മൊബൈൽ ഫോൺ ബ്ലാസ്റ്റ്; തലയിലേറ്റ പരുക്കും തലച്ചോറിലെ രക്തസ്രാവവും മരണ കാരണം’

തിരുവില്വാമല∙ തൃശൂരിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിനിടെ പൊട്ടിത്തെറിച്ച് എട്ടുവയസ്സുകാരിയുടെ മരണത്തിനിടയാക്കിയത് തലയിലേറ്റ പരുക്കും തലച്ചോറിലെ രക്തസ്രാവവുമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മരണ കാരണം തലയിലേറ്റ ഗുരുതരമായ പരുക്കാണെന്ന് പോസ്റ്റ്മോർട്ടത്തിൽ സ്ഥിരീകരിച്ചു. തലയിലേറ്റ പരുക്കിനെ തുടർന്ന് തലച്ചോറിൽ പലയിടത്തും ക്ഷതമുണ്ടായി. ഇതിനെ തുടർന്നുണ്ടായ രക്തസ്രാവമാണു മരണകാരണമെന്നാണു കണ്ടെത്തൽ.
ഫോൺ പൂർണമായും പൊട്ടിത്തകർന്നിട്ടില്ല. ബാറ്ററിയാണു പൊട്ടിത്തെറിച്ചതെന്ന് (കെമിക്കൽ ബ്ലാസ്റ്റ്) പൊലീസ് പറഞ്ഞു. ഫോൺ ചാർജ് ചെയ്യുമ്പോഴല്ല അപകടമെന്നു വീട്ടുകാർ പറയുന്നു. ബാറ്ററിക്കകത്തെ ജെൽ ചൂടിൽ ഗ്യാസ് രൂപത്തിൽ ആയി മാറി ഫോണിന്റെ സ്ക്രീനിൽ ചെറിയ സുഷിരമുണ്ടാക്കി ചീറ്റിത്തെറിച്ചതാകാം ദുരന്തത്തിനിടയാക്കിയതെന്നാണു ഫൊറൻസിക് ഉദ്യോഗസ്ഥരുടെ നിഗമനം.
മുറിയിൽനിന്നു സരസ്വതി അടുക്കളയിലേക്കുപോയ നേരത്താണു പൊട്ടിത്തെറിയുണ്ടായത്. ഈ സമയം കുട്ടി കിടക്കുകയായിരുന്നുവെന്നാണു നിഗമനം. തലയണയിൽ ചോര പറ്റിയിട്ടുണ്ട്. സ്ഫോടന ശബ്ദം ഉച്ചത്തിൽ കേട്ടതായി അയൽക്കാർ പറഞ്ഞു. എസിപി ടി.എസ്.സിനോജ്, എസ്ഐ പി.ബി.ബിന്ദുലാൽ എന്നിവരുടെ നേതൃത്വത്തിൽ പൊലീസും ഫൊറൻസിക് വിദഗ്ധൻ ബി. മഹേഷും അപകടം നടന്ന മുറിയിൽ പരിശോധന നടത്തി. സംസ്കാരം നടത്തി.

