KSDLIVENEWS

Real news for everyone

ആദിലിന്‌ രക്ഷപ്പെടാമായിരുന്നു: ‘എന്തിനീ പാവങ്ങളെ കൊല്ലുന്നു’ എന്നചോദ്യം ഭീകരരെ പ്രകോപിപ്പിച്ചു

SHARE THIS ON

ശ്രീനഗര്‍: കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു സയ്യിദ് ആദില്‍ ഹുസൈന്‍ ഷാ. പഹല്‍ഗാമിലെ കുതിരസവാരിക്കാരന്‍. പ്രദേശത്തെ ഭീകരാക്രമണ വിവരമറിഞ്ഞ് പിതാവ് ഹൈദര്‍ഷാ ഉച്ചയ്ക്ക് മൂന്നുമണിക്ക് ആദിലിന്റെ ഫോണില്‍ വിളിച്ചുനോക്കി. സ്വിച്ച്ഡ് ഓഫാണ്. ആധികയറി അദ്ദേഹം പലവട്ടം വിളിച്ചിട്ടും പ്രതികരണമില്ല. വൈകീട്ട് 4.30 ആയതോടെ ഫോണ്‍ ഓണായി. പക്ഷേ, മറുപുറത്തുനിന്ന് മറുപടിയൊന്നുമില്ല. സമാധാനമില്ലാതെ അദ്ദേഹം പോലീസ് സ്‌റ്റേഷനിലേക്കോടി വിവരമന്വേഷിച്ചപ്പോള്‍ മകന് പരിക്കുപറ്റിയെന്നറിഞ്ഞു. വൈകാതെ മകന്‍ പോയി എന്ന സങ്കടവാര്‍ത്തയുമെത്തി. കുടുംബത്തിന്റെ ഏക അത്താണിയായ അവന്‍ ഒരു പാവമായിരുന്നെന്ന് പറഞ്ഞ് വിലപിക്കുന്ന പിതാവിനെ ആശ്വസിപ്പിക്കാന്‍ പലരും പാടുപെട്ടു. മകന്റെ മരണത്തില്‍ നീതി കിട്ടണമെന്നും ആ പിതാവ്‌ ആവശ്യപ്പെടുന്നു. അവനില്ലാതെ ഇനി എങ്ങനെ കഴിയുമെന്നു പറഞ്ഞ് തൊട്ടപ്പുറത്ത് മാതാവുമുണ്ട്.

പഹല്‍ഗാം ഭീകരാക്രമണത്തിന്റെ ഇരയാണ് ആദില്‍ ഹുസൈന്‍ ഷായും. കൊല്ലപ്പെട്ടവരിലെ ഏക മുസ്ലിമും കശ്മീരില്‍നിന്നുള്ള ഏക വ്യക്തിയുമാണ്. പ്രദേശത്തു വരുന്ന ടൂറിസ്റ്റുകള്‍ക്ക് കുതിര സവാരി നടത്തിയായിരുന്നു ഉപജീവനം. കൊല്ലപ്പെടുന്ന അന്നും പതിവുപോലെ രാവിലെ എട്ടുമണിക്ക് വീട്ടില്‍നിന്നിറങ്ങിയതാണ്. ആദിലിന് സ്വന്തമായി കുതിരയുണ്ടായിരുന്നില്ല. ഒരുദിവസം സവാരി നടത്തിയാല്‍ നാന്നൂറോ അഞ്ഞൂറോ രൂപ ലഭിക്കും. അതുകൊണ്ടായിരുന്നു കുടുംബം പോറ്റിയിരുന്നത്.

കുതിരപ്പുറത്ത് വിനോദ സഞ്ചാരികളെ കയറ്റിക്കൊണ്ടുപോകുന്നതിനിടെയാണ് ആക്രമണമുണ്ടായത്. തന്റെ കുതിരപ്പുറത്തിരിക്കുന്ന യാത്രികരെ വെടിവെച്ച് കൊല്ലാന്‍ തുനിഞ്ഞപ്പോള്‍ തോക്ക് തട്ടിയെടുക്കാന്‍ ശ്രമിച്ചതായിരുന്നു ആദില്‍. അതോടെ ആദിലിനുനേരെ വെടിയുതിര്‍ത്തു. അങ്ങനെ തന്റെ കുതിരയില്‍ കയറിയവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അയാള്‍ സ്വയം രക്തസാക്ഷിയായി. പേരും കലിമയും ചൊല്ലിയാല്‍ രക്ഷപ്പെടാമായിരുന്ന അദ്ദേഹം, എന്തിനാണ് ഈ പാവങ്ങളെ കൊല്ലുന്നതെന്ന് ചോദിച്ചതാണ് തീവ്രവാദികളെ പ്രകോപിപ്പിച്ചത്.

ബൈസരണില്‍നിന്ന് 35 കിലോമീറ്റര്‍ അപ്പുറത്ത് ഹപത് നാറിലെ ഒറ്റനില വീട്ടിലാണ് ആദില്‍ കഴിഞ്ഞിരുന്നത്. ഭാര്യയും മാതാപിതാക്കളും അഞ്ച് ഇളയ സഹോദരങ്ങളും ഉള്‍പ്പെടുന്ന നിര്‍ധന കുടുംബം. ആ കുടുംബത്തെയാകെ തോളിലേറ്റിയിരുന്ന ഇരുപത്തൊന്‍പതുകാരനെക്കുറിച്ചായിരുന്നു ആ ഗ്രാമങ്ങളിലെ മുഴുവന്‍ സംസാരം. അവിടെ ഖബറടക്ക ചടങ്ങുകള്‍ക്കായി മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള നേരിട്ടെത്തിയിരുന്നു. ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച അദ്ദേഹം ആദിലിന്റെ കുടുംബത്തിന് പൂര്‍ണ പിന്തുണയും സഹായവും വാഗ്ദാനം ചെയ്തു.

‘ധീരനായിരുന്നു ആദില്‍. വിനോദ സഞ്ചാരികളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അദ്ദേഹം മരിച്ചത്. ഭീകരരില്‍ ഒരാളുടെ തോക്ക് തട്ടിയെടുക്കാന്‍പോലും അയാള്‍ ശ്രമിച്ചതായി കേട്ടു. അതോടെ ആദിലിനെ ലക്ഷ്യംവെച്ച് വെടിയുതിര്‍ക്കുകയായിരുന്നു’- ഒമര്‍ അബ്ദുള്ള പറഞ്ഞു. ആദിലിന്റെ അസാധാരണമായ ധൈര്യവും ത്യാഗവും എന്നെന്നും ഓര്‍മിക്കപ്പെടുമെന്ന് അദ്ദേഹം സാമൂഹിക മാധ്യമമായ എക്‌സിലും കുറിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!