KSDLIVENEWS

Real news for everyone

മുഴപ്പിലങ്ങാട്ട് ഓട്ടോറിക്ഷയില്‍ ബോംബ് കണ്ടെത്തിയ സംഭവം: അന്വേഷണം തുടങ്ങി

SHARE THIS ON

കണ്ണൂര്‍ : ഓട്ടോറിക്ഷയില്‍ ഉഗ്രസ്ഫോടനത്തിന് ശേഷിയുള്ള ബോംബ് കണ്ടത്തിയ സംഭവത്തില്‍ എടക്കാട് പൊലീസ് അന്വേഷണം തുടങ്ങി. ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും പ്രവര്‍ത്തിക്കാത്ത യുവാവിന്‍റെ ഓട്ടോറിക്ഷയിലാണ് കഴിഞ്ഞദിവസം ബോംബ് കണ്ടത്തിയത്. കുളം ബസാറില്‍ വര്‍ഷങ്ങളായി ഓട്ടോറിക്ഷ ഓടിച്ച്‌ ഉപജീവനം നടത്തിവരുന്ന റിജീഷ് ഓട്ടം കഴിഞ്ഞ് റോഡരികില്‍ പാര്‍ക്ക് ചെയ്തതായിരുന്നു. രാവിലെ പതിവുപോലെ ഓട്ടോ എടുക്കാന്‍ വന്നപ്പോഴാണ് വണ്ടിയുടെ മുന്‍ സീറ്റിന്‍റെ സൈഡില്‍ ബോംബ് കണ്ടത്.

പ്രശ്നം അതീവ ഗൗരവമുള്ളതാണെന്നും പഴുതടച്ച അന്വേഷണത്തിലൂടെ കുറ്റവാളിയെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും എടക്കാട് പൊലീസ് പറഞ്ഞു. മുഴപ്പിലങ്ങാട്ടെ സ്വൈരജീവിതം തകര്‍ക്കാനുള്ള തീവ്രവാദ ശക്തികളുടെ നീക്കങ്ങളെ സി.പി.എം ലോക്കല്‍ കമ്മിറ്റി അപലപിച്ചു. സംഭവത്തില്‍ അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും സി.പി.എം ആവശ്യപ്പെട്ടു.
സംഭവം അതീവ ഗൗരവമുള്ളതിനാല്‍ വിദഗ്ദ അന്വേഷണം നടത്താന്‍ പൊലീസ് സത്വര നടപടി സ്വീകരിക്കണമെന്ന് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡന്‍റ് കെ. സുരേഷ് ആവശ്യപ്പെട്ടു. നാട്ടിലെ സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണിത്. എടക്കാട് പൊലീസ് സ്റ്റേഷന് വിളിപ്പാടകലെയുണ്ടായ സംഭവം ലഘൂകരിക്കുന്നത് വന്‍ ദുരന്തത്തിന് കാരണമാകുമെന്നും കോണ്‍ഗ്രസ് കമ്മിറ്റി പ്രസ്താവിച്ചു.

സമാധാനാന്തരീക്ഷം നിലനില്‍ക്കുന്ന മുഴപ്പിലങ്ങാട് പഞ്ചായത്തില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലന്ന് പൊലീസ് അധികാരികള്‍ ഉറപ്പുവരുത്തണമെന്ന് മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ കുറിപ്പില്‍ അറിയിച്ചു. യഥാര്‍ത്ഥ പ്രതികളെ നിയമത്തിന്‍റെ മുന്നില്‍ എത്രയും പെട്ടന്ന് കൊണ്ടുവരണമെന്നും പ്രസിഡന്‍റ് അബൂട്ടി പച്ചാക്കര, സെക്രട്ടറി എ.കെ. ഇബ്രാഹിം എന്നിവര്‍ ആവശ്യപ്പെട്ടു.
പിന്നിലെ ശക്തികളെ കരുതിയിരിക്കണമെന്നും സംഭവത്തിന്‍്റെ ഗൗരവം കണക്കിലെടുത്ത് അന്വേഷണം ത്വരിതപ്പെടുത്തണമെന്നും കുറ്റവാളി കണ്ടെത്തണമെന്നും വെല്‍ഫെയര്‍ പാര്‍ട്ടി മുഴപ്പിലങ്ങാട് പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.
സമഗ്രാന്വേഷണം നടത്തണമെന്ന് എസ്.ഡി.പി.ഐ മുഴപ്പിലങ്ങാട് പഞ്ചായത്ത്‌ കമ്മിറ്റി ആവശ്യപ്പെട്ടു. യഥാര്‍ത്ഥ കുറ്റവാളികളെ കണ്ടെത്തി നാടിന്‍റെ സമാധാനം നിലനിര്‍ത്താന്‍ അധികാരികള്‍ തയാറാവണമെന്ന് പ്രസിഡന്‍റ് ടി.സി. നിബ്രാസ് പറഞ്ഞു.

ഓട്ടോറിക്ഷയില്‍നിന്ന് കണ്ടെത്തിയ ബോംബ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!