സ്കൂൾ തുറക്കും മുൻപേ മൂർഖൻ ഹാജർ; കയറിയത് ശുദ്ധവായു കയറാനായി തുറന്നിട്ട ജനാല വഴി

രാജപുരം ∙ സ്കൂൾ ശുചീകരണത്തിനിടെ തുറന്നിട്ട ജനാലയിലൂടെ മൂർഖൻ പാമ്പ് കയറി ക്ലാസ് മുറിയുടെ മൂലയിൽ ഇടംപിടിച്ചു. കാലിച്ചാനടുക്കം ഗവ.ഹൈസ്കൂളിലെ എൽപി വിഭാഗം ക്ലാസ് മുറിയിലാണ് കഴിഞ്ഞ ദിവസം പാമ്പിനെ കണ്ടത്. സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി കഴിഞ്ഞ ഒരാഴ്ചയായി സ്കൂൾ പരിസരത്തും ക്ലാസ് മുറികളിലും ശുചീകരണ പ്രവർത്തനങ്ങൾ നടന്നുവരികയായിരുന്നു.
ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം എൽപി വിഭാഗം ക്ലാസ് മുറികൾ കഴുകിയ ശേഷം ഉണക്കാനും ദീർഘ നാളായി അടച്ചിട്ടതിനാൽ ശുദ്ധവായു കയറാനായി ജനാലകൾ തുറന്നിട്ടിരുന്നു. പിറ്റേ ദിവസം ക്ലാസ് മുറി തുറന്നപ്പോഴാണ് മൂലയിൽ പാമ്പിനെ കണ്ടത്. സ്കൂൾ അധികൃതർ അറിയിച്ചതനുസരിച്ച് വനംവകുപ്പ് അധികൃതർ എത്തി പാമ്പിനെ പിടികൂടി.

