KSDLIVENEWS

Real news for everyone

പേരാമ്പ്രയിൽ കാർ കത്തി ഗർഭിണി മരിച്ച സംഭവം; പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഭർത്താവും മരിച്ചു

SHARE THIS ON



കോഴിക്കോട്: പേരാമ്പ്ര ചെറുവണ്ണൂർ കക്കറമുക്ക് റോഡിൽ ഓടിക്കൊണ്ടിരിക്കുന്ന കാർ കത്തി ഗർഭിണി മരിച്ച സംഭവത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഭർത്താവ് രജിൻലാൽ (34) മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. മേയ് 16-ന് ആയിരുന്നു അപകടം. സംഭവത്തിൽ ദുരൂഹത തുടരുകയാണ്.

കേസിൽ നിർണായകമായ നടുവണ്ണൂരിലെ പെട്രോൾ പമ്പിൽനിന്നുള്ള ദൃശ്യങ്ങൾ പോലീസിന് നേരത്തെ കിട്ടിയിരുന്നു. ഒരു സ്ത്രീ പമ്പിലെത്തി കന്നാസിൽ പെട്രോൾ വാങ്ങുന്നതാണ് സിസിടിവിയിലുള്ളത്. മരിച്ച സോന തന്നെയാണ് സംഭവദിവസം പമ്പിലെത്തി പെട്രോൾ വാങ്ങിയതെന്നാണ് പോലീസ് പറയുന്നത്. അതേസമയം, രജിൻലാൽ ആണ് സംഭവത്തിന് പിന്നിലെന്നാണ് സോനയുടെ ബന്ധുക്കളുടെ ആരോപണം.

കക്കറമുക്ക് റോഡിൽ രാത്രി ഒൻപതോടെയാണ് കാർ കത്തിയമർന്നത്. ചെറുവണ്ണൂരിൽ നിന്ന് കക്കറമുക്ക് റോഡിലേക്ക് കടന്ന ഉടനെ വയൽപ്രദേശത്ത് ഒതയോത്തുതാഴെ ഭാഗത്താണ് കാർ കത്തിയത്. ഇവിടെനിന്ന് രണ്ടു കിലോമീറ്റർ ദൂരമേ വീട്ടിലെത്താൻ ഉണ്ടായിരുന്നുള്ളൂ.

വയൽപ്രദേശത്തെ തോട്ടിനരികെയാണ് സംഭവം ഉണ്ടായതെന്നതിനാൽ ഓടിക്കൂടിയ നാട്ടുകാർക്ക് തീകെടുത്താൻ സഹായമായി. അപ്പോഴേക്കും രജിൻലാൽ കാറിൽനിന്ന് ചാടി പുറത്തിറങ്ങിയിരുന്നു. ശരീരത്തിലെ വസ്ത്രങ്ങളിൽ പടർന്ന തീ കത്തിക്കൊണ്ടിരുന്നതിനാൽ സമീപത്തെ തോട്ടിലേക്ക് ചാടി രജിൻലാൽ തന്നെ കെടുത്തുകയായിരുന്നു. പിന്നാലെ സമീപത്തെ വീട്ടുകാരെല്ലാം ബക്കറ്റുമായെത്തി തോട്ടിൽനിന്ന് വെള്ളംമുക്കി ഒഴിച്ച് അഗ്‌നിരക്ഷാസേന എത്തുംമുൻപ് തീക്കെടുത്തി.

കാറിൽ ഒരാൾകൂടിയുണ്ടെന്ന് ആദ്യം രക്ഷാപ്രവർത്തകർക്ക് മനസ്സിലായില്ല. പിൻസീറ്റിൽ കിടക്കുകയായിരുന്നു സോന. ഇവരുടെ മുകളിലേക്ക് കാറിന്റെ മുകൾഭാഗം അടർന്നുവീഴുകയും ചെയ്തിരുന്നു. അതിനാൽ പുറത്തുനിന്നുള്ളവർക്ക് പെട്ടെന്ന് കാണാൻ കഴിയില്ലായിരുന്നു. കാറിന്റെ പിൻവാതിൽ ലോക്കായിരുന്നതിനാൽ ഏറെ നേരം പരിശ്രമിക്കേണ്ടി വന്നു. ചില്ലുപൊട്ടിച്ചാണ് ബെഡ്ഷീറ്റിൽ കിടത്തി പുറത്തെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!