പാലത്തിൽ ഇടിച്ച് കാർ താഴേക്ക്; ബിജെപി എംഎൽഎയുടെ മകനടക്കം 7 പേർ മരിച്ചു

മുംബൈ∙ മഹാരാഷ്ട്രയിലെ സെല്‍സുരയില്‍ വാഹനാപകടത്തില്‍ ഏഴു മെഡിക്കല്‍ വിദ്യാര്‍ഥികള്‍ മരിച്ചു. ബിജെപി എംഎല്‍എ വിജയ് രഹാങ്ഡാലയുടെ മകൻ അവിഷ്കർ രഹാങ്ഡാലയും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. പാലത്തിന്‍റെ കൈവരിയില്‍ ഇടിച്ച് കാര്‍ താഴേക്കു മറിയുകയായിരുന്നു.
ഡിയോലിയിൽനിന്ന് വാർധയിലേക്ക് പോകുന്നതിനിടെ സെൽസുരയ്ക്കടുത്താണ് കാർ നിയന്ത്രണം വിട്ട് അപകടമുണ്ടായത്. രാത്രി ഒന്നരയോടെയാണ് അപകടം നടന്നതെന്ന് പൊലീസ് അറിയിച്ചു. വാർധയിലെ സവാൻഗി മെഡിക്കൽ കോളജിലെ വിദ്യാർഥികളാണ് മരിച്ചത്. വിദ്യാർഥികളുടെ മരണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബത്തിന് പ്രധാനമന്ത്രിയുടെ ദുരന്തനിവാരണ ഫണ്ടിൽ നിന്ന് രണ്ടു ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു.

