വേദനകൊണ്ട് പുളഞ്ഞ് മകള്‍, പ്രസവമെടുക്കാന്‍ എത്തിയത് സ്വന്തം ഉമ്മ: കൊച്ചിയില്‍ നടന്നത് അപൂര്‍വ കുടുംബസംഗമം

കൊച്ചി: പ്രസവം പോലെ മഹത്തരമായ മറ്റൊരു സംഭവം ലോകത്തില്ല. ഒരു കുഞ്ഞിന് ജന്മം നല്‍കുകയെന്നത് ഒരേസമയം അഭിമാനവും അതുപോലെ തന്നെ അപകടം നിറഞ്ഞതുമായ കാര്യമാണ്.
സ്ത്രീകളെ സംബന്ധിച്ച് ഗര്‍ഭകാലം സ്വന്തം മാതാവിന് ഒപ്പമായിരിക്കുകയെന്നതാണ് സ്വാഭാവികമായും ആഗ്രഹിക്കുക. കൊച്ചിയിലെ ആസ്റ്റര്‍ മെഡ് സിറ്റി ആശുപത്രിയിലെ ലേബര്‍ റൂമില്‍ മകളുടെ പ്രസവമെടുക്കാന്‍ എത്തിയതാകട്ടെ സ്വന്തം മാതാവായ ഡോക്ടറായിരുന്നു എന്ന അപൂര്‍വതയുമുണ്ട്.
മെഡ് സിറ്റിയിലെ ഗൈനക്കോളജി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റായ ഡോക്ടര്‍ ഷമീമ അന്‍വര്‍ സാദത്തിന് അഭിമാന നിമിഷം കൂടിയായിരുന്നു മകള്‍ അസ്രയുടെ പ്രസവമെടുക്കുന്നത്. ഒരു ഡോക്ടറുടെ ഉത്തരവാദിത്ത്വവും ഒപ്പം ഒരു അമ്മയുടെ കരുതലും ഒരേ സമയം നിര്‍വഹിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഡോ. ഷമീമ. 25 വര്‍ഷമായി ഗയനക്കോളജി രംഗത്ത് പ്രവര്‍ത്തിക്കുകയാണ് ഡോക്ടര്‍ ഷമീമ, 26കാരിയായ മകള്‍ അസ്രയുടെ ആദ്യത്തെ പ്രസവമാണ് ആസ്റ്ററില്‍ നടന്നത്.
ആര്‍ക്കിടെക്റ്റ് മേഖലയില്‍ ജോലി ചെയ്യുന്ന അസ്ര ഗര്‍ഭിണിയായപ്പോള്‍, പ്രസവം ദുബായില്‍ വച്ച് നടത്താനായിരുന്നു ആദ്യം പദ്ധതിയിട്ടിരുന്നത്. എന്നാല്‍ ചില സാഹചര്യങ്ങള്‍ കാരണം പിന്നീട് നാട്ടിലേക്ക് വരുകയും അമ്മയുടെ പരിചരണത്തില്‍ ചികിത്സ തുടരാനും തീരുമാനിക്കുകയായിരുന്നു. പ്രസവം വരെ കാര്യങ്ങളെല്ലാം വളരെ സുഗമമായി നടന്നു. പുറംരാജ്യങ്ങളില്‍ ലഭിക്കുന്ന അതേ നിലവാരത്തിലുള്ള ചികില്‍സ നല്കാന് കഴിഞ്ഞു. അത് മകള്‍ക്ക് പൂര്‍ണമായി ബോധ്യപ്പെട്ടിട്ടുണ്ടാകുമെന്നാണ് ഡോ. ഷമീമ പറയുന്നത്.
മകളുടെ ഗര്‍ഭകാലം ഒരു ഡോക്ടര്‍ എന്ന നിലയില്‍ തനിക്ക് പുതിയ അനുഭവമായിരുന്നുവെന്നാണ് ഡോ. ഷമീമ പറയുന്നത്. ഇന്നത്തെ തലമുറ എന്താണ് ആഗ്രഹിക്കുകയും പ്രതീക്ഷിക്കുകയും ചെയ്യുന്നത് എന്ന് കൂടുതല്‍ നന്നായി മനസ്സിലാക്കാന്‍ കഴിഞ്ഞു. അനാവശ്യ ഭയങ്ങള്‍ മാറ്റിവച്ച് കൃത്യമായ മെഡിക്കല്‍ അറിവുകള്‍ നല്‍കേണ്ടത് വളരെ പ്രധാനമാണെന്നും ഡോക്ടര്‍ പറയുന്നു.

