KSDLIVENEWS

Real news for everyone

മുംബൈയില്‍ നിന്ന് മംഗളൂരുവിലേക്കുള്ള യാത്രക്കിടെ ട്രെയിനിലെ ടോയ്‌ലറ്റില്‍ യാത്രക്കാരന്‍ കുഴഞ്ഞുവീണ് മരിച്ചു; മൃതദേഹം കണ്ടെത്തിയത് ഒരു ദിവസം കഴിഞ്ഞ്

SHARE THIS ON

മംഗളൂരു: മുംബൈയില്‍ നിന്ന് മംഗളൂരുവിലേക്കുള്ള യാത്രക്കിടെ ട്രെയിനിലെ ടോയ്‌ലറ്റില്‍ യാത്രക്കാരന്‍ കുഴഞ്ഞുവീണ് മരിച്ചു. സംഭവം റെയില്‍വെ അധികൃതര്‍ അറിഞ്ഞത് ഏറെ വൈകി. ഒരു ദിവസം കഴിഞ്ഞാണ് മൃതദേഹം കണ്ടെത്തിയത്. മുംബൈയില്‍ നിന്ന് നാട്ടിലേക്ക് വരികയായിരുന്ന കിന്നിഗോളി മെന്നബെട്ട് സ്വദേശി മോഹന്‍ ബംഗേര(56)യാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് ട്രെയിനിലെ ടോയ്‌ലറ്റില്‍ കുഴഞ്ഞുവീണ് മരിച്ചത്. എന്താണ് സംഭവിച്ചതെന്ന് അറിയാതെ വീട്ടുകാര്‍ മംഗളൂരു മുതല്‍ മുംബൈ വരെയുള്ള എല്ലാ റെയില്‍വേ സ്റ്റേഷനുകളിലും തിരച്ചില്‍ നടത്തി. എന്നാല്‍ അതത് ബോഗിയിലെ ടോയ്‌ലറ്റ് പരിശോധിക്കേണ്ട റെയില്‍വേ ജീവനക്കാര്‍ അത് പരിശോധിക്കാതെ എല്ലായിടവും പരിശോധിച്ചതായി തെറ്റായ റിപ്പോര്‍ട്ട് നല്‍കി. മോഹന്‍ ബംഗേര വര്‍ഷങ്ങളായി മുംബൈയില്‍ പാല്‍ പാര്‍ലര്‍ നടത്തുകയായിരുന്നു. ഭാര്യയും രണ്ട് മക്കളും കിന്നിഗോളിയിലാണ് താമസം. ഏപ്രില്‍ 18ന് മുംബൈയില്‍ നിന്ന് മംഗളൂരുവിലേക്ക് പോവുകയായിരുന്നു മോഹന്‍. ഇദ്ദേഹത്തെ സ്വീകരിക്കാന്‍ സഹോദരനും മറ്റുള്ളവരും സൂറത്ത്കല്‍ റെയില്‍വേ സ്റ്റേഷനില്‍ കാത്തുനിന്നിരുന്നു. എന്നാല്‍ മോഹന്‍ ബംഗേരയെ കാണാനില്ലെന്ന് റെയില്‍വേയുടെ ടിടിഇയില്‍ നിന്ന് അവര്‍ക്ക് വിവരം ലഭിച്ചു. മോഹന്റെ ബാഗും പഴ്‌സും മൊബൈലും ഇദ്ദേഹം ഇരുന്ന സീറ്റില്‍ നിന്ന് കണ്ടെടുത്തു. വീട്ടുകാര്‍ ടിടിഇയോട് അന്വേഷിച്ചപ്പോള്‍ മോഹന്‍ കനകാവലിയിലോ മഡ്ഗാവിലോ ഇറങ്ങിയിരിക്കാമെന്ന് പറഞ്ഞു. പിന്നീട് വീട്ടുകാര്‍ മംഗളൂരു ജംഗ്ഷനിലെത്തി റെയില്‍വെ പൊലീസില്‍ പരാതി നല്‍കി. ഇതിനിടെ മോഹന്റെ ബന്ധുക്കള്‍ മുംബൈയിലെ സ്റ്റേഷനുകളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും ഒരു സൂചനയും ലഭിച്ചില്ല. അടുത്ത ദിവസം മോഹന്‍ ബംഗേരയുടെ മൂത്ത സഹോദരന്‍ രാം ബംഗേരയെ സിഎസ്ടി റെയില്‍വേ സ്റ്റേഷനിലെ ടിടിഇ മോഹന്റെ മൃതദേഹം ട്രെയിനിലെ ടോയ്ലറ്റില്‍ കണ്ടെത്തിയതായി അറിയിക്കുകയായിരുന്നു. റെയില്‍വേ ജീവനക്കാരുടെ തികഞ്ഞ അനാസ്ഥയും കൃത്യനിഷ്ഠയില്ലായ്മയുമാണ് മൃതദേഹം വൈകി കണ്ടെത്തേണ്ട അവസ്ഥയുണ്ടാക്കിയതെന്നും നഷ്ടപരിഹാരത്തിന് നിയമനടപടി സ്വീകരിക്കുമെന്ന് കുടുംബം മുന്നറിയിപ്പ് നല്‍കി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!