’സമാധാനന്തരീക്ഷം തകർത്താൽ ബജ്രംഗ് ദളാണോ ആര്.എസ്.എസാണോ നോക്കില്ല,നിരോധിക്കും’ – പ്രിയങ്ക് ഖാർഗെ

ബെംഗളൂരു: കർണാടകയിൽ ബി.ജെ.പി. സർക്കാർ കൊണ്ടുവന്ന നിയമങ്ങളും ഹിജാബ് നിരോധനമുൾപ്പെടെയുള്ള ഉത്തരവുകളും പുനഃപരിശോധിക്കുമെന്ന് മന്ത്രി പ്രിയങ്ക് ഖാർഗെ പറഞ്ഞു. സംസ്ഥാനത്തിന്റെ പ്രതിച്ഛായയെയും സാമ്പത്തിക അഭിവൃദ്ധിയെയും ബാധിക്കുന്ന നിയമങ്ങളെല്ലാം പിൻവലിക്കും. നാഗ്പുരിൽ ഇരിക്കുന്ന ആളുകളുടെ നിർദേശത്തെത്തുടർന്നുണ്ടാക്കിയ നിയമങ്ങൾ ഇവിടെ ആവശ്യമില്ല. ബി.ജെ.പി. സർക്കാരിന്റെ കാലത്ത് പാഠപുസ്തകങ്ങളിൽ ഏർപ്പെടുത്തിയ മാറ്റങ്ങളും പുനഃപരിശോധിക്കും. അവർ ചരിത്രത്തെ വളച്ചൊടിച്ചത് ഞങ്ങൾ തിരുത്തും. സംസ്ഥാനത്തെ സമാധാനന്തരീക്ഷം തകർത്താൽ ബജ്രംഗ് ദളിനെയും ആർ.എസ്.എസിനെയും പോലുള്ള സംഘടനകളെ നിരോധിക്കുമെന്നും ഇത് ബി.ജെ.പി. നേതൃത്വത്തിന് അംഗീകരിക്കാൻ പറ്റില്ലെങ്കിൽ പാകിസ്താനിൽ പോകാമെന്നും പ്രിയങ്ക് ഖാർഗെ പറഞ്ഞു.
സമാധാനന്തരീക്ഷം തകർന്നാൽ ബജ്രംഗ് ദളാണോ ആർ.എസ്.എസാണോ എന്നൊന്നും നോക്കില്ല. നിയമം കൈയിലെടുത്താൽ നിരോധനമേർപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങൾക്ക് കൊടുത്ത അഞ്ചുവാഗ്ദാനങ്ങളും നിറവേറ്റിയശേഷം ആംനെസ്റ്റി ഇന്ത്യയുടെ ആവശ്യപ്രകാരം ഹിജാബ് നിരോധനം പിൻവലിക്കുന്നത് പരിഗണിക്കുമെന്ന് മന്ത്രി ജി. പരമേശ്വരയും വ്യക്തമാക്കി. കന്നുകാലി കശാപ്പ് നിരോധന-സംരക്ഷണ നിയമവും മതപരിവർത്തന നിരോധന നിയമവും ഹിജാബ് നിരോധിച്ചുള്ള സർക്കാരുത്തരവും പിൻവലിക്കാൻ കോൺഗ്രസ് സർക്കാർ ആലോചിക്കുന്നതായാണ് വിവരം.
പാഠഭാഗങ്ങളൊഴിവാക്കാൻ നിവേദനം
ബി.ജെ.പി. സർക്കാരിന്റെ കാലത്ത് പാഠപുസ്തകങ്ങളിൽ കൂട്ടിച്ചേർത്ത ചില അധ്യായങ്ങൾ നീക്കണമെന്നാവശ്യപ്പെട്ട് വിദ്യാഭ്യാസവിദഗ്ധർ.

