KSDLIVENEWS

Real news for everyone

തമിഴ്നാട്, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളില്‍ പ്രളയം തുടരുന്നു

SHARE THIS ON

തമിഴ്നാട്, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളില്‍ പ്രളയം തുടരുന്നു. ആന്ധ്രാപ്രദേശ് ചിറ്റൂര്‍ ജില്ലയിലെ രായലചെരുവു അണക്കെട്ടില്‍ നാലിടത്തുണ്ടായ വിള്ളല്‍, പ്രദേശത്തെ ഭീതിയിലാക്കിയിട്ടുണ്ട്.

18 വില്ലേജുകളിലെ ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് മാറ്റി. അണക്കെട്ടില്‍ നിന്നും നീരൊഴുക്ക് വലിയ തോതില്‍ ഉണ്ടായാല്‍ തിരുപ്പതി ഉള്‍പ്പെടെയുള്ള നൂറിലധികം വില്ലേജുകളെ സാരമായി ബാധിയ്ക്കും.

രണ്ടു ദിവസം മഴയ്ക്ക് ശമനമുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. എന്നാല്‍, അനന്ത്പൂര്‍, ചിറ്റൂര്‍, കടപ്പ ജില്ലകളിലെ വിവിധ മേഖലകളില്‍ ഇന്നലെ രാത്രിയും മഴയുണ്ടായി. ഔദ്യോഗിക കണക്കുകള്‍ പ്രകാരം 41 പേരാണ് ഇതുവരെ സംസ്ഥാനത്ത് മരിച്ചത്. 27 മുതല്‍ ഡിസംബര്‍ രണ്ടുവരെ ആന്ധ്രയിലെ ഈ മേഖലകളില്‍ തന്നെ ശക്തമായ മഴയുണ്ടാകുമെന്ന മുന്നറിയിപ്പുമുണ്ട്.

തമിഴ്നാട്ടില്‍ 25 മുതല്‍ 27 വരെ ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപം കൊള്ളുന്ന സാഹചര്യത്തിലാണ് ജാഗ്രതാ നിര്‍ദ്ദേശം. സംസ്ഥാനത്തിന്റെ തീരദേശ മേഖലകളിലും വെല്ലൂര്‍, കാഞ്ചീപുരം, ചെങ്കല്‍പേട്ട്, വിഴിപ്പുരം, സേലം, ഈറോഡ് ജില്ലകളിലും ഒറ്റപ്പെട്ട കനത്ത മഴ പെയ്യുന്നുണ്ട്. വെല്ലൂര്‍, വിഴിപ്പുരം ജില്ലകളിലെ വിവിധ മേഖകളില്‍ വെള്ളക്കെട്ട് തുടരുകയാണ്.

കര്‍ണാടകയില്‍ വരുന്ന നാലുദിവസങ്ങള്‍ കൂടി ശക്തമായ മഴ പെയ്യുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ അറിയിച്ചു. കോലാര്‍, ചിക്ബല്ലാപ്പൂര്‍ മേഖലയില്‍ വ്യാപകമായ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. രണ്ടുദിവസമായി ബംഗളൂരു നഗരത്തിലും ശക്തമായ മഴയുണ്ട്. പുതുച്ചേരി, കാരയ്ക്കാല്‍ മേഖലകളിലും മഴ മുന്നറിയിപ്പ് തുടരുന്നുണ്ട്. നഗരത്തിലെ വെള്ളക്കെട്ട് പൂര്‍ണമായി ഒഴിവാക്കാന്‍ ഇനിയും സാധിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!