പാര്‍ലമെന്റ് ഉദ്ഘാടനം: രാഷ്ട്രപതിയെ ഒഴിവാക്കിയതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

ഡല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം ഈ മാസം 28ന് നടക്കാനിരിക്കേ ഉദ്ഘാടനത്തെ ചൊല്ലിയുള്ള വിവാദം കോടതി കയറുന്നു. ഉദ്ഘാടന ചടങ്ങില്‍ രാഷ്ട്രപതിയെ ഒഴിവാക്കിയതിനെതിരെ പൊതുതാല്‍പര്യ ഹര്‍ജി സുപ്രീം കോടതിയില്‍ എത്തി. ലോക്‌സഭാ സെക്രട്ടേറിയറ്റ് പ്രോട്ടോക്കോള്‍ ലംഘനം നടത്തിയെന്നും രാഷ്ട്രപതിയാണ് പുതിയ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യേണ്ടതെന്ന് ലോക്‌സഭാ സെക്രട്ടേറിയറ്റിന് നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. അഡ്വ. സി.ആര്‍ ജയ സുകിന്‍ ആണ് ഹര്‍ജിക്കാരന്‍. രാഷ്ട്രപതിയെ ഉദ്ഘാടന ചടങ്ങില്‍ നിന്ന് ഒഴിവാക്കിയ കേന്ദ്രസര്‍ക്കാര്‍ ഭരണഘടനാ ലംഘനം നടത്തിയെന്നും ഭരണഘടനയോട് അനാദരവ് കാണിച്ചുവെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. രാജ്യത്തിന്റെ പരമോന്നത നിയമനിര്‍മ്മാണ സഭയാണ് പാര്‍ലമെന്റ്. പ്രസിഡന്റും രണ്ട് സഭകളും ചേരുന്നതാണ് പാര്‍ലമെന്റ്. സമ്മേളനം വിളിച്ചുചേര്‍ക്കാനും നിര്‍ത്തിവയ്പ്പിക്കാനും ലോക്‌സഭ പിരിച്ചുവിടാനും വരെ അധികാരം രാഷ്ട്രപതിക്കുണ്ട്. പാര്‍ലമെന്റിന്റെ അവിഭാജ്യ ഭാഗമാണ് രാഷ്ട്രപതി. മന്ദിരത്തിന്റെ ശിലാസ്ഥാപന ചടങ്ങില്‍ നിന്നും ഉദ്ഘാടന ചടങ്ങില്‍ നിന്നും രാഷ്ട്രപതിയെ അകറ്റി നിര്‍ത്തുന്നത് എന്തിനാണ്. രാജ്യത്തെ ജനങ്ങള്‍ക്ക് ദുര്‍മാതൃകയും ബുദ്ധിമുട്ടും സൃഷ്ടിക്കുന്നതാണ് അധികാരികളുടെ ഈ പ്രവൃത്തിയെന്നും ഹര്‍ജിക്കാരന്‍ ആരോപിക്കുന്നു. പാര്‍ലമെന്റ്് മന്ദിരം ഉദ്ഘാടന ചടങ്ങില്‍ രാഷ്ട്രപതിയെ ക്ഷണിക്കാത്തതില്‍ പ്രതിഷേധിച്ച് 19 പ്രതിപക്ഷ കക്ഷികള്‍ ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

