ചെറുവത്തൂരിൽ വലിയ ശബ്ദത്തോടെ കിണർ പൂർണമായും ഭൂമിക്ക് അടിയിലേക്ക് താഴ്ന്നു; വെള്ളം പതഞ്ഞുപൊങ്ങി

ചെറുവത്തൂർ ∙ പിലിക്കോട് പഞ്ചായത്ത് ഓഫിസിനു സമീപത്തെ പി.വി.കുഞ്ഞഹമ്മദിന്റെ 10കോൽ ആഴമുള്ള ആൾമറയുള്ള കിണർ പൂർണമായും ഭൂമിക്ക് അടിയിലേക്ക് താഴ്ന്നു. വൈകിട്ട് 5ഓടെയാണ് സംഭവം. വീടിന്റെ വർക്ക് ഏരിയയ്ക്ക് സമീപത്ത് നിന്ന് വലിയ ശബ്ദം കേട്ട് വീട്ടുകാർ നോക്കുമ്പോഴാണ് അവിടെയുള്ള കിണർ താഴുന്നത് കണ്ടത്. അപ്പോൾ കിണറിലെ വെള്ളം പതഞ്ഞു പൊങ്ങുന്നതായി കണ്ടു എന്ന് ഇവർ പറഞ്ഞു. കിണറിലെ വെള്ളത്തിന് നിറമാറ്റവും ഉണ്ടായിട്ടുണ്ട്.
കിണർ താഴുന്ന സമയത്തുണ്ടായ ശബ്ദം കേട്ട് ഇവിടെ പറമ്പിൽ പണിയെടുക്കുന്ന തൊഴിലാളികൾ ഓടി രക്ഷപ്പെട്ടു. സംഭവം അറിഞ്ഞ് തൃക്കരിപ്പൂരിൽ നിന്ന് ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ സി.ഭാസ്കരന്റെ നേതൃത്വത്തിൽ എത്തിയ അഗ്നിരക്ഷാ സേന അവിടെയുള്ള പ്രത്യേക സാഹചര്യം കണക്കിലെടുത്ത് വീട്ടുകാരോട് മാറി താമസിക്കാൻ നിർദേശം നൽകി. താഴ്ന്ന കിണറിന് സമീപത്തായി ഒരു കുഴി രൂപപ്പെട്ടിട്ടുണ്ട്.

