സൈബർ അഴിഞ്ഞാട്ടത്തിന് ശക്തമായ മറുപടി വേണം: രാഷ്ട്രീയ സംസ്കാരം സംരക്ഷിക്കപ്പെടണം – പിഡിപി

കാസർകോട്: സ്വതന്ത്ര സ്ഥാനാർഥിയായ ഷാനവാസ് പാദൂർ തെരഞ്ഞെടുപ്പ് രംഗത്ത് സജീവമായ സാഹചര്യത്തിൽ, ചില സൈബർ പ്രവർത്തകർ സാമൂഹ്യമാധ്യമങ്ങളിൽ നടത്തുന്ന അശ്ലീലവും അപകീർത്തികരവുമായ പ്രചാരണങ്ങൾ ഗുരുതരമായ രാഷ്ട്രീയ അധഃപതനത്തിന്റെ ഉദാഹരണമാണെന്ന് പിഡിപി കാസർകോട് ജില്ലാ സെക്രട്ടറി യൂനുസ് തളങ്കര ആരോപിച്ചു.
രാഷ്ട്രീയ ഭിന്നതകളെ ആശയതലത്തിൽ നേരിടാൻ കഴിയാത്തവർ വ്യക്തിപരമായ അധിക്ഷേപങ്ങളിലേക്കും കുടുംബങ്ങളെ വരെ വലിച്ചിഴയ്ക്കുന്ന നാണംകെട്ട ആക്രമണങ്ങളിലേക്കും ഇറങ്ങുന്നതാണ് ഇപ്പോൾ നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മണ്മറഞ്ഞുപോയ രക്ഷിതാക്കളെ പോലും ലക്ഷ്യമിട്ട് അപവാദ പ്രചാരണം നടത്തുന്നത് യാതൊരു രാഷ്ട്രീയ സംസ്കാരവും അംഗീകരിക്കാത്ത ക്രൂരതയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇത്തരം സൈബർ ആക്രമണങ്ങളെ തുറന്നുപറഞ്ഞ് അപലപിക്കാനും, അത് പാർട്ടിയുടെ ഔദ്യോഗിക നിലപാട് അല്ലെന്ന് വ്യക്തമാക്കാനും മുസ്ലിം ലീഗ് നേതൃത്വം തയ്യാറാകണമെന്ന് യൂനുസ് തളങ്കര പറഞ്ഞു. ഈ മൗനം കുറ്റക്കാരെ പ്രോത്സാഹിപ്പിക്കുന്നതും അവരുടെ രാഷ്ട്രീയ സംസ്കാരത്തെക്കുറിച്ച് സമൂഹം ഗൗരവമായി ചിന്തിക്കേണ്ട സാഹചര്യം സൃഷ്ടിക്കുന്നതുമാണെന്നും അദ്ദേഹം വിമർശിച്ചു.
“ബി.ജെ.പി ഡീൽ” എന്ന അടിസ്ഥാനരഹിത ആരോപണങ്ങൾ ഉയർത്തുന്നവർ ആദ്യം സ്വന്തം രാഷ്ട്രീയ ബന്ധങ്ങളും ഇരട്ടത്താപ്പുകളും പരിശോധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. തനി ഹിന്ദുത്വ പശ്ചാത്തലമുള്ള കേരള ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ കാസർകോട് ജില്ലയിൽ എത്തിയപ്പോഴെല്ലാം സ്വീകരണവും ആദരവും നൽകിയതാരാണെന്ന് യാഥാർഥ്യം ജനങ്ങൾ തിരിച്ചറിയുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കാസർകോട് ജില്ലയിലെ വിവിധ രാഷ്ട്രീയ നേതാക്കളുടെ രാഷ്ട്രീയ ഇടപാടുകളെയും പൊതു നിലപാടുകളെയും കുറിച്ച് യോജിപ്പും വിയോജിപ്പും ഉണ്ടാകാം. എന്നാൽ അതെല്ലാം ഏകപക്ഷീയമായ സൈബർ അഴിഞ്ഞാട്ടം നടത്തി രാഷ്ട്രീയ മാന്യത തകർക്കാനുള്ള ആയുധമാക്കരുത്. വ്യക്തിപരമായ അധിക്ഷേപങ്ങളും വ്യാജപ്രചാരണങ്ങളും തുടർന്നാൽ അതിന് ശക്തമായ രാഷ്ട്രീയ-സാമൂഹിക മറുപടികൾ ഉണ്ടാകുമെന്നും പിഡിപി കാസർഗോഡ് ജില്ലാ സെക്രട്ടറി യൂനുസ് തളങ്കര മുന്നറിയിപ്പ് നൽകി.
ആരോപണങ്ങൾ ഉന്നയിക്കുന്നവർ തെളിവുകളുമായി പൊതുസംവാദത്തിന് മുന്നോട്ടുവരണം. സത്യസന്ധമായ ചർച്ചകൾക്ക് നേതാക്കൾ തയ്യാറാണെന്നും, പക്ഷേ വ്യാജ അക്കൗണ്ടുകൾക്കു പിന്നിൽ ഒളിഞ്ഞ് അസത്യങ്ങൾ പ്രചരിപ്പിക്കുന്നവർക്ക് സമൂഹം മറുപടി നൽകുമെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയം ആശയങ്ങളുടെ പോരാട്ടമാണ്. വ്യക്തികളെ അപമാനിക്കാനും കുടുംബങ്ങളെ അപകീർത്തിപ്പെടുത്താനും ഉള്ള വേദിയല്ല. ജനാധിപത്യത്തിന്റെ മാന്യത തകർക്കുന്ന സൈബർ അഴിഞ്ഞാട്ടത്തിന് സമൂഹം ഒരുമിച്ച് ശക്തമായ മറുപടി നൽകേണ്ട സമയമാണിതെന്നും യൂനുസ് തളങ്കര വ്യക്തമാക്കി.

