KSDLIVENEWS

Real news for everyone

നിങ്ങളുടെ സ്വത്ത് മക്കൾക്ക് ലഭിക്കില്ല, കോൺഗ്രസ് അത് തട്ടിയെടുക്കും; പിത്രോദയുടെ പരാമർശത്തിൽ മോദി

SHARE THIS ON



റായ്പുര്‍: അമേരിക്കന്‍ മാതൃകയിലുള്ള ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് (പാരമ്പര്യ സ്വത്തിന്മേലുള്ള നികുതി) സംബന്ധിച്ച് കോൺഗ്രസ് നേതാവ് സാം പിത്രോദ നടത്തിയ പരാമര്‍ശത്തില്‍ കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഏറ്റവും ഉയര്‍ന്ന നികുതി ഏര്‍പ്പെടുത്തി സ്വന്തം പണപ്പെട്ടി നിറയ്ക്കലാണ് കോണ്‍ഗ്രസ് ലക്ഷ്യമെന്ന് അദ്ദേഹം ഛത്തീസ്ഗഢിലെ സുര്‍ഗുജയില്‍ പറഞ്ഞു.

കഷ്ടപ്പെട്ട് സമ്പാദിച്ച സ്വത്ത് മക്കള്‍ക്ക് കൈമാറാന്‍ ജനങ്ങളെ കോണ്‍ഗ്രസ് അനുവദിക്കുന്നില്ലെന്നും മോദി ആരോപിച്ചു. ഇടത്തരക്കാര്‍ക്കു മേല്‍ കൂടുതല്‍ നികുതി ഏര്‍പ്പെടുത്തണമെന്ന് രാജകുമാരന്റെയും രാജകുടുംബത്തിന്റെയും ഉപദേശകന്‍ കുറച്ചുകാലം മുന്‍പ് പറഞ്ഞിരുന്നു, സാം പിത്രോദയെ പരോക്ഷമായി സൂചിപ്പിച്ച് മോദി പറഞ്ഞു.

കോണ്‍ഗ്രസ് പറയുന്നു പാരമ്പര്യ സ്വത്ത് നികുതി ഏര്‍പ്പെടുത്തുമെന്ന്. മാതാപിതാക്കളില്‍നിന്ന് കൈമാറിക്കിട്ടുന്ന പാരമ്പര്യസ്വത്തിന്മേല്‍ നികുതി ഏര്‍പ്പെടുത്തുമെന്നും. നിങ്ങള്‍ കഠിനാധ്വാനത്തിലൂടെ സ്വരുക്കൂട്ടുന്ന ധനം നിങ്ങളുടെ മക്കള്‍ക്ക് ലഭിക്കില്ല. പകരം, കോണ്‍ഗ്രസിന്റെ കരാളഹസ്തങ്ങള്‍ അത് നിങ്ങളില്‍നിന്ന് തട്ടിയെടുക്കും. കോണ്‍ഗ്രസിന്റെ അപകടകരമായ ഉദ്ദേശ്യമാണ് പിത്രോദയുടെ പരാമര്‍ശങ്ങളിലൂടെ പുറത്തെത്തിയതെന്നും മോദി പറഞ്ഞു.

വിഷയത്തില്‍ കോണ്‍ഗ്രസിനെ മോദി അതിരൂക്ഷമായി പരിഹസിക്കുകയും ചെയ്തു. കോണ്‍ഗ്രസിന് ഒരു മന്ത്രമേ ഉള്ളൂ. അത് ആളുകളെ ജീവിച്ചിരിക്കുമ്പോഴും കൊള്ളയടിക്കുക, മരിച്ചതിനു ശേഷവും കൊള്ളയടിക്കുക എന്നതാണ്. എല്‍.ഐ.സിയുടെ ജീവിതത്തിനൊപ്പവും ജീവിതത്തിനു ശേഷവും എന്ന പ്രചാരണവാക്യത്തെ കൂട്ടുപിടിച്ച് മോദി പറഞ്ഞു. കോണ്‍ഗ്രസ് പാര്‍ട്ടി മുഴുവന്‍ പൈതൃകസ്വത്താണെന്ന് കരുതുകയും മക്കളിലേക്ക് കൈമാറുകയും ചെയ്യുന്നവര്‍ ഇന്ത്യക്കാര്‍ അവരുടെ മക്കള്‍ക്ക് സ്വത്ത് കൈമാറുന്നതിനെ എതിര്‍ക്കുകയാണ്, മോദി പരിഹസിച്ചു.

വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു പിത്രോദ അമേരിക്കയിലെ ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് നയത്തേക്കുറിച്ച് പരാമര്‍ശം നടത്തിയത്. ഒരാള്‍ മരിക്കുമ്പോള്‍ അയാളുടെ സമ്പത്തിന്റെ ഒരു ഭാഗം പിന്‍ഗാമികള്‍ക്കും മറ്റൊരു ഭാഗം സര്‍ക്കാരിലേക്കുമാണ് കൈമാറ്റം ചെയ്യപ്പെടുന്നതെന്നും അത് സമ്പത്തിന്‍റെ പുനര്‍വിതരണത്തിന് മാതൃകയാണെന്നുമായിരുന്നു പിത്രോദ പറഞ്ഞത്.

അമേരിക്കയിലെ ഇൻഹെറിറ്റൻസ് ടാക്സ് നയത്തേക്കുറിച്ച് സൂചിപ്പിച്ചുകൊണ്ട് വിഷയത്തിൽ കോൺഗ്രസിന്‍റെ നിലപാട് വിശദീകരിക്കുകയായിരുന്നു പിത്രോദ. ഇന്ത്യയില്‍ ഇത്തരം നയമില്ലെന്നും ധനികനായ ഒരാള്‍ മരിച്ചാല്‍ പണം മുഴുവന്‍ മക്കള്‍ക്കാണ് കിട്ടുകയെന്നും പൊതുജനത്തിന് യാതൊന്നും ലഭിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. സമ്പത്തിന്‍റെ പുനർവിതരണത്തിന് ഇന്ത്യയ്ക്ക് പുതിയ നയവും പദ്ധതികളും ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!