ഇടതുവിരുദ്ധത മാത്രം ചിന്തിക്കാനൊരു ശിബിര്‍; കോണ്‍ഗ്രസിനെതിരേ രൂക്ഷവിമര്‍ശനവുമായി മന്ത്രി റിയാസ്

കോഴിക്കോട്: രണ്ടുദിവസമായി കോഴിക്കോട് നടന്ന കോണ്‍ഗ്രസിന്റെ ചിന്തന്‍ ശിബിറില്‍ ഉണ്ടായ ചിന്ത ഇടതുപക്ഷ വിരുദ്ധത മാത്രമാണെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്. തന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് റിയാസ് ചിന്തന്‍ ശിബിറിനെതിരേ വിമര്‍ശനമുന്നയിച്ചത്. രണ്ടു ദിവസം ചിന്തിച്ച് ചിന്തിച്ച് ശിബിരം കണ്ടെത്തിയത് തീവ്ര വലതുപക്ഷ സര്‍ക്കാരായി എല്‍.ഡി.എഫ് സര്‍ക്കാര്‍ മാറുന്നു എന്ന അസംബന്ധമാണ്. ഇതാണോ ശിബിരം ചിന്തകള്‍ കണ്ടെത്തിയ കേരളത്തിലെ കോണ്‍ഗ്രസ് നേരിടുന്ന പ്രശ്നമെന്ന് അദ്ദേഹം ചോദിക്കുന്നു. കേരളത്തില്‍ കോണ്‍ഗ്രസ് ചരിത്രത്തിലാദ്യമായി തുടര്‍പ്രതിപക്ഷമായതിന്റെ ഭാഗമായി രൂപം കൊണ്ട അന്ധമായ ഇടതു വിരോധം സംഘപരിവാര്‍ രാഷ്ട്രീയത്തെയാണ് സഹായിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. അന്ധമായ ഇടതുപക്ഷ വിരോധം, നിയന്ത്രിക്കാനാവാത്ത അധികാരക്കൊതി, തുടര്‍ പ്രതിപക്ഷം സൃഷ്ടിച്ച നിരാശ.. ഈ ചിന്തകളാണ് ഇന്ന് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തെ നയിക്കുന്നത്. ചിന്തന്‍ ശിബിര്‍ അതു കൊണ്ട് തന്നെ അധികാരക്കൊതി മൂത്ത ചിന്തകളുടെ ശിബിരമായി മാത്രം സമാപിച്ചെന്നും റിയാസ് പറയുന്നു.

