KSDLIVENEWS

Real news for everyone

‘അദാനിയുടെയും അംബാനിയുടെയും കടത്തോളം വരുമോ മോദിജീ, കേരളത്തിലെ സ്വർണക്കള്ളക്കടത്ത്: കെ.ടി.ജലീൽ

SHARE THIS ON

തിരുവനന്തപുരം∙ കേരള സന്ദർശനത്തിനിടെ കൊച്ചിയിലെ യുവം 2023 വേദിയിൽ സ്വർണ കള്ളക്കടത്തിനെക്കുറിച്ച് പരാമർശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മറുപടിയുമായി കെ.ടി.ജലീൽ എംഎൽഎ. ‘അദാനിയുടെയും അംബാനിയുടെയും കടത്തോളം വരുമോ മോദിജീ കേരളത്തിലെ സ്വർണ്ണക്കള്ളക്കടത്ത്’ എന്ന ചോദ്യവുമായി, ഫെയ്സ്ബുക്കിലൂടെയാണ് കെ.ടി.ജലീൽ പ്രധാനമന്ത്രിക്ക് മറുപടി നൽകിയത്. രാവും പകലും സ്വർണം കടത്തുന്നുണ്ടെങ്കിൽ അതു പിടിക്കാനല്ലേ കസ്റ്റംസ് എന്ന് ജലീൽ ചോദിച്ചു. അവർക്ക് സ്വർണം കടത്തുന്നതു കണ്ടെത്താൻ കഴിയുന്നില്ലെങ്കിൽ ആ വകുപ്പുകൾ പിരിച്ചുവിട്ട് ‘ശേഷി’യുള്ളവരെ ചുമതല ഏൽപ്പിക്കണമെന്നും ജലീൽ ആവശ്യപ്പെട്ടു. ‘‘അദാനിയുടെയും അംബാനിയുടെയും കടത്തോളം വരുമോ മോദിജീ കേരളത്തിലെ സ്വർണക്കള്ളക്കടത്ത്? സ്വർണക്കള്ളക്കടത്ത് രാവും പകലും നടക്കുന്നുണ്ടെങ്കിൽ അത് പിടിക്കാനല്ലേ കേന്ദ്ര സർക്കാരിന്റെ കസ്റ്റംസ് ഉൾപ്പടെയുള്ള സംവിധാനങ്ങൾ. അവർക്ക് സ്വർണം കടത്തുന്നതു കണ്ടെത്താൻ കഴിയുന്നില്ലെങ്കിൽ ആ വകുപ്പുകൾ പിരിച്ചുവിട്ട് ‘ശേഷി’യുള്ളവരെ ചുമതല ഏൽപ്പിക്കണം. അവനവന്റെ കഴിവുകേടു മറച്ചുവയ്ക്കാൻ മറ്റുള്ളവരെ പഴിചാരി രക്ഷപ്പെടുന്ന ഏർപ്പാട് കേരളത്തിൽനിന്ന് അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒരു സീറ്റ് ഒപ്പിക്കാനാണെങ്കിൽ ആ പൂതി പൂവണിയില്ല മോദിജീ. കാരണം സമ്പൂർണ സാക്ഷരത കൈവരിച്ച ഇന്ത്യയിലെ ഏക സംസ്ഥാനമാണ് കേരളം. ഇവിടെ ഞങ്ങൾ പൊതുവിദ്യാലയങ്ങൾ പണിതത് വർഗീയക്കോമരങ്ങളെ പുറംകാലു കൊണ്ട് തട്ടിത്തെറിപ്പിക്കാനാണ്. അല്ലാതെ അവർക്ക് വെഞ്ചാമരം വീശാനല്ല.’ – ജലീൽ ഫെയ്സ്ബുക്കിൽ കുറിച്ചു. ‘ഒരു വശത്തു ബിജെപി കേരളത്തിന്റെ പരമ്പരാഗത ഔഷധങ്ങളുടെ ഉൾപ്പെടെ കയറ്റുമതി വളർച്ച ലക്ഷ്യമിടുമ്പോൾ, ഒരു കൂട്ടർ രാവും പകലും സ്വർണം കടത്തുന്നതിലാണു ശ്രദ്ധിക്കുന്നതെ’ന്നായിരുന്നു കൊച്ചിയിൽ മോദിയുടെ വിമർശനം. അവരുടെ അധ്വാനവും അതിനു വേണ്ടിയാണെന്ന് മോദി ചൂണ്ടിക്കാട്ടിയിരുന്നു. രാജ്യം അതിവേഗം മുന്നേറുന്നതിന്റെ ആനുകൂല്യം കേരളത്തിലെ യുവാക്കൾക്കു നിഷേധിക്കപ്പെടുന്നു. ഇവിടെ ഒരു കൂട്ടർ കേരള താൽപര്യത്തെക്കാൾ പാർട്ടി താൽപര്യത്തിനു പ്രാധാന്യം നൽകുന്നു. മറ്റൊരു കൂട്ടർ ഒരു കുടുംബത്തിനു പ്രാധാന്യം നൽകുന്നു. ഈ രണ്ടു കൂട്ടരും കേരളത്തിലെ ചെറുപ്പക്കാരെ വഞ്ചിക്കുകയും ഇവിടെ അഴിമതിയുടെ കൂത്തരങ്ങാക്കി മാറ്റുകയും ചെയ്യുന്നു. കേന്ദ്രം യുവാക്കൾക്കു സർക്കാർ ജോലി ഉറപ്പാക്കാൻ തൊഴിൽ മേളകൾ നടത്തുമ്പോൾ കേരള സർക്കാരിന് അത്തരം കാര്യങ്ങളിൽ താൽപര്യമില്ല. ഇതിൽ മലയാളി യുവാക്കൾ നിരാശരാണെന്നും മോദി പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!