വര്‍ഗീയ കലാപങ്ങള്‍ ഉണ്ടാകാതിരിക്കുന്ന ഇടപെടലിന് പ്രശംസ; പോലീസിന്റെ നിയമവിരുദ്ധ നടപടികള്‍ ന്യായീകരിക്കാനാവില്ലെന്ന് വിമര്‍ശനം

തിരുവനന്തപുരം: പൊലീസിന്റെ നിയമവിരുദ്ധ നടപടികള്‍ ന്യായീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. എന്നാല്‍ പൊലീസിന്‍െറ സമയോചിതമായ ഇടപെടല്‍ കൊണ്ടാണ് കേരളത്തില്‍ വര്‍ഗീയ കലാപങ്ങള്‍ ഉണ്ടാകാതിരുന്നതെന്നും സീനിയര്‍ പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്റെ യോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. എകെജി സെന്റര്‍ ആക്രണക്കേസിലെ പ്രതിയെ പിടികൂടിയതിനെ പരോക്ഷമായി പരാമര്‍ശിക്കുകയായിരുന്നു മുഖ്യമന്ത്രി. വര്‍ഗീയ കലാപങ്ങള്‍ സൃഷ്ടിക്കാന്‍ ചില ശ്രമം നടക്കുന്നുണ്ട്. പൊലിസിന്റെ സമയോജിതമായ ഇടപെടലാണ് വര്‍ഗീയ കലാപങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ കാരണായത്. നല്ല പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കുമ്ബോഴും പൊലീസിലുണ്ടാകുന്ന നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെ ന്യായീകരിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഡിവൈഎസ്പി മുതല്‍ നോണ്‍ ഐപിഎസ് എസ്പിമാര്‍വരെയുള്ള ഉദ്യോഗസ്ഥരുടെ സംഘടനയായ സീനിയര്‍ പൊലീസ് ഓഫീസേഴ്സ് അസോസിയേഷന് സമ്മേളനത്തിന്‍െറ സമാപനത്തില്‍ സംസാരിക്കുകയായിരുന്നു പിണറായി വിജയന്. അതേസമയം പാതയോരത്തെ ഫ്ലക്സിനും തോരണങ്ങള്‍ക്കുമെതിരെ നടപടിയെടുക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ച പൊലിസിന്റെ സമ്മേളനം നടക്കുമ്ബോള്‍ വഴി നീളെ ഫ്ലക്സുകളായിരുന്നു. പാതയോരത്തെ തോരണങ്ങളും കൊടിയും ഫ്ലക്സും നീക്കം ചെയ്യുന്നതില്‍ കര്‍ശന നടപടിവേണമെന്ന് ഹൈക്കോടതി ചീഫ് സെക്രട്ടറിയോടും ഡിജിപിയോടുമാണ് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടത്. സര്‍ക്കാര്‍ കര്‍ശന നടപടിയെടുക്കണമെന്നും നിര്‍ദ്ദേശിച്ചിരുന്നു. ഹൈക്കോടതി നിര്‍ദ്ദേശം നടപ്പാക്കേണ്ട ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ സമ്മേളനത്തില്‍ ഫ്ലക്സുകള്‍ സ്ഥാപിച്ചത് നിര്‍ദ്ദേശം അവഗണിച്ചാണ്.

