KSDLIVENEWS

Real news for everyone

വിവാദങ്ങളിൽ ഉന്നത ഉദ്യോഗസ്ഥരും; പോലീസിന് തലവേദന

SHARE THIS ON

തിരുവനന്തപുരം:മോൻസൺ കേസുമായി ബന്ധപ്പെട്ട് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ പേരുകൾ പുറത്തുവന്നതിനു പിന്നാലെ മോഡലുകൾ അപകടത്തിൽ മരിച്ച കേസിൽ പോലീസിനെതിരേ ആരോപണങ്ങൾ ഉയരുന്നത് വകുപ്പിന് തലവേദനയാകുന്നു. മോൻസണുമായി ബന്ധമുണ്ടെന്ന രേഖകൾ പുറത്തുവന്നതോടെ തങ്ങളുടെ ഭാഗം ശരിയെന്ന് സ്ഥാപിക്കാൻ ഉദ്യോഗസ്ഥർ ശ്രമിച്ചെങ്കിലും ഹൈക്കോടതിയുടെ വിമർശനം പോലീസിന് പേരുദോഷമുണ്ടാക്കി. ഇതിനു പിന്നാലെയാണ് കൊച്ചിയിൽ റേവ് പാർട്ടി നടന്നെന്ന് ആക്ഷേപമുയർന്ന ഹോട്ടലിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥൻ സന്ദർശകനായിരുന്നെന്ന ആരോപണം ഉയരുന്നത്.

മോഡലുകൾ പാർട്ടിയിൽ പങ്കെടുത്ത ഹോട്ടലിൽ പോലീസ് ഉദ്യോഗസ്ഥൻ ഉണ്ടായിരുന്നെന്നാണ് ആക്ഷേപം. ഹോട്ടലുടമ സി.സി.ടി.വി. ദൃശ്യങ്ങളടങ്ങിയ ഹാർഡ് ഡിസ്ക് നശിപ്പിച്ചത് ഉദ്യോഗസ്ഥന്റെ സാന്നിധ്യം വ്യക്തമാകാതിരിക്കാനാണ് എന്ന സംശയമുണ്ട്. ഉദ്യോഗസ്ഥൻ ഈ ഹോട്ടലിൽ എത്തിയിരുന്നോ എന്ന ചോദ്യത്തിന് കൊച്ചിയിലെ ഉയർന്ന പോലീസുദ്യോഗസ്ഥനിൽനിന്ന് നിഷേധിച്ചുള്ള മറുപടിയും ലഭിച്ചില്ല. കാര്യങ്ങൾ പരിശോധിക്കുകയാണെന്നാണ് വിശദീകരിക്കുന്നത്‌.


മോൻസൺ കേസിൽ ഐ.ജി. റാങ്കിലുള്ള ഉദ്യോഗസ്ഥനെതിരേയാണ് കാര്യമായ ആരോപണങ്ങൾ ഉയർന്നതെങ്കിലും ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ ചിത്രങ്ങൾ പുറത്തുവന്നത് സേനയ്ക്ക് നാണക്കേടായിരുന്നു. സമീപകാലത്ത് ഉയർന്ന ഹണിട്രാപ്പ് വിവാദത്തിലും പോലീസ് ഉദ്യോഗസ്ഥരുടെ പേര് ഉൾപ്പെട്ടത് സേനയെ താറടിച്ചുകാട്ടുന്നതിന് ഇടയാക്കി. വാഹനപരിശോധനയുടെ പേരിൽ പോലീസ് അതിക്രമം കാട്ടുന്നു തുടങ്ങിയ ആരോപണങ്ങൾക്കിടെയാണ് ഇത്തരം സംഭവങ്ങളിലും ഉയർന്ന പോലീസ് ഉദ്യോഗസ്ഥരുടെ പങ്ക് ആരോപിക്കപ്പെടുന്നത്. ആലുവയിൽ ആത്മഹത്യചെയ്ത പെൺകുട്ടി എഴുതിവെച്ച കുറിപ്പിൽ സി.ഐ.യ്ക്കെതിരേ പരാമർശമുള്ളതും വിവാദമായിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!