4173 യുദ്ധവിമാനങ്ങള്‍, 605 പടക്കപ്പലുകള്‍; റഷ്യക്കു മുന്നില്‍ വിയര്‍ക്കും യുക്രെയ്ൻ

ലോകത്തെ തന്നെ ഏറ്റവും വലിയ സൈനിക ശക്തികളിലൊന്നായ റഷ്യ, യുക്രെയ്ന്‍ ആക്രമിച്ചാല്‍ എന്തു സംഭവിക്കുമെന്നതാണ് ലോകം ഉറ്റുനോക്കുന്നത്. എട്ടര ലക്ഷത്തോളം സൈനികര്‍ റഷ്യയ്ക്കു വേണ്ടി പോര്‍ക്കളത്തില്‍ എത്തുമ്പോള്‍ രണ്ടു ലക്ഷം സൈനികര്‍ മാത്രമാണ് യുക്രെയ്‌നുള്ളത്.

റഷ്യയ്ക്ക് 4173 യുദ്ധവിമാനങ്ങള്‍ ഉള്ളപ്പോള്‍ യുക്രെയ്‌നുള്ളത് വെറും 318 എണ്ണമാണ്. ആക്രമണ വിമാനം റഷ്യയ്ക്ക് 772 എണ്ണവും യുക്രെയ്‌ന് 69 എണ്ണവും. റഷ്യന്‍ പോരാട്ടത്തില്‍ നിര്‍ണായകമാകുന്ന ടാങ്കുകളുടെ എണ്ണം 12,420 ആണ്. യുക്രെയ്‌നുള്ളത് വെറും 2596 എണ്ണം. റഷ്യയ്ക്ക് 605 യുദ്ധക്കപ്പലുകള്‍ ഉള്ളപ്പോള്‍ യുക്രെയ്‌ന്റെ പക്കലുള്ളത് വെറും 38 എണ്ണമാണ്.
ലോകത്തെ രണ്ടാമത്തെ സൈനിക ശക്തിയായ റഷ്യയുടെ ആക്രമണത്തെ നേരിടാന്‍ 22-ാമത്തെ സൈനിക ശക്തി മാത്രമായ യുക്രെയ്ന്‍ ആശ്രയിക്കുന്നത് യുഎസും നാറ്റോയും നല്‍കുന്ന ആയുധങ്ങളാണ്. യുക്രെയ്ന്‍ നാറ്റോ അംഗമല്ലെങ്കിലും ആ രാജ്യത്തിനു പിന്‍വാതിലിലൂടെ പ്രതിരോധ സാമഗ്രികള്‍ വിതരണം ചെയ്യുന്നത് നാറ്റോയാണ്. കരസേനയ്ക്കുള്ള മിസൈലുകളാണ് നല്‍കിയതിലേറെയും.
യുക്രെയ്ന്‍ അതിര്‍ത്തിയില്‍ ഒരു ലക്ഷത്തിലേറെ സൈനികരാണ് തമ്പടിച്ചിരിക്കുന്നത്. മി28 ആക്രമണ ഹെലികോപ്റ്റര്‍, ടി90 മൂന്നാം തലമുറ ടാങ്ക്, രകുഷ്‌ക കവചിത വാഹനം, ഇസ്‌കാന്‍ഡര്‍ ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈല്‍, ഉറാഗന്‍ എം റോക്കറ്റ് ലോഞ്ചര്‍ എന്നിവയാണ് റഷ്യയുടെ കരുത്ത്. നാറ്റോ അംഗമായ എസ്‌തോണിയ വഴി നല്‍കിയ എഫ്ജിഎം-148 ജവ്‌ലിന്‍ യുഎസ് നിര്‍മിത ടാങ്ക് വേധ മിസൈലുകളാണ് യുക്രെയ്ന്‍ പോരാട്ടത്തില്‍ നിര്‍ണായകം. ലക്ഷ്യസ്ഥാനം സ്വയം കണ്ടെത്തി കുതിക്കുന്ന ഓട്ടമാറ്റിക് യുഎസ് നിര്‍മിത മിസൈലുകളാണിത്.
ബ്രിട്ടന്‍, സ്വീഡന്‍ സംയുക്തമായി വികസിപ്പിച്ച എന്‍ലോ ടാങ്ക് വേധ മിസൈലുകള്‍ 200 എണ്ണമാണ് യുക്രെയ്‌നിലേക്ക് അയച്ചിരിക്കുന്നത്. ഇതിനു പുനമോ തീരസേന നിരീക്ഷണത്തിനുള്ള ബോട്ടുകള്‍, സ്‌നൈപ്പര്‍ റൈഫിള്‍സ്, നിരീക്ഷണ ഡ്രോണുകള്‍, റഡാറുകള്‍, രാത്രി കാഴ്ച ഉപകരണങ്ങള്‍, റേഡിയോ സംവിധാനം തുടങ്ങിയവ അടക്കും 250 കോടി ഡോളറിന്റെ സൈനിക സഹായമാണ് 2014ന് ശേഷം യുഎസ് യുക്രെയ്‌ന് നല്‍കിയിട്ടുള്ളത്.

