KSDLIVENEWS

Real news for everyone

60 സീറ്റ്, 4000 അപേക്ഷകൾ; ശാസ്ത്ര വിഷയമില്ലാതെ കാസർകോടിന്റെയും മഞ്ചേശ്വരത്തിന്റെയും ഇടയിലുള്ള തീരദേശം

SHARE THIS ON

കാസർകോട്: സയൻസ് വിഷയം എടുത്തു പഠിക്കാൻ സീറ്റില്ലാതെ മഞ്ചേശ്വരം മണ്ഡലത്തിലെ തീരദേശ വിദ്യാർഥികൾ. 60 സീറ്റിനു 4000 അപേക്ഷകൾ ഉണ്ടായിരിക്കെ ആഗ്രഹിച്ച വിഷയങ്ങൾ ലഭിക്കാതെ പാഴാകുന്ന പഠനകാലമാണ് കുട്ടികൾക്ക് എന്ന് മലബാർ എജുക്കേഷൻ മൂവ്മെന്റ് നടത്തിയ പഠനത്തിൽ പറയുന്നു. കാസർകോടിന്റെയും മഞ്ചേശ്വരത്തിന്റെയും ഇടയിലുള്ള തീരദേശ പ്രദേശത്ത് ജീവശാസ്ത്രം ഉൾപ്പെടെയുള്ള സയൻസ് വിഷയങ്ങൾ എടുത്തു പ്ലസ് ടു പഠിക്കാൻ ഒരേ ഒരു സ്കൂൾ മാത്രം. ഹയർ സെക്കൻഡറി സ്കൂളുകളായ മൊഗ്രാൽ, ഷിറിയ, മംഗൽപാടി, ഉപ്പള എന്നിവിടങ്ങളിലൊന്നും സയൻസ് ബാച്ചില്ല. ആകെ ഒന്നുള്ളത് കുമ്പളയിൽ മാത്രം. തൊട്ടടുത്ത മൊഗ്രാൽ പുത്തൂരിൽ സയൻസ് ഉണ്ടെങ്കിലും അത് ബയോളജി ഇല്ലാത്ത കോഴ്സാണ്. അതുകൊണ്ട് തന്നെ കുമ്പള ഹയർ സെക്കൻഡറി സ്കൂളിൽ കഴിഞ്ഞ വർഷം 60 സീറ്റുകളിൽ നാലായിരത്തിനടുത്ത് അപേക്ഷകരുണ്ടായി. ഫുൾ എ പ്ലസ് കുട്ടികൾക്ക് വരെ അഡ്മിഷൻ കിട്ടുന്നില്ല.ജില്ലയിലെ തന്നെ ഏറ്റവും മികച്ച സയൻസ് ലാബ് സൗകര്യം സ്കൂളിന് വേണ്ടി ഒരുക്കി ഒരു അധിക സയൻസ് ബാച്ചിനു വേണ്ടി നാട്ടുകാർ അപേക്ഷ കൊടുത്തെങ്കിലും കിട്ടിയത്അപേക്ഷിക്കാത്ത കോമേഴ്‌സ്. കുമ്പള, അംഗടിമൊഗർ, സൂരംബയൽ, കൊടിയമ്മ, മൊഗ്രാൽ, ഷിറിയ എന്നീ ഹൈസ്കൂളുകളിൽ നിന്നുള്ള വിദ്യാർഥികൾക്കു ഏറ്റവും അടുത്തായി ഈ ഒരു സയൻസ് ബാച്ച് മാത്രമേ ഉള്ളൂ. മഞ്ചേശ്വരം മണ്ഡലത്തിലെ പുത്തിഗെ, മീഞ്ച, വോർക്കാടി പഞ്ചായത്തുകളിലെ ഹയർ സെക്കൻഡറി സ്‌കൂളുകളിൽ ഒരൊറ്റ സയൻസ് ബാച്ച് പോലുമില്ല. ജില്ലയിൽ 116 ഹയർ സെക്കൻഡറി സ്‌കൂളുകളിൽ 74 ഇടത്ത് (64 ശതമാനം)മാത്രം, തൊട്ടടുത്ത കാസർകോട് മണ്ഡലത്തിൽ 16 ഹയർ സെക്കൻഡറി സ്കൂളുകളിൽ 12 ഇടത്തു (75%) സയൻസ് പഠന സൗകര്യം ഉള്ളപ്പോൾ മഞ്ചേശ്വരം മണ്ഡലത്തിൽ 16 ൽ ആറ് ഇടത്ത് (37.50%) മാത്രമേ സൗകര്യം ഉള്ളൂ. സംസ്ഥാനത്ത് വലിയ പഞ്ചായത്തുകളിൽ നാലും അഞ്ചും ഹയർ സെക്കൻഡറി സ്കൂളുകളിൽ സയൻസ് ബാച്ചുകൾ ഉള്ളപ്പോൾ മംഗൽപാടി, കുമ്പള പോലുള്ള ജന സാന്ദ്രതയുള്ള പഞ്ചായത്തുകളിൽ ഓരോ ബാച്ചുകൾ മാത്രമാണെന്ന് എജുക്കേഷനൽ മൂവ്മെന്റ് പ്രവർത്തകൻ നിസാർ പെറുവാട് പറഞ്ഞു. കുമ്പള സ്കൂളിൽ ഒരു അധിക ബാച്ചായും മൊഗ്രാൽ, ഉപ്പള, മംഗൽപാടി എന്നീ സ്കൂളുകളിൽ പുതുതായും ബയോളജി അടക്കമുള്ള സയൻസ് ക്ലാസുകൾ ഈ അധ്യയന വർഷമെങ്കിലും തുടങ്ങണമെന്നാണ് ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!