സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഇന്നലെ വൈകീട്ട് ഉയര്‍ന്ന വിലയാണ് രാവിലെ വീണ്ടും ഇടിഞ്ഞത്. 130 രൂപയുടെ കുറവാണ് ഗ്രാമിന് ഇന്നുണ്ടായത്. 14,020 രൂപയായാണ് വില കുറഞ്ഞത്. പവന്് 1040 രൂപയുടെ കുറവുണ്ടായി. 1,12,160 രൂപയാണ് പവന്റെ ഇന്നത്തെ വിപണിവില. ആഗോള വിപണിയില്‍ സ്വര്‍ണവിലയില്‍ കാര്യമായ മാറ്റമുണ്ടായില്ലെങ്കില്‍ വിനിമയ നിരക്കില്‍ ഉള്‍പ്പടെയുണ്ടായ മാറ്റം ഇന്ത്യന്‍ വിപണിയില്‍ പ്രതിഫലിക്കുകയായിരുന്നുവെന്നാണ് വിദഗ്ധരുടെ നിഗമനം.
അന്താരാഷ്ട്ര വിപണിയില്‍ ഒരു ശതമാനത്തില്‍ താഴെ മാത്രമാണ് സ്വര്‍ണത്തിന്റെ നഷ്ടം. ഔണ്‍സിന് 4,673.94 ഡോളറിലാണ് സ്വര്‍ണം വ്യാപാരം നടത്തുന്നത്. ഇന്നും നഷ്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചാല്‍ ആഗോള വിപണിയില്‍ ഈയാഴ്ച സ്വര്‍ണത്തിന് നഷ്ടക്കണക്കാവും പറയാനുണ്ടാവുക. മിഡില്‍ ഈസ്റ്റില്‍ നിലനില്‍ക്കുന്ന സംഘര്‍ഷ സാഹചര്യവും അതേതുടര്‍ന്ന് എണ്ണവിലയിലുണ്ടാവുന്ന വര്‍ധനവും തന്നെയാണ് സ്വര്‍ണത്തെ സ്വാധീനിക്കുന്ന പ്രധാനഘടകം.
എണ്ണവില ഉയര്‍ന്നതോടെ പല രാജ്യങ്ങളിലും പണപ്പെരുപ്പം ഉയരുകയാണ്. ഈയൊരു സാഹചര്യത്തില്‍ യു.എസിന്റെ ഫെഡറല്‍ റിസര്‍വ് ഉള്‍പ്പടെയുള്ള കേന്ദ്രബാങ്കുകള്‍ പലിശനിരക്ക് കുറക്കാന്‍ സാധ്യതയില്ല. ഇത് ബോണ്ട് നിക്ഷേപത്തെ കൂടുതല്‍ ആകര്‍ഷകമാക്കുന്നുണ്ട്. ഇതാണ് സ്വര്‍ണത്തിന് തിരിച്ചടിയേല്‍ക്കാനുള്ള പ്രധാനകാരണം. നിലവില്‍ 105 ഡോളറിലാണ് ആഗോള വിപണിയില്‍ ബ്രെന്റ് ക്രൂഡോയിലിന്റെ വ്യാപാരം നടത്തുന്നത്.
ഈ സ്ഥിതിയില്‍ മുന്നോട്ട് പോവുകയാണെങ്കില്‍ ആഗോള വിപണിയില്‍ എണ്ണവില വൈകാതെ 120 ഡോളര്‍ തൊടുമെന്നാണ് പ്രവചനം. എണ്ണവില സാമ്പത്തിക വിദഗ്ധര്‍ പ്രവചിക്കുന്ന രീതിയില്‍ മുന്നോട്ട് പോവുകയാണെങ്കില്‍ അത് സ്വര്‍ണത്തെ കൂടുതല്‍ സമ്മര്‍ദത്തിലാക്കും. പക്ഷേ, മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷം വീണ്ടും രൂക്ഷമാവുകയാണെങ്കില്‍ സുരക്ഷിതനിക്ഷേപമെന്ന നിലയില്‍ ആളുകള്‍ സ്വര്‍ണത്തിലേക്ക് തന്നെ തിരിച്ചെത്താനും സാധ്യതയുണ്ട്.

