KSDLIVENEWS

Real news for everyone

മണിപ്പുര്‍: കൊല്ലപ്പെട്ടത് 175 പേര്‍, നാടുവിട്ടത് 60,000 പേര്‍; യു.എസ് വിദേശകാര്യവകുപ്പിന്റെ റിപ്പോർട്ട്

SHARE THIS ON

ന്യൂഡൽഹി: മണിപ്പുരിൽ മേയ് മൂന്നിനും നവംബർ 15-നും ഇടയിൽ 175 പേർ കൊല്ലപ്പെട്ടതായും അറുപതിനായിരം പേർക്ക് സ്ഥലം വിടേണ്ടിവന്നതായും മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തെന്ന് അമേരിക്കൻ വിദേശകാര്യ വകുപ്പിന്റെ റിപ്പോർട്ട് പറയുന്നു.  അക്രമം തടയുന്നതിലും ഉദ്യോഗസ്

ഥരെ നിയോഗിച്ച് അന്വേഷിക്കുന്നതിലും മാനുഷികസഹായമെത്തിക്കുന്നതിലും വീടുകളും ആരാധനാലയങ്ങളും പുനർനിർമിച്ചുനൽകുന്നതിലും കേന്ദ്രസർക്കാരിനും മണിപ്പുർസർക്കാരിനുമുണ്ടായ വീഴ്ചകളെ സുപ്രീംകോടതി വിമർശിച്ചതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടി. അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന്റെ ബ്യൂറോ ഓഫ് ഡെമോക്രസി, ഹ്യൂമൻ റൈറ്റ്‌സ് ആൻഡ് ലേബർ വിഭാഗമാണ് 2023-ലെ കൺട്രി റിപ്പോർട്ട്‌സ് ഓൺ ഹ്യൂമൻ റൈറ്റ്‌സ് പ്രാക്ടീസസ് പുറത്തുവിട്ടത്.

വിവിധ രാജ്യങ്ങളിലെ മനുഷ്യാവകാശവിഷയങ്ങളാണ് റിപ്പോർട്ടിന്റെ ഉള്ളടക്കം. മാധ്യമങ്ങൾ, പൗരസംഘടനകൾ, സന്നദ്ധസംഘടനകൾ തുടങ്ങിയവയുടെ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. ഇത്തരം റിപ്പോർട്ടുകൾക്കെതിരേ നേരത്തേ ഇന്ത്യ കടുത്ത വിമർശനമുയർത്തിയിരുന്നു. ഇന്ത്യയെ അപകീർത്തിപ്പെടുത്താനായി വസ്തുതാവിരുദ്ധമായ റിപ്പോർട്ടുകൾ പുറത്തുവിടുന്നെന്നാണ് അന്ന് സർക്കാർ പ്രതികരിച്ചത്. രാജ്യത്ത് പൗരസംഘടനകൾ, മുസ്‌ലിം, സിഖ് തുടങ്ങിയ മതന്യൂനപക്ഷങ്ങൾ, പ്രതിപക്ഷപാർട്ടികൾ തുടങ്ങിയവയ്ക്കെതിരേ തെറ്റായവിവരങ്ങൾ പ്രചരിപ്പിക്കുന്ന തന്ത്രം പ്രയോഗിക്കുകയും ഇവർക്കുനേരേ സുരക്ഷാഭീഷണി ഉയർത്തുകയും ചെയ്യുന്നതായി പൗരസംഘടനകൾ റിപ്പോർട്ടുചെയ്യുന്നതായി അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് റിപ്പോർട്ടിൽ പറയുന്നു.

ബി.ബി.സി.യുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ നടത്തിയ ആദായനികുതി റെയ്‌ഡുകളെക്കുറിച്ചും റിപ്പോർട്ടിൽ പരാമർശങ്ങളുണ്ട്. റെയ്‌ഡിന് ഔദ്യോഗികകാരണമായി ചൂണ്ടിക്കാട്ടിയത് നികുതിയടയ്ക്കുന്നതിലെ വീഴ്ചകളാണ്. എന്നാൽ, വിഷയവുമായി ഒരുബന്ധവുമില്ലാത്ത പത്രപ്രവർത്തകരുടെ ഉപകരണങ്ങൾ പിടിച്ചെടുക്കുകയും തിരച്ചിൽ നടത്തുകയും ചെയ്തെന്ന് റിപ്പോർട്ട് നിരീക്ഷിക്കുന്നു. ജമ്മുകശ്മീരിൽ പത്രപ്രവർത്തകർക്കും മനുഷ്യാവകാശപ്രവർത്തകർക്കുംനേരേ നടക്കുന്ന പലതരത്തിലുള്ള അന്വേഷണങ്ങളെക്കുറിച്ച് റിപ്പോർട്ട് പ്രതിപാദിക്കുന്നുണ്ട്. അതേസമയം, ഇന്ത്യയും അമേരിക്കയും തമ്മിൽ ജനാധിപത്യം, മനുഷ്യാവകാശം തുടങ്ങിയ വിഷയങ്ങളിൽ നിരന്തരം ബന്ധപ്പെടുകയും ചർച്ച നടത്തുകയും ചെയ്യുന്നുണ്ടെന്ന് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന്റെ ബ്യൂറോ ഓഫ് ഡെമോക്രസി വിഭാഗത്തിലെ ഉന്നതോദ്യോഗസ്ഥൻ റോബർട്ട് എസ്. ഗിൽക്രൈസ്റ്റ് വാഷിങ്‌ടണിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!