KSDLIVENEWS

Real news for everyone

കണ്ണൂരില്‍ കെ റെയില്‍ കല്ലിടല്‍ തടയാനെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരും സിപിഎം പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം

SHARE THIS ON

കണ്ണൂ‍ര്‍: സില്‍വര്‍ ലൈന്‍ പദ്ധതിക്കായുള്ള കല്ലിടലിനെതിരെ സിപിഎം – കോണ്‍ഗ്രസ് പ്രവ‍ര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം (Clash between CPIM and Congress workers in K Rail Survey). കണ്ണൂര്‍ നഗരത്തില്‍ നിന്നും പത്ത് കിലോമീറ്റര്‍ മാറി നാടാലില്‍ ആണ് സംഭവം. ഇന്ന് രാവിലെ സ‍ര്‍വേ നടപടികള്‍ പൊലീസ് സംരക്ഷണയില്‍ പുരോഗമിക്കുന്നതിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തി. ഇവരെ പൊലീസ് നീക്കം ചെയ്തതിന് പിന്നാലെ എടക്കാട് ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുടെ നേതൃത്വത്തില്‍ സ്ഥലത്ത് സിപിഎം പ്രവര്‍ത്തകര്‍ സ്ഥലത്ത് എത്തുകയും സംഘര്‍ഷാവസ്ഥ രൂപപ്പെടുകയുമായിരുന്നു.

കോണ്‍ഗ്രസ് പ്രവര്‍ത്തകരും സിപിഎം പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളും ഉണ്ടായെങ്കിലും പൊലീസ് ഇടപെട്ട് ഇരുകൂട്ടരേയും പിരിച്ചു വിട്ടു. കോണ്‍ഗ്രസുകാരെ കൈയ്യേറ്റം ചെയ്ത രണ്ട് പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തതിനെ ചൊല്ലി സിപിഎം നേതാക്കളും പൊലീസ് ഉദ്യോഗസ്ഥരും തമ്മില്‍ വാക്കേറ്റമുണ്ടായി. ഉച്ചയ്ക്ക് ശേഷം സ‍ര്‍വേ തുടരുമ്ബോള്‍ സിപിഎം പ്രവര്‍ത്തകര്‍ പ്രദേശവാസികളോട് സംസാരിച്ചു. ഇതോടെ പരസ്യമായ പ്രതിഷേധിക്കാനോ പ്രതികരിക്കാനോ വീട്ടുകാരാരും തയ്യാറായില്ല.

സിപിഎം, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രണ്ടിടത്തും സംഘടിച്ചതോടെ കൂടുതല്‍ പൊലീസ് സ്ഥലത്തേക്ക് എത്തി. സംഘര്‍ഷത്തിനും പ്രതിഷേധത്തിനും ഇടയിലും കല്ലിടല്‍ പുരോഗമിക്കുകയാണ്. വികസനത്തിനായി വീടും സ്ഥലവും വിട്ടു കൊടുക്കാന്‍ ആളുകള്‍ തയ്യാറാണെങ്കില്‍ അതിനെ അട്ടിമറിക്കാന്‍ ആരേയും അനുവദിക്കില്ലെന്നും കണ്ണൂര്‍ നഗരത്തില്‍ നിന്നുള്ള കോണ്‍ഗ്രസുകാരാണ് പ്രതിഷേധത്തിനായി നാടാലിലേക്ക് വരുന്നതെന്നും സിപിഎം പ്രവര്‍ത്തകര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!