KSDLIVENEWS

Real news for everyone

ജില്ലയിൽ റേഷൻ കാർഡ് മാറ്റാൻ അപേക്ഷകരുടെ തിരക്ക്; ഇത് വരെ 357 പേർ അപേക്ഷ സമർപ്പിച്ചു

SHARE THIS ON

കാസർകോട് ∙‌ അനർഹമായി മുൻഗണനാ റേഷൻ കാർഡുകൾ കൈവശം വെച്ചിരിക്കുന്നവർ മാറ്റണമെന്ന സർക്കാർ അന്ത്യശാസനത്തിനു പിന്നാലെ കാർഡ് മാറ്റാൻ അപേക്ഷകരുടെ തിരക്ക്. ഈ മാസം ഇതുവരെ 357 പേരാണു റേഷൻ മുൻഗണന പട്ടികയിൽ നിന്ന് ഒഴിവാക്കാൻ പൊതുവിതരണ വകുപ്പിന് അപേക്ഷ നൽകിയത്. ഇന്നലെ മാത്രം 81 പേർ റേഷൻ കാർഡ് മാറ്റി. കാസർകോട് താലൂക്കിലാണ് ഏറ്റവുമധികം അപേക്ഷകൾ ലഭിച്ചത് (112). ഹൊസ്ദുർഗാണു തൊട്ടു പിന്നിൽ (110). മഞ്ചേശ്വരത്ത് 88ഉം വെള്ളരിക്കുണ്ടിൽ 47ഉം കാർഡുകൾ മുൻ‌ഗണനേതര വിഭാഗത്തിലേക്കു മാറ്റി.  ഏറ്റവും പിന്നാക്കം നിൽക്കുന്നവർക്ക് നൽകുന്ന എഎവൈ വിഭാഗത്തിലുണ്ടായിരുന്ന 37 കാർഡുകളാണു മാറ്റിയത്. മുൻഗണന(പിഎച്ച്എച്ച്) വിഭാഗത്തിൽ നിന്ന് 213 കാർഡുകളും സംസ്ഥാന സർക്കാർ സബ്സിഡി ലഭിക്കുന്ന എൻപിഎസ് വിഭാഗത്തിൽ നിന്ന് 107 പേരും ഒഴിവായി.‌പിഴയോ ശിക്ഷയോ ഇല്ലാതെ കാർഡുകൾ മാറ്റുന്നതിനുള്ള അവസരം ഈ മാസം ഒന്നു മുതലാണു നിലവിൽ വന്നത്. 30 വരെയാണു സമയം അനുവദിച്ചത്. അല്ലെങ്കിൽ കടുത്ത പിഴ ഈടാക്കാനാണു സർക്കാർ തീരുമാനം. കഴിഞ്ഞ സർക്കാരിന്റെ കാലത്തും മുൻഗണന പട്ടികയിലെ അനർഹർ സ്വയം ഒഴിവാകണമെന്ന നിർദേശം ഉണ്ടായിരുന്നെങ്കിലും പലരും അതു മുഖവിലയ്ക്കെടുത്തിരുന്നില്ല. മുൻഗണന പട്ടികയിലുള്ള, സാമ്പത്തികമായി മുന്നാക്കം നിൽക്കുന്നവരെ  കണ്ടെത്താൻ പൊതുവിതരണ വകുപ്പ് ഉദ്യോഗസ്ഥർ നേരിട്ടു പരിശോധന നടത്തുകയും ചെയ്തിരുന്നു. എന്നിട്ടും കണ്ടെത്താൻ കഴിയാതിരുന്നവരാണു കടുത്ത നടപടി ഭയന്ന് ഇപ്പോൾ സ്വയം അപേക്ഷ നൽകുന്നത്.മുൻഗണന പട്ടികയിൽ നിന്ന് ആളുകൾ ഒഴിവാകുന്നതിന് അനുസരിച്ച് പട്ടികയ്ക്കു പുറത്തുള്ള അർഹരായവർ ഇതിലുൾപ്പെടും. പട്ടികയിൽ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് അപേക്ഷ നൽകിയവരിൽ നിന്ന്, പരിശോധന നടത്തി അർഹരാണെന്ന് കണ്ടെത്തിയവരെയാണ് ഉൾപ്പെടുത്തുക. കാത്തിരിക്കുന്നത് വൻപിഴ അനർഹമായി വാങ്ങുന്ന ഓരോ കിലോഗ്രാം ഭക്ഷ്യധാന്യത്തിനും സർക്കാർ നിരക്കിലുള്ള തുക ഈടാക്കാനാണു പൊതുവിതരണ വകുപ്പിന്റെ തീരുമാനം. ഏതു ദിവസം മുതലാണു ഭക്ഷ്യധാന്യങ്ങൾ വാങ്ങുന്നതെന്നു കണ്ടെത്തി അതതു മുൻഗണന വിഭാഗത്തിൽ എത്ര കിലോ ഭക്ഷ്യ ധാന്യമാണു ലഭിക്കുന്നതെന്നു കണക്കാക്കിയാണു പിഴ തുക കണക്കാക്കുക. ഒരു കിലോ അരിക്ക് 64 രൂപ നിരക്കിലാകും പിഴ ഈടാക്കുക. ഗോതമ്പിന് 20 രൂപയും പഞ്ചസാരയ്ക്കു കിലോയ്ക്ക് 20-25 രൂപയും ഈടാക്കും. മുൻഗണനാ വിഭാഗത്തിന് ആളനുസരിച്ച് മുൻഗണനാ വിഭാഗത്തിൽ കാർഡിലെ ഓരോ അംഗത്തിനും 4 കിലോ അരി, ഒരു കിലോ ഗോതമ്പ് എന്നിവ കിലോഗ്രാമിന് 2 രൂപ നിരക്കിലാണ് ലഭിക്കുന്നത്. ഇതനുസരിച്ച് പിഴ തുക കണക്കാക്കും. ആളുകളുടെ എണ്ണം കൂടുന്നതിനനുസരിച്ച് പിഴയും വർധിക്കും.  കാർഡ് മാറ്റിയില്ലെങ്കിൽ 23000 രൂപ എഎവൈ കാർഡുടമകൾക്കു മാസം 30 കിലോ അരിയും 5 കിലോ ഗോതമ്പും സൗജന്യമാണ്. അരി കിലോയ്ക്ക് 64 രൂപ നിരക്കിൽ കണക്കാക്കിയാൽ ഒരു വർഷത്തേക്ക് ഏകദേശം 23000 രൂപ പിഴ അടയ്ക്കേണ്ടി വരും. ഗോതമ്പിനും പഞ്ചസാരയ്ക്കും വേറെ.     നാലു ചക്ര വാഹനങ്ങളുള്ളവരോ 1000 സ്ക്വയർ ഫീറ്റ് വിസ്തീർണമുള്ള വീടുകളോ ഒരേക്കർ സ്ഥലമോ സ്വന്തമായി ഉള്ളവരെയാണ് അനർഹരായി കണക്കാക്കുന്നത്. 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!