വേറെ ജോലിയുണ്ട്, മറുപടി പറയാനില്ല’; കെ.എം. ഷാജിയുടെ പരാമർശത്തിൽ പ്രതികരിച്ച് മന്ത്രി വീണ ജോർജ്

കോഴിക്കോട്: മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജിയുടെ അധിക്ഷേപ പരാമർശത്തിൽ മറുപടി പറയാനില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഇഷ്ടം പോലെ ജോലികളുണ്ടെന്നും ഷാജിയുടെ പരാമർശത്തിൽ പ്രതികരിക്കാനില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ‘അന്തവും കുന്തവുമില്ലാത്ത മന്ത്രി’ എന്ന കെ.എം. ഷാജിയുടെ അധിക്ഷേപ പരാമർശവുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, അതിനെക്കുറിച്ചൊന്നും പറയാനില്ലെന്നു പറഞ്ഞ മന്ത്രി, ഞാൻ നല്ല ജോലിത്തിരക്കിലാണ്. എനിക്ക് ഇഷ്ടംപോലെ ജോലിയുണ്ടെന്നും കൂട്ടിച്ചേർത്തു. നിപ അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. കഴിഞ്ഞ എട്ട് ദിവസമായി പുതിയ നിപ രോഗബാധകളൊന്നും സ്ഥിരീകരിച്ചിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. ചികിത്സയിലുണ്ടായിരുന്ന ഒമ്പതുവയസുകാരന്റെ ആരോഗ്യ നിലമെച്ചപ്പെട്ടുവെന്നും കൈപിടിച്ചു നടത്തിയെന്നും മന്ത്രി വ്യക്തമാക്കി. 372 പേരുടെ സാമ്പിളുകൾ പരിശോധിച്ചു. നിലവിൽ 915 പേർ ഐസൊലേഷനിൽ ഉണ്ട്. കോഴിക്കോട് എന്തുകൊണ്ട് തുടർച്ചയായി നിപ വൈറസ് വരുന്നു എന്ന കാര്യത്തിൽ പഠനം തുടരും. വൈറസിന് ഇതുവരെ വകഭേദം വന്നിട്ടില്ല. സ്പിൽ ഓവർ എങ്ങനെ സംഭവിക്കുന്നു എന്നത് കണ്ടെത്താൻ സാധ്യമായതെല്ലാം ചെയ്യും, മന്ത്രി അവലോകന യോഗത്തിന് ശേഷം പറഞ്ഞു. എൻ.ഐ.വി. പുണെയുടെ നേതൃത്വത്തിൽ വവ്വാലുകളിൽ പഠനം തുടരുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. കണ്ടെയ്ൻമെന്റ് സോണിനകത്തുള്ള കുട്ടികൾക്ക് ഓൺലൈൻ ക്ലാസ് തുടരും. ഇതിന് സ്കൂളുകൾ സംവിധാനം ഒരുക്കണമെന്നും ഡി.ഡി.ഇയെ ഇക്കാര്യത്തിൽ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു