‘ഏത് നിമിഷവും യുദ്ധമുണ്ടാകാം’; യൂറോപ്പിലൊന്നാകെ റഷ്യയുടെ അധിവേശ നീക്കമെന്ന് യുക്രൈന് പ്രസിഡന്റ്

യൂറോപ്പിലാകെ അധിനിവേശത്തിനാണ് റഷ്യ ശ്രമിക്കുന്നതെന്ന് യുക്രൈന് പ്രസിഡന്റ് വ്ലോദ്മിര്‍ സെലന്‍സ്കി. ഏതുനിമിഷവും യുദ്ധമുണ്ടായാക്കാമെന്നും അദ്ദേഹം പറഞ്ഞു.
യുക്രൈന് ശക്തമായ പ്രതിരോധം തീര്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
നാറ്റോ സൈനിക ശക്തികള്‍ സഹായിച്ചില്ലെങ്കില്‍ റഷ്യയുമായി ഒറ്റയ്ക്ക് പൊരുതി നില്‍ക്കാനുള്ള ശക്തി തങ്ങള്‍ക്കുണ്ടെന്നും വ്ലോദ്മിര്‍ സെലന്‍സ്കി അവകാശപ്പെട്ടു. അതേസമയം, യുക്രൈനില്‍ ഏത് നിമിഷവും യുദ്ധം ഉണ്ടാകുമെന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും മുന്നറിയിപ്പ് നല്കി. സ്ഥിതിഗതികള്‍ സങ്കീര്‍ണമാകുന്ന സാഹചര്യത്തില്‍ യു.എന്‍ സുരക്ഷാകൗണ്‍സില്‍ ഇന്ന് വീണ്ടും യോഗം ചേരും.
യുദ്ധഭീതിയുടെ പശ്ചാത്തലത്തില്‍ യുക്രൈനിന്റെ പലഭാഗത്ത് നിന്നും കൂട്ടപലായനങ്ങള്‍ ആരംഭിച്ചതായും റിപ്പോര്‍ട്ടുകള്‍ വരുന്നു. നിലവിലെ സാഹചര്യത്തില്‍ രാജ്യത്ത് 30 ദിവസത്തെ അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചിരുന്നു.
അതിനിടെ, പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ റഷ്യ കൂടുതല്‍ സേനയെ വിന്യസിക്കുന്ന സാറ്റലൈറ്റ് ദൃശ്യങ്ങളും പുറത്ത് വന്നു. അതിര്‍ത്തിയില്‍ രണ്ട് ലക്ഷം സൈനികരെ റഷ്യ വിന്യസിച്ചെന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.
റഷ്യന്‍ നടപടിയില്‍ കടുത്ത നിലപാടെടുക്കാനാണ് അമേരിക്കയുടെയും യൂറോപ്യന്‍ രാജ്യങ്ങളുടെയും തീരുമാനം. വിഷയത്തില്‍ റഷ്യയോട് വിട്ടുവീഴ്ചക്കില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് വ്യക്തമാക്കിയിരുന്നു. നയതന്ത്ര ചര്‍ച്ചയ്ക്ക് റഷ്യ ഇപ്പോഴും തയ്യാറാണെന്നും എന്നാല്‍, റഷ്യയുടെ താത്പര്യങ്ങള്‍ ബലികഴിക്കുന്ന ഒരു ഒത്തുതീര്‍പ്പും സാധ്യമല്ലെന്നുമാണ് പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്റെ നിലപാട്.

