മന്ത്രി വീണ ജോർജിനെതിരായ പരാമർശം; കെ.എം. ഷാജിയ്‌ക്കെതിരെ വനിതാ കമ്മീഷന്‍ കേസെടുത്തു

തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണ ജോര്‍ജിനെതിരായ പരാമര്‍ശത്തില്‍ മുസ്ലീം ലീഗ് നേതാവ് കെ.എം. ഷാജിയ്‌ക്കെതിരെ വനിതാകമ്മീഷന്‍ കേസെടുത്തു. കെ.എം. ഷാജിയുടെ പരാമര്‍ശം അങ്ങേയറ്റം സ്ത്രീവിരുദ്ധമാണെന്ന് വനിതാകമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ പി. സതീദേവി പറഞ്ഞു. പ്രസംഗം നടത്തിയ മലപ്പുറത്തെ ജില്ലാ പോലീസ് മേധാവിയോട് ഇത് സംബന്ധിച്ചുള്ള റിപ്പോര്‍ട്ടും ആവശ്യപ്പെട്ടിട്ടുണ്ട്. കെ.എം. ഷാജിയുടെ പ്രസംഗം തീര്‍ത്തും അധിക്ഷേപകരമാണെന്ന് വനിതാകമ്മീഷന്‍ വിലയിരുത്തി. സ്വന്തം കര്‍മരംഗത്ത് വലിയ നേട്ടമുണ്ടാക്കിയ വീണാ ജോര്‍ജിനെ പോലെ ഒരു വനിതയെ വളരെ അശ്ലീലകരമായ പദങ്ങള്‍ ഉപയോഗിച്ചാണ് കെ.എം. ഷാജി അഭിസംബോധന ചെയ്തത്. നമ്പൂതിരി സമുദായത്തിലുണ്ടായ മനുഷ്യത്വരഹിതമായ ഒരു വിചാരണാഘട്ടത്തില്‍ ഇരയെ അഭിസംബോധന ചെയ്യാന്‍ ഉപയോഗിക്കുന്ന വാക്കിലൂടെ മന്ത്രിയെ അഭിസംബോധന ചെയ്തത് തീര്‍ത്തും മനുഷ്യത്വരഹിതവും ഫ്യൂഡല്‍ മാടമ്പിത്തരത്തിന്റെ പ്രതിഫലനവുമാണ്. ഇത്തരം രാഷ്ട്രീയ അശ്ലീലപ്രസംഗങ്ങള്‍ നടത്തുന്ന കെ.എം. ഷാജിയെ പോലെയുള്ളവരെ ഒറ്റപ്പെടുത്തണമെന്നും വനിതാകമ്മീഷന്‍ വ്യക്തമാക്കി.