സ്വകാര്യ ബസുകളിലെ ജീവനക്കാര്‍ക്കിടയില്‍ എം ഡി എം എ മുതലായ മയക്കുമരുന്നുകള്‍ വ്യാപകമാകുന്നു, ബസുകളില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കാന്‍ തീരുമാനം

തൃശൂര്‍: സ്വകാര്യ ബസുകളിലെ യാത്രക്കാരുടെ സുരക്ഷ വര്‍ദ്ധിപ്പിക്കാനും മയക്കുമരുന്ന് ഉപയോഗത്തിന് കടിഞ്ഞാണിടാനും കൊടുങ്ങല്ലൂര്‍ പൊലീസ് നടപടി ആരംഭിച്ചു. ഇതിന്റെ ഭാഗമായി എല്ലാ സ്വകാര്യ ബസുകളിലും നിരീക്ഷണ കാമറകള്‍ സ്ഥാപിക്കാന്‍ തീരുമാനമായി. ബസിനുള്ളിലെ തത്സമയ കാഴ്ചകള്‍ പൊലീസിന് കാണാന്‍ കഴിയുന്ന തരത്തിലായിരിക്കും പദ്ധതി നടപ്പിലാക്കുന്നത്.
അടുത്തിടെയായി ബസ് ജീവനക്കാര്‍ എം.ഡി.എം.എ എന്ന മയക്കുമരുന്ന് ഉപയോഗിച്ചു വരുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ആറ് മാസം പൂര്ത്തിയാകുമ്ബേഴേക്കും കാമറകള്‍ സ്ഥാപിക്കുന്ന നടപടികള്‍ പൂര്‍ത്തിയാക്കും. മൂന്നു മാസത്തിനുള്ളില്‍ പകുതി കാമറകള്‍ സ്ഥാപിക്കും. കൊടുങ്ങല്ലൂര്‍ മേഖലയിലൂടെ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസ് ഉടമകളുടെ യോഗത്തിലാണ് തീരുമാനം. കാമറ സ്ഥാപിക്കുന്നതിലൂടെ ബസുകളിലെ എല്ലാതരത്തിലുമുള്ള കുറ്റകൃത്യങ്ങള്‍ക്ക് വിരാമം ഉണ്ടാക്കാന്‍ കഴിയുമെന്നാണ് പൊലീസ് കരുതുന്നത്.
മൂന്ന് ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടവരെ ജോലിക്ക് വയ്ക്കേണ്ടതില്ലെന്നും തീരുമാനിച്ചിട്ടുണ്ട്. ലഹരി ഉപയോഗത്തിനെതിരെ ബസുകളില്‍ ബോധവത്കരണ സ്റ്റിക്കറുകള്‍ പതിക്കുവാനും തീരുമാനിച്ചു. ബസുകളില്‍ പാഴ്സല്‍ കയറ്റുന്നത് വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലായിരിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. ജീവനക്കാര്‍ക്കായി ബോധവത്കരണ ക്ലാസും നടത്താന്‍ തീരുമാനമായിട്ടുണ്ട്.
പറവൂര്‍, തൃശൂര്‍, തൃപ്രയാര്‍, അഴീക്കോട്, കൊടുങ്ങല്ലൂര്‍, ഗുരുവായൂര്‍ എന്നിവിടങ്ങളിലെ 35ഓളം ബസുടമകള്‍ യോഗത്തില്‍ സംബന്ധിച്ചു. കൊടുങ്ങല്ലൂര്‍ ഡിവൈ.എസ്.പി സലീഷ് കെ. ശങ്കരന് നേതൃത്വം നല്കി.

