മോഷണശേഷം കാട്ടില്‍ ഒളിച്ച് താമസം; ഡ്രോണ്‍ തെരഞ്ഞിട്ടും കാണാത്ത കള്ളന്‍ ഒടുവില്‍ കൊച്ചിയില്‍ പിടിയില്‍

കാസര്‍കോട്: ഡ്രോണ്‍ ഉപയോഗിച്ച് വരെ തെരച്ചില്‍ നടത്തിയിട്ടും പൊലീസിന് കണ്ടെത്താനാവാത്ത കള്ളന്‍ ഒടുവില്‍ കൊച്ചി കുടുങ്ങി. മോഷ്ടിച്ച ശേഷം ചെങ്കല്‍ കുന്നിലെ കാട്ടില്‍ ഒളിച്ച് താമസിക്കുന്ന കാസര്‍കോട് കറുകവളപ്പില്‍ അശോകനാണ് ഒടുവില്‍ പിടിയിലായത്. കാട്ടില്‍ ഒളിച്ച് കഴിയുന്ന ഇയാളെ കണ്ടെത്താന്‍ ഡ്രോണ്‍ ഉപയോഗിച്ച് വരെ പൊലീസ് തെരച്ചില്‍ നടത്തിയിരുന്നു.
കൊച്ചി മറൈന്‍ ഡ്രൈവില്‍ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. വിവിധ മോഷണങ്ങളും, പോക്‌സോ കുറ്റവും ഉള്‍പ്പടെ ഏഴ് കേസുകളാണ് കാഞ്ഞിരപ്പൊയില്‍ കറുകവളപ്പില്‍ അശോകനെതിരെ ഉള്ളത്. മകളെ വലിച്ചെറിഞ്ഞ് കയ്യൊടിച്ചതിന് ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷനില്‍ കേസുണ്ട്. വീട്ടമ്മയായ പെരളം സ്വദേശി വിജിതയെ പട്ടാപ്പകല്‍ തലക്കടിച്ച് വീഴ്ത്തി സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്നതിനും കൂടാതെ വിവിധ വീടുകളില്‍ നിന്ന് മൊബൈല്‍ ഫോണ്‍, സ്വര്‍ണാഭരണങ്ങള്‍, പണം തുടങ്ങിയവ മോഷ്ടിച്ചതിന്നും കേസുകള്‍ ഉണ്ട്.
കൊച്ചി മറൈന്‍ഡ്രൈവില്‍ ഒളിവില്‍ കഴിയുകയായിരുന്ന അശോകനെ മടിക്കൈ കാഞ്ഞിരപ്പൊയില്‍ നിന്ന് ടൂറിന് പോയ യുവാക്കളാണ് തിരിച്ചറിഞ്ഞത്. ഉടന്‍ യുവാക്കള്‍ വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. മറൈന്‍ഡ്രൈവില്‍ ഒരു കടയില്‍ സുഹൃത്തുമൊത്ത് എത്തിയതായിരുന്നു അശോകന്‍. സുഹൃത്തും കസ്റ്റഡിയിലാണ്.
മോഷണം നടത്തിയ ശേഷം ചെങ്കല്‍കുന്നിലെ കാട്ടില്‍ ഒളിച്ച് താമസിക്കുന്നതാണ് അശോകന്റെ രീതി. 300 ഏക്കറില്‍ വ്യാപിച്ച് കിടക്കുന്ന ചെങ്കല്‍കുന്നിലെ വഴികള്‍ അശോകന് പരിചിതമായിരുന്നു. ഒരു വഴിയില്‍ പൊലീസ് എത്തുമ്ബോള്‍ മറ്റുവഴികളിലൂടെ അശോകന്‍ രക്ഷപ്പെടുമായിരുന്നു. എളുപ്പത്തില്‍ തന്നെ കണ്ടുപിടിക്കാന്‍ കഴിയില്ലെന്ന ആത്മവിശ്വാസത്തിലാണ് ഇവിടെ ഒളിവില്‍ കഴിഞ്ഞിരുന്നത്. പോലീസും നാട്ടുകാരും ദിവസങ്ങളോളം തെരഞ്ഞെങ്കിലും അശോകനെ പിടികൂടാന്‍ സാധിച്ചിരുന്നില്ല. കാട്ടില്‍ ഡ്രോണ്‍ ഉപയോഗിച്ച് വരെ തെരച്ചില്‍ നടത്തിയിരുന്നു. എന്നിട്ടും ഇയാളെ കണ്ടെത്താനായില്ല.
പിന്നീട് എപ്പോഴോ കൊച്ചിയിലേക്ക് മുങ്ങിയത് ആകാം എന്നാണ് പൊലീസ് കരുതുന്നത്. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്ത ആളായതിനാല്‍ ആ വഴി കള്ള അന്വേഷണവും മുടങ്ങി. മറൈന്‍ ഡ്രൈവില്‍ നിന്ന് അശോകനെ കണ്ടെത്തിയതോടെ പൊലീസിന് ആശ്വാസമായിരിക്കുകയാണ്.
The thief, who could not be traced by the police despite a search using a drone, was finally caught in Kochi

