തോല്‍വിയോടെ, കണ്ണീരോടെ റോജര്‍ ഫെഡറര്‍ വിടവാങ്ങി

ലണ്ടന്‍: ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡറര്‍ വിരമിച്ചു. അവസാന മത്സരത്തില്‍ തോല്‍വിയോടെയാണ് താരം കോര്‍ട്ട് വിട്ടത്. ലേവര്‍ കപ്പ് ഡബിള്‍സില്‍ സ്പെയിനിന്റെ റാഫേല്‍ നദാലിനൊപ്പം കളിക്കാനിറങ്ങിയ ഫെഡറര്‍ അവസാന മത്സരത്തില്‍ കണ്ണീരോടെ വിടവാങ്ങി.
അമേരിക്കയുടെ ഫ്രാന്‍സിസ് ടിയാഫോ-ജാക്ക് സോക്ക് സഖ്യമാണ് ഫെഡറര്‍-നദാല്‍ സഖ്യത്തെ പരാജയപ്പെടുത്തിയത്. മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് സഖ്യം പരാജയപ്പെട്ടത്. സ്കോര്‍: 6-4, 6-7, 11-9. ടീം യൂറോപ്പിനുവേണ്ടിയാണ് ഫെഡററും നദാലും കളിച്ചത്. ടിയാഫോയും സോക്കും ലോകടീമിനുവേണ്ടി അണിനിരന്നു.
ആദ്യ സെറ്റ് അനായാസം നേടിയ ഫെഡറര്‍-നദാല്‍ സഖ്യത്തിന് രണ്ടാം സെറ്റില്‍ പിഴച്ചു. ടൈബ്രേക്കറില്‍ 7-2 ന് വിജയിച്ച അമേരിക്കന്‍ സഖ്യം സെറ്റ് സ്വന്തമാക്കി തിരിച്ചടിച്ചു. മൂന്നാം സെറ്റില്‍ ഇരുടീമുകളും വാശിയേറിയ പോരാട്ടം കാഴ്ചവെച്ചെങ്കിലും അവസാന ചിരി അമേരിക്കയുടെതായി. മത്സര ശേഷം പൊട്ടിക്കരഞ്ഞുകൊണ്ടാണ് ഫെഡറര്‍ ടെന്നീസ് കോര്‍ട്ട് വിട്ടത്.

