അന്വേഷണത്തില്‍ നിന്ന് ഒളിച്ചോടാന്‍ ശ്രമിക്കുന്നു; തോമസ് ഐസക്കിനെതിരെ ഇഡി

കൊച്ചി: മുന്‍ ധനമന്ത്രി തോമസ് ഐസക്കിനെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. മസാല ബോണ്ടിലെ ഇഡി അന്വേഷണത്തിനെതിരായ ഹര്‍ജി അപക്വമാണെന്ന് ഇ ഡി ഹൈക്കോടതിയെ അറിയിച്ചു. ഇഡി അന്വേഷണത്തില്‍ നിന്ന് ഒളിച്ചോടാന്‍ ഐസക് ശ്രമിക്കുന്നുവെന്നും വസ്തുത വിരുദ്ധമായ ആരോപണമാണ് ഇ ഡിക്കെതിരെ നടത്തുന്നതെന്നും സത്യവാങ്മൂലത്തില്‍ പറഞ്ഞു. ഇഡിയുടെ അന്വേഷണ പരിധിയില്‍ നിന്ന് രക്ഷപ്പെടാനാണ് തോമസ് ഐസക്കിന്റെ ശ്രമം. അന്വേഷണത്തെ നിശ്ചലമാക്കാന്‍ ശ്രമിക്കുകയാണ്. മസാല ബോണ്ട് വിതരണത്തിലെ ഫെമ ലംഘനം അന്വേഷിക്കാന്‍ ഇഡിക്ക് അധികാരമുണ്ട്. അന്വേഷണം പ്രാരംഭഘട്ടത്തിലാണ്. അതിനാല്‍ ഐസകിന്റെ പങ്കാളിത്തം സംബന്ധിച്ച് ഇപ്പോള്‍ ഒന്നും പറയാനാകില്ല. ഇഡി സമന്‍സ് ചോദ്യം ചെയ്യാന്‍ വ്യക്തികള്‍ക്ക് സാധിക്കില്ലെന്നും അന്വേഷണത്തിന്റെ ഭാഗമായ രേഖകള്‍ ഹാജരാക്കാനാണ് സമന്‍സ് അയച്ചതെന്നും ഇ ഡി വ്യക്തമാക്കി.
മസാല ബോണ്ട് കേസിലെ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് അന്വേഷണത്തിനെതിരെ തോമസ് ഐസക്കും കിഫ്ബിയും നല്കിയ ഹര്‍ജികളില്‍ ഹൈക്കോടതി വിശദീകരണം തേടിയിരുന്നു. മസാല ബോണ്ട് കേസില്‍ ഇ ഡി വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. വിശദീകരണം നല്‍കും വരെ തോമസ് ഐസക് അടക്കമുള്ളവര്‍ക്ക് എതിരെ മറ്റ് നടപടി ഉണ്ടാകില്ലെന്നു ഇ ഡി കോടതിയെ അറിയിച്ചു.
താന്‍ ഫെമ നിയമ ലംഘനം നടത്തിയെന്നു പറയുന്ന ഇ ഡി കുറ്റമെന്തെന്ന് വ്യക്തമാക്കിയിട്ടില്ലെന്നാണ് തോമസ് ഐസക് ഹര്‍ജിയില്‍ ചൂണ്ടികാട്ടിയത്. റിസര്‍വ് ബാങ്കിന്റെ അനുമതിയോടെയാണ് മസാല ബോണ്ട് പുറപ്പെടുവിച്ചതെന്നാണ് കിഫ്ബി ഹര്‍ജിയില്‍ ചൂണ്ടികാട്ടിയത്. ഫെമ നിയമത്തിന്റെ ലംഘനം നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കാനുള്ള അധികാരം ഇ ഡിക്കില്ലെന്നും റിസര്‍വ് ബാങ്കിനാണെന്നും കിഫ്ബി വാദിച്ചു. സംശയകരമായ ഇടപാടുകള്‍ കണ്ടെത്തിയ സാഹചര്യത്തിലാണ് സമന്‍സ് അയച്ചതെന്നും സംശയമുള്ള കാര്യങ്ങള്‍ അന്വേഷിക്കാന്‍ അധികാരം ഉണ്ടെന്നു ഇ ഡി നേരത്തെ കോടതിയെ അറിയിച്ചിട്ടുണ്ട്. സമന്സിന്മേലുള്ള തുടര്‍നടപടികള്‍ സ്റ്റേ ചെയ്യണമെന്ന കിഫ്ബി ആവശ്യം കോടതി ഇതുവരെ അംഗീകരിച്ചിട്ടില്ല.

