KSDLIVENEWS

Real news for everyone

കരുതല്‍ എണ്ണനിക്ഷേപം പുറത്തെടുക്കാനൊരുങ്ങി യു.എസും ഇന്ത്യയും; സമ്മര്‍ദതന്ത്രം വിജയിക്കില്ലെന്ന് ഒപെക് രാജ്യങ്ങള്‍

SHARE THIS ON

അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ സമ്മർദ തന്ത്രങ്ങൾക്ക് വഴങ്ങേണ്ടതില്ലെന്ന് എണ്ണ ഉൽപാദക രാജ്യങ്ങൾ. ആവശ്യകത അനുസരിച്ചുള്ള എണ്ണ ലഭ്യത വിപണിയിലുണ്ടെന്നും ഒപെക് രാജ്യങ്ങൾ വ്യക്തമാക്കി. എന്നാൽ എണ്ണവില കുറക്കാൻ കരുതൽ എണ്ണനിക്ഷേപം പുറത്തെടുക്കാനുള്ള നീക്കവുമായി മുന്നോട്ടു പോകാൻ തന്നെയാണ് ഇന്ത്യയുടെയുൾപ്പടെയുള്ള രാജ്യങ്ങളുടെ തീരുമാനം.

യു.എസിന്‍റെ പദ്ധതിയനുസരിച്ച് മറ്റു രാജ്യങ്ങളുമായി ചേർന്ന് കരുതൽ എണ്ണനിക്ഷേപം പുറത്തെടുക്കാനാണ് ഇന്ത്യയുടെയും തീരുമാനം. എണ്ണ ഉൽപാദക രാജ്യങ്ങൾക്ക് ശക്തമായ സന്ദേശം നൽകുകയെന്ന ലക്ഷ്യത്തോടെയാണിത്. വിതരണത്തിൽ നിയന്ത്രണം ഏർപ്പെടുത്തി എണ്ണ ഉൽപാദക രാജ്യങ്ങൾ വില ഉയർത്തുന്നുവെന്നാണ് അമേരിക്കയുടെയും മറ്റും ആരോപണം. എന്നാൽ ഉൽപാദനം ഉയർത്തേണ്ട യാതൊരു സാഹചര്യവും നിലവിൽ ഇല്ലെന്ന് യു.എ.ഇ എണ്ണമന്ത്രി സുഹൈൽ അൽ മസ്റൂഇ പറഞു. അടുത്ത വർഷം ആദ്യപാദത്തിലേക്ക് ആവശ്യകതയിൽ കവിഞ്ഞ എണ്ണ ലഭ്യമാണെന്നും മന്ത്രി പ്രതികരിച്ചു. ഡിസംബർ രണ്ടിന് ചേരുന്ന ഒപെക് നേതൃയോഗം സ്ഥിതിഗതികൾ വിലയിരുത്തും.

കരുതൽ എണ്ണ നിക്ഷേപം പുറത്തെടുക്കാനുള്ള ഇറക്കുമതി രാജ്യങ്ങളുടെ സമ്മർദ തന്ത്രം വിജയിക്കില്ലെന്ന വിലയിരുത്തലിൽ ആണ് ഒപെക് രാജ്യങ്ങൾ. എണ്ണവില കുറക്കാനുള്ള ബദൽ നീക്കങ്ങൾ ദീർഘകാലാടിസ്ഥാനത്തിൽ ഇന്ത്യക്ക് ഗുണം ചെയ്യാനിടയില്ലെന്നാണ് സാമ്പത്തിക വിദഗ്ധർ വ്യക്തമാക്കുന്നത്. യു.എസ്, ചൈന, ജപ്പാൻ, ഇന്ത്യ, ദക്ഷിണകൊറിയ രാജ്യങ്ങൾ ഒരുമിച്ച് നീങ്ങുന്ന സാഹചര്യം എണ്ണ വ്യവസായത്തിൽ എന്തു പ്രത്യാഘാതമാകും ഉണ്ടാക്കുകയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!