KSDLIVENEWS

Real news for everyone

സ്വര്‍ണക്കടത്ത് കേസ്; സരിത് ഉള്‍പ്പെടെ നാലു പ്രതികള്‍ ഇന്ന് ജയിലില്‍ മോചിതരാകും

SHARE THIS ON

തിരുവനന്തപുരം : നയതന്ത്ര ചാനല്‍ വഴി സ്വര്‍ണം കടത്തിയ കേസിലെ(gold smuggling case) ഒന്നാം പ്രതി സരിത്(sarith) ഉള്‍പ്പെടെ നാലു പ്രതികള്‍ ഇന്ന് ജയിലില്‍ നിന്നുമിറങ്ങും.

പൂജപ്പുര സെന്‍ട്രല്‍ ജയിലിലുള്ള പ്രതികള്‍ക്കെതിരായ കോഫപോസയുടെ കാലാവധി ഇന്ന് അവസാനിക്കും. NIA കേസുള്‍പ്പെടെ മറ്റ് എല്ലാ കേസുകളിലും സരിത്,റമീസ്,ജലാല്‍, മുഹമ്മദ് ഷാഫി എന്നിവര്‍ക്ക് ജാമ്യം ലഭിച്ചിരുന്നു. ഒരു വ‍ര്‍ഷത്തിലേറെയായി സരിത് ജയിലാണ്.

നയതന്ത്രചാനല്‍ വഴി സ്വര്‍ണം കടത്തിയത് കസ്റ്റംസ് ആദ്യം അറസ്റ്റ് ചെയ്യുന്നത് യുഎഇ കോണ്‍സിലേറ്റിലെ മുന്‍ ഉദ്യോഗസ്ഥനായ സരിത്തിനെയാണ്. സ്വര്‍ണ കടത്തിലെ മുഖ്യ ആസൂത്രകന്‍ സരിത്തെന്നാണ് കസ്റ്റംസ്, NIA ഏജന്‍സികളുടെ കണ്ടെത്തല്‍. ജയിലിനുള്ളില്‍ വച്ച്‌ മുഖ്യമന്ത്രിക്ക് അനുകൂലമായി മൊഴി നല്‍കാന്‍ ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിക്കുന്നുവെന്ന് സരിത് കോടതിയ്ക്ക് പരാതി നല്‍കിയിരുന്നു. സരിത്തിന്‍റെ സുഹൃത്തുക്കളും കൂട്ടു പ്രതികളുമായ സ്വപ്ന, സന്ദീപ് നായര്‍ എന്നിവര്‍ നേരത്തെ ജയിലില്‍ നിന്നും ഇറങ്ങി. ഇതോടെ സ്വര്‍ണ കടത്തിലെ പ്രധാന പ്രതികളെല്ലാം ജയിലിന് പുറത്തായി

ജാമ്യ ഇളവ് തേടി സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് നല്‍കിയ ഹ‍ര്‍ജിയില്‍ എറണാകുളം പ്രിന്‍സിപ്പില്‍ സെഷന്‍സ് കോടതി ഇന്ന് ഉത്തരവ് പുറപ്പെടുവിക്കും. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കളളപ്പണ ഇടപാടില്‍ സ്വപ്നയ്ക്ക് നേരത്തെ തന്നെ ജാമ്യം കിട്ടിയിരുന്നു. എന്നാല്‍ മുന്‍കൂര്‍ അനുമതിയില്ലാതെ എറണാകുളം വിട്ടുപോകരുതെന്ന് ജാമ്യ വ്യവസ്ഥ ഉണ്ടായിരുന്നു. വീട് തിരുവനന്തപുരത്താണെന്നും അവിടെപ്പോകാന്‍ ഈ വ്യവസ്ഥ നീക്കണമെന്നുമാണ് ആവശ്യം. സ്വപ്ന തിരുവനന്തപുരത്തേക്ക് പോകുന്നതില്‍ എതിര്‍പ്പില്ലെന്നും എന്നാല്‍ കേരളം വിട്ടുപോകണമെങ്കില്‍ മുന്‍കൂര്‍ അനുമതി തേടണമെന്നും എന്‍ഫോഴ്സ്മെന്‍റും കഴിഞ്ഞ ദിവസം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഹര്‍ജി ഇന്നലെ പരിഗണിച്ച കോടതി ഉത്തരവിനായി ഇന്നത്തേക്ക് മാറ്റുകയായിരുന്നു

ഇതിനിടെ ഇതേ കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന്‍റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് നല്‍കിയ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ജസ്റ്റിസ് AM.ഖാന്‍വീല്‍ക്കര്‍ അദ്ധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുക. ഹൈക്കോടതി ശിവശങ്കറിന് നല്‍കിയ ജാമ്യം ഉടന്‍ റദ്ദാക്കാന്‍ കോടതി വിസമ്മതിച്ചിരുന്നു. ശിവശങ്കര്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയ സാഹചര്യത്തില്‍ വീണ്ടും ജയിലിലേക്ക് അയക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു. സര്‍ക്കാരിലെ സ്വാധീനം ഉപയോഗിച്ച്‌ ശിവശങ്കര്‍ കേസ് അന്വേഷണം അട്ടിമറിക്കും എന്നാണ് ഇ.ഡി ഉയര്‍ത്തുന്ന പ്രധാന ആരോപണം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!