147 പേരുടെ പിന്തുണ; ബ്രിട്ടിഷ് പ്രധാനമന്ത്രി ആകുന്ന ആദ്യ ഏഷ്യക്കാരനാകാൻ സുനക്

ലണ്ടൻ∙ 100 കൺസർവേറ്റീവ് എംപിമാരുടെ പിന്തുണ നേടാനാകാതെയാണ് ബ്രിട്ടിഷ് പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള മത്സരത്തിൽനിന്നും മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസൺ പിന്മാറിയത്. ഇന്നലെ രാത്രി വൈകിയാണ് ബോറിസ് മത്സരത്തിൽനിന്നും പിന്മാറുന്നതായി പ്രഖ്യാപിച്ച് പ്രസ്താവനയിറക്കിയത്. 102 എംപിമാരുടെ പിന്തുണയുള്ള തനിക്ക് മത്സരിക്കാൻ സാധിക്കുമെങ്കിലും പാർട്ടിയിൽ സമ്പൂർണ ഐക്യമില്ലാതെ മികച്ച ഭരണം സാധ്യമല്ലാത്തതിനാലാണ് പിന്മാറുന്നതെന്നാണ് ബോറിസ് വിശദീകരിച്ചത്. എന്നാൽ ഇന്നലെ രാത്രിവരെ കേവലം 57 എംപിമാരുടെ പിന്തുണ മാത്രമാണ് ബോറിസിന് നേടാനായതെന്ന് ബ്രിട്ടിഷ് മധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. കൂടുതൽ എംപിമാരുടെ പിന്തുണ എളുപ്പമല്ലെന്നു വിലയിരുത്തിയാണ് അവസാന ദിവസത്തിനു മുൻപേയുള്ള തന്ത്രപരമായ പിന്മാറ്റം.
ബോറിസ് മത്സരത്തിൽനിന്നും പിന്മാറിയതോടെ ഇന്ത്യൻ വംശജനായ മുൻ ചാൻസലർ ഋഷി സുനക് പ്രധാനമന്ത്രിയാകാനുള്ള സാധ്യതയേറി. 357 കൺസർവേറ്റീവ് എംപിമാരിൽ 147 പേർ ഇതിനോടകം ഋഷിക്ക് പരസ്യ പിന്തുണയുമായി രംഗത്ത് എത്തിയിട്ടുണ്ട്. മത്സരരംഗത്ത് അവശേഷിക്കുന്ന ഹൗസ് ഓഫ് കോമൺസ് അധ്യക്ഷ പെന്നി മോർഡന്റിന് ഇതുവരെ നേടാനായത് 24 എംപിമാരുടെ പിന്തുണ മാത്രമാണ്. ഇനിയും 76 എംപിമാർകൂടി പിന്തുണച്ചാലേ ഇവർക്ക് മത്സരരംഗത്ത് നിലനിൽക്കാനാകൂ.
ഇന്ന് ഉച്ചയ്ക്ക് രണ്ടു വരെയാണ് എംപിമാരുടെ പിന്തുണ ആർജിക്കാനുള്ള സമയം. ഇതിനോടകം പെന്നി മോർഡന്റിന് ഇത് നേടാനായില്ലെങ്കിൽ ഇപ്പോൾ തന്നെ നൂറിലധികം എംപിമാരുടെ പിന്തുണുള്ള ഋഷി സുനക് ബ്രിട്ടന്റെ പ്രധാനമന്ത്രിയാകും. ജനാധിപത്യത്തിന്റെ ഈറ്റില്ലമായ ബ്രിട്ടനിൽ ആദ്യമായി ഒരു ഏഷ്യക്കാരൻ അങ്ങനെ പ്രധാനമന്ത്രി പദത്തിലെത്തും. ബറാക് ഒബാമ അമേരിക്കയുടെ പ്രസിഡന്റായതിനു സമാനമായ ചരിത്രസംഭവമാകും ഇത്.
ലിസ് ട്രസ് രാജിവച്ചതിനെത്തുടർന്ന് മുൻ പ്രധാനമന്ത്രി ബോറിസിനെ പ്രധാനമന്ത്രി പദത്തിലേക്ക് തിരികെ വിളിക്കണമെന്ന് കൺസർവേറ്റീവ് പാർട്ടിയിലെ വലിയൊരു വിഭാഗം ആവശ്യമുന്നയിച്ചിരുന്നു. ഇതു സാധ്യതയായി കണ്ടാണ് കരീബിയൻ ദ്വീപായ ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ അവധി ആഘോഷത്തിലായിരുന്ന ബോറിസ്, യാത്ര വെട്ടിച്ചുരുക്കി ലണ്ടനിൽ പറന്നെത്തിയത്. രണ്ടുദിവസത്തെ ലോബിയിംങ്ങിനു ശേഷവും മത്സരത്തിന് ആവശ്യമായ 100 എംപിമാരുടെ പിന്തുണ നേടാനാകാതെ വന്ന സാഹചര്യത്തിലാണ് പാർട്ടി താൽപര്യവും രാജ്യതാൽപര്യവുമെല്ലാം പറഞ്ഞു ന്യായീകരിച്ച് മത്സരത്തിൽനിന്നുള്ള മുൻ പ്രധാനമന്ത്രിയുടെ പിന്മാറ്റം.
ഇതിനിടെ മത്സരരംഗത്ത് ഉറച്ചുനിൽക്കുമെന്ന് പ്രഖ്യാപിച്ച് ആദ്യമായി ഋഷി സുനകും രംഗത്തെത്തി. ഒട്ടേറെ എംപിമാർ പിന്തുണച്ചിട്ടും മത്സരത്തെക്കുറിച്ച് പ്രതികരിക്കാൻ ഇന്നലെ രാത്രിവരെ ഋഷി തയാറായിരുന്നില്ല. എന്നാൽ മഹാഭൂരിപക്ഷം പാർട്ടി എംപിമാരും അനുകൂലമാണെന്നു കണ്ടതോടെയാണ് ഇന്നലെ മത്സരരംഗത്ത് ഉണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കിയത്.

