KSDLIVENEWS

Real news for everyone

ലാബ് പരിശോധനയിൽ 2 തവണ നെഗറ്റീവ്, വിമാനത്താവളത്തിൽ 2 തവണ പോസിറ്റീവ്; ടിക്കറ്റിനത്തിൽ നഷ്ടമായത് 40,000

SHARE THIS ON

തളങ്കര ∙ വിദേശ യാത്രയ്ക്കായി ലാബിൽ പരിശോധിച്ചപ്പോൾ കോവിഡ് നെഗറ്റീവായ യുവാവിന് വിമാനത്താവളത്തിലെ പരിശോധനയിൽ കോവിഡ് പോസിറ്റീവ്. ഒരു തവണയല്ല, രണ്ടാഴ്ചത്തെ ഇടവേളയിൽ രണ്ടു തവണ. തളങ്കര സ്വദേശിയായ അജ്മൽ സിനാനാണു ദുരനുഭവമുണ്ടായത്. ഈ മാസം തുടക്കത്തിൽ കൊച്ചിയിൽ നിന്നു ദുബായിലേക്കു പോകാനാണ് അജ്മൽ ആദ്യം ടിക്കറ്റെടുത്തത്. കാസർകോട് ലാബിൽ പരിശോധിച്ചപ്പോൾ കോവിഡ് നെഗറ്റീവ്. എന്നാൽ വിമാനത്താവളത്തിലെത്തി റാപ്പിഡ് പരിശോധന നടത്തിയപ്പോൾ പോസിറ്റീവായി. യാത്ര മുടങ്ങി.

എന്തെങ്കിലും പുറത്ത് സമ്പർക്കം ഉണ്ടായതിനാലാകും ഇങ്ങനെ സംഭവിച്ചതെന്നു കരുതി 10 ദിവസത്തോളം ക്വാറന്റീനിലിരുന്നു. ശേഷം ഈ മാസം 20ന് കാസർകോട് ലാബിൽ വീണ്ടും പരിശോധിച്ചു. കോവിഡ് നെഗറ്റീവ് എന്നു സ്ഥിരീകരിച്ചു. ഇത്തവണ ടിക്കറ്റ് ബുക്ക് ചെയ്തത് കരിപ്പൂർ വിമാനത്താവളത്തിൽ നിന്നാണ്. 21ന് ഉച്ചയ്ക്ക് വിമാനത്താവളത്തിലെത്തി. റാപ്പിഡ് പരിശോധനയിൽ വീണ്ടും പോസിറ്റീവ്. 24 മണിക്കൂർ മുൻപ് ആർടിപിസിആർ പരിശോധനയിൽ ഫലം നെഗറ്റീവായിരുന്നു. തുടർന്ന് വിമാനത്താവള അധികൃതരെ അജ്മൽ വിവരങ്ങളറിയിച്ചു.

രണ്ടാമത് വീണ്ടും റാപ്പിഡ് ടെസ്റ്റ് നടത്തിയെങ്കിലും പോസിറ്റീവ് എന്നു തന്നെ കാണിച്ചു. വിമാന ടിക്കറ്റ് മറ്റൊരു ദിവസത്തേക്കു മാറ്റി നൽകാനോ, തുക റീഫണ്ട് ചെയ്യാനോ ആവശ്യപ്പെട്ടെങ്കിലും സാധിക്കില്ലെന്നറിയിച്ചു. വീട്ടിലേക്കു മടങ്ങാനാണ് അധികൃതർ നിർദേശിച്ചത്. രണ്ടു തവണയായി നഷ്ടമായത് 40,000 രൂപയോളം. ആർടിപിസിആർ പരിശോധനയിൽ ചിലർക്ക് 30 ദിവസത്തിനു ശേഷം പോലും പോസിറ്റീവ് കാണിച്ചിട്ടുണ്ടെന്ന് ഡോക്ടർമാർ പറയുന്നു. എന്നാൽ റാപ്പിഡ് പരിശോധനയിൽ ഇതു സംഭവിക്കാറില്ലെന്നും ഇവർ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!