്രിയെ അവൻ ഇവൻ എന്നൊക്കെ വിളിക്കുന്നത് അംഗീകരിക്കാനാകില്ല- സുകുമാരൻ നായർക്കെതിരേ ഗണേഷ് കുമാർ

തിരുവനന്തപുരം: മുഖ്യമന്ത്രിയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പദപ്രയോഗങ്ങൾ ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്ന് കെ.ബി. ഗണേഷ് കുമാർ. മുഖ്യമന്ത്രിയെ ‘അവൻ’, ‘ഇവൻ’ എന്നൊക്കെ വിളിക്കുന്നത് അംഗീകരിക്കാൻ കഴിയില്ല. ഏത് പാർട്ടിയായാലും മുഖ്യമന്ത്രി എന്ന പദവിക്ക് അർഹമായ മര്യാദയും അന്തസ്സും നൽകണം. മുഖ്യമന്ത്രി ഒരാളുടെ കാല് പിടിക്കണമെന്ന് പറയുന്നത് ശരിയല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വി.ഡി. സതീശൻ 25 വർഷത്തിലധികമായുള്ള സുഹൃത്താണ്. എന്നാൽ, സൗഹൃദത്തിനപ്പുറം അദ്ദേഹത്തെ ഒരു മുഖ്യമന്ത്രിയായി കാണുന്നതാണ് മര്യാദ. മുഖ്യമന്ത്രി എപ്പോഴും തിരക്കുള്ള ആളാണെന്നും അദ്ദേഹത്തിന്റെ സമയം നൽകുന്നതിൽ പരിമിതികൾ ഉണ്ടാകുമെന്നും അത് നമ്മൾ മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ മന്ത്രിയായും എം.എൽ.എ.യായും പ്രവർത്തിച്ചിട്ടുണ്ട്. അന്ന് പല മുഖ്യമന്ത്രിമാരുടെ തിരക്കുകളും താൻ നേരിട്ട് കണ്ടിട്ടുണ്ടെന്നും ഗണേഷ് കുമാർ ഓർമ്മിപ്പിച്ചു.
എൻ.എസ്.എസ്. ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ മുഖ്യമന്ത്രിയെക്കുറിച്ച് നടത്തിയ പരാമർശങ്ങളെ ഗണേഷ് കുമാർ പരോക്ഷമായി വിമർശിച്ചു. മുഖ്യമന്ത്രി വന്ന് തന്റെ കാലുപിടിക്കണം എന്ന് പറയുന്നത് ശരിയായ കാര്യമല്ല. മുഖ്യമന്ത്രിയെ ‘അവൻ’, ‘ഇവൻ’ എന്നൊക്കെ വിളിക്കുന്നത് ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരത്തിലുള്ള പ്രയോഗങ്ങൾ അന്തസ്സില്ലായ്മയും തറവാടിത്തമില്ലായ്മയുമാണെന്ന് അദ്ദേഹം പറഞ്ഞു.
തന്റെ ‘അഡ്രസ്’ കളയുമെന്ന സുകുമാരൻ നായരുടെ പ്രസ്താവനയ്ക്കും ഗണേഷ് കുമാർ മറുപടി നൽകി. തന്റെ അഡ്രസ് ആർ. ബാലകൃഷ്ണപിള്ളയുടെ മകൻ എന്നതാണ്. 19 വയസിൽ അഭിനയരംഗത്ത് എത്തി ലോകമറിയുന്ന കലാകാരനായി എന്നതാണ് മറ്റൊരു അഡ്രസ്. 25 വർഷമായി പൊതുരംഗത്ത് നിൽക്കുന്ന ഒരു പൊതുപ്രവർത്തകനാണ്. ജനങ്ങളുടെ ഔദാര്യം മാത്രമാണ് തനിക്കുള്ളത്. മറ്റ് ആരുടെയും ഔദാര്യം കൊണ്ടോ വളഞ്ഞവഴികളിലൂടെയോ ഉണ്ടായതല്ലെന്നും അത് ഇല്ലാതാക്കാൻ ആർക്കും കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
വി.ഡി. സതീശൻ എൻ.എസ്.എസ്. ആസ്ഥാനത്തേക്ക് പോകാൻ സാധ്യതയില്ലെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്ന് ഗണേഷ് കുമാർ വ്യക്തമാക്കി. താൻ 26 വർഷമായി അടുത്തറിയുന്ന സതീശൻ അത്തരത്തിൽ ഒരു സ്ഥലത്ത് പോകുമെന്ന് തനിക്ക് തോന്നുന്നില്ലെന്നും അദ്ദേഹത്തിന്റെ ആദർശങ്ങൾ അതിന് അനുവദിക്കില്ലെന്നും ഗണേഷ് കുമാർ കൂട്ടിച്ചേർത്തു.

