യുക്രൈന്‍ പ്രതിസന്ധിയെ കുറിച്ച് ഇന്ത്യയുമായി കൂടിയാലോചന നടത്തും: ജോ ബൈഡന്‍

യുക്രൈന്‍ പ്രതിസന്ധിയെ കുറിച്ച് അമേരിക്ക ഇന്ത്യയുമായി കൂടിയാലോചന നടത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍.
യുക്രൈനില്‍ റഷ്യന്‍ ആക്രമണം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പരാമര്‍ശം. എന്നാല്‍ തങ്ങളുടെ സൈനിക നടപടിയില്‍ ആരെങ്കിലും ഇടപെടാന്‍ ശ്രമിച്ചാല്‍ അവര്‍ ഒരിക്കലും കണ്ടിട്ടില്ലാത്ത അനന്തരഫലങ്ങള്‍ നേരിടേണ്ടി വരുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ മറ്റു രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പു നല്‍കി.
യുക്രൈന്‍ ആക്രമണം അമേരിക്കയ്ക്കുള്ള താക്കീതാണെന്ന് വ്യക്തമാക്കുന്ന പരാമര്‍ശങ്ങളും പുടിന്‍ നടത്തുകയുണ്ടായി. റഷ്യന്‍ ആക്രമണത്തിനെതിരെ ഇന്ത്യ പൂര്‍ണമായും അമേരിക്കയ്‌ക്കൊപ്പം നില്‍ക്കുന്നുണ്ടോയെന്ന ചോദ്യം ഉയര്‍ന്ന സാഹചര്യത്തിലാണ് യുക്രൈന്‍ പ്രതിസന്ധിയെ കുറിച്ച് അമേരിക്കയും ഇന്ത്യയും കൂടിയാലോചന നടത്താന്‍ പോവുകയാണെന്ന് ബൈഡന്‍ വ്യക്തമാക്കിയത്. എന്നാല്‍ യുക്രൈന്‍ പ്രതിസന്ധിയില്‍ അമേരിക്കയ്ക്കും ഇന്ത്യയ്ക്കും വ്യത്യസ്ത നിലപാടാണെന്നാണ് മനസിലാക്കാന്‍ സാധിക്കുന്നത്.
ഇന്ത്യയ്ക്ക് റഷ്യയുമായി ചരിത്രപരവും നയപപരവുമായ സൗഹൃദമുണ്ട്. എന്നാല്‍ അമേരിക്കയുമായുള്ള ബന്ധവും കഴിഞ്ഞ ഒന്നര ദശകത്തിനിടയില്‍ മികച്ച നിലയിലാണ്. യുക്രൈന്‍ പ്രതിസന്ധി പരിഹരിക്കുന്നതിന് വേണ്ട നയപരമായ സമീപനമായിരിക്കും ഇന്ത്യയുടെ ഭാഗത്ത് നിന്നുണ്ടാവുക. സമാധാനം ആഗ്രഹിക്കുകയും സമവായത്തിന്റെ മാര്‍ഗം സ്വീകരിക്കുകയും ചെയ്യുന്ന ഇന്ത്യന്‍ നിലപാടില്‍ അമേരിക്കയ്ക്ക് അതൃപ്തിയാണുള്ളത്.
നേരത്തെ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ടെലിഫോണില്‍ സംസാരിച്ചിരുന്നു. റഷ്യയും നാറ്റോ സഖ്യ രാജ്യങ്ങളും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ ആത്മാര്‍ത്ഥമായ ചര്‍ച്ചയിലൂടെ മാത്രമേ പരിഹരിക്കാനാകൂ എന്ന ഇന്ത്യയുടെ ദീര്‍ഘകാല ബോധ്യം പ്രധാനമന്ത്രി ആവര്‍ത്തിച്ചു. ആക്രമണം ഉടന്‍ അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രി റഷ്യയോട് അഭ്യര്‍ത്ഥിച്ചു. നയതന്ത്ര ചര്‍ച്ചകളിലൂടെ സമാധാനത്തിന്റെ പാതയിലേക്ക് മടങ്ങാന്‍ എല്ലാ ഭാഗത്തുനിന്നും യോജിച്ച ശ്രമങ്ങള്‍ ഉണ്ടാകണമെന്ന് വിദേശകാര്യ മന്ത്രാലയവും ആവശ്യപ്പെട്ടു.

