KSDLIVENEWS

Real news for everyone

പച്ചക്കറി തൊട്ടാൽ കൈ പൊള്ളും, പാചകവാതകം വീട്ടിലെത്തുമ്പോൾ 1000 രൂപ; സകല നിയന്ത്രണങ്ങളും വിട്ട് വിലക്കയറ്റം

SHARE THIS ON

കാസർകോട് ∙ സകല നിയന്ത്രണങ്ങളും വിട്ട് കുതിക്കുകയാണ് നിത്യോപയോഗ സാധനങ്ങളുടെ വില. ഇന്ധനവില വർധന സാധാരണക്കാരുടെ നടുവൊടിക്കുന്നു. ഒരു സിലിണ്ടർ പാചകവാതകം വീട്ടിലെത്തുമ്പോൾ 1000 രൂപയോളം നൽകണം. വൈദ്യുതി ചാർജ് 10% ഉയർത്താനുള്ള തീരുമാനത്തിലാണ് സർക്കാർ. ബസ് ചാർജും ഉടൻ വർധിപ്പിക്കും. അരി ഉൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കളുടെ വില കൂടുമെന്നതാണു സ്ഥിതി.

പച്ചക്കറിയിൽ തൊട്ടാൽ കൈ പൊള്ളും. 80% പച്ചക്കറികൾക്കും കഴിഞ്ഞ മാസത്തെക്കാൾ 50 ശതമാനത്തിനു മുകളിലാണു വില വർധിച്ചത്. തക്കാളി, വെണ്ട, കോവയ്ക്ക, പയർ തുടങ്ങിയവയ്ക്കാണു വലിയ തോതിൽ വില ഉയർന്നത്. മഹാരാഷ്ട്രയിൽ നിന്നെത്തുന്ന ഉള്ളിയുടെ വിലയിൽ മാത്രമാണു കാര്യമായ വർധനയില്ലാത്തത്.200 രൂപ വരെ വിലയെത്തിയ മുരിങ്ങ ഇപ്പോൾ വിപണിയിൽ കിട്ടാനില്ല. രണ്ടാഴ്ച മുൻപ് ഇതിന് 60 രൂപയായിരുന്നു വില.

കർണാടക, തമിഴ്നാട്, ആന്ധ്രാപ്രദേശ് തുടങ്ങിയ അയൽ സംസ്ഥാനങ്ങളിൽ കനത്ത മഴയെത്തുടർന്നുണ്ടായ കൃഷിനാശമാണു വില കൂടാനുള്ള കാരണം.  മഴമൂലം കൃഷി നശിച്ചതു കൊണ്ടുണ്ടായ വിലക്കയറ്റം ഒരു മാസത്തേക്കെങ്കിലും തുടരും. പല പച്ചക്കറികളുടെയും വില 100 രൂപയോടടുക്കുമ്പോൾ മാർജിൻ കുറച്ചാണു വിൽപനയെന്ന് ജില്ലയിലെ കച്ചവടക്കാർ പറയുന്നു. സപ്ലൈകോ സ്ഥാപനങ്ങളി‍ൽ സബ്സിഡിയിൽ കിട്ടുന്ന പല നിത്യോപയോഗ സാധനങ്ങളും കിട്ടാനില്ലാത്തത് വിലക്കയറ്റത്തിന് ഇടയാക്കും.

ജില്ലയിലെ പച്ചക്കറി വില വിവരം  നിലവിലുള്ളതും രണ്ടാഴ്ച മു‍ൻപും :

തക്കാളി – 80–90 ( രണ്ടാഴ്ച മുൻപത്തെ വില– 50)
കോവയ്ക്ക 120 (80)
വെണ്ടയ്ക്ക80 (50)
പയർ 90 (60)
ബീൻസ് 70 (50)
മുരിങ്ങ (ഇല്ല)– 200 ഉണ്ടായിരുന്നു (60)
കൊത്തമര–ഇല്ല
വെള്ളരി–48 ( 30 )
കയ്പയ്ക്ക 70 (60)
താലോരി 80 (60)
മുളക്–60 (40)
വഴുതന– 50 (40)
ഉള്ളി 40 ( 30)
ചെറിയ ഉള്ളി– 120 (80)
പടവലം–60 (40)
ഉരുളക്കിഴങ്ങ്–36 (30)
കാബേജ് 40 (24)
കോളിഫ്ലവർ 70 (40)

വില കാര്യമായി വർധിക്കാതെ പലചരക്ക് സാധനങ്ങൾ

പച്ചക്കറി വില കുതിക്കുമ്പോഴും പലചരക്ക് സാധനങ്ങൾക്കും അരിക്കും കാര്യമായ വില വർധന രണ്ടാഴ്ചക്കുള്ളിൽ ഉണ്ടായിട്ടില്ല. ഒരു മാസം മുൻപാണ് പലചരക്കു സാധനങ്ങൾക്കു വില വർധിച്ചത്. പഞ്ചസാര 40 രൂപ ഉണ്ടായിരുന്നത് 37 ആയി കുറഞ്ഞിട്ടുണ്ട്. അരി, മല്ലി, മുളക്, വെളിച്ചെണ്ണ, ആട്ട തുടങ്ങിയവയ്ക്കൊന്നും കാര്യമായ വിലവർധന ഇല്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!