22 കുറ്റകൃത്യങ്ങൾ, ജീവപര്യന്തംവരെ ശിക്ഷ; ദുർമന്ത്രവാദ നിരോധനം കരട് ബിൽ തയ്യാർ

തിരുവനന്തപുരം: ദുർമന്ത്രവാദവും ആഭിചാരവും നിരോധിക്കുന്നതിനുള്ള നിയമത്തിന്റെ കരട് വിദഗ്ധസമിതി സർക്കാരിന് കൈമാറി. 22 കുറ്റകൃത്യങ്ങളാണ് ബില്ലിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ജീവപര്യന്തംവരെയാണ് നിർദേശിച്ചിരിക്കുന്ന ശിക്ഷ. ഭാരതീയ ന്യായ സംഹിതപ്രകാരമുള്ള ശിക്ഷയ്ക്കുപുറമേയാണിത്.
പത്തനംതിട്ട ഇലന്തൂരിൽ നടന്ന നരബലിയുടെ പശ്ചാത്തലത്തിൽ കേരള യുക്തിവാദി സംഘം നൽകിയ പൊതുതാത്പര്യ ഹർജിയിൽ ഹൈക്കോടതി നിർദേശപ്രകാരമാണ് വിദഗ്ധസമിതി രൂപവത്കരിച്ചത്. നിയമപരിഷ്കരണ കമ്മിഷൻ ഉപാധ്യക്ഷനും മുൻ നിയമ സെക്രട്ടറിയുമായ കെ. ശശിധരൻ നായരും മുൻ ഡി.ജി.പി. ജേക്കബ് പുന്നൂസുമാണ് സമിതി അംഗങ്ങൾ.
മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട ഭരണഘടനാപരമായ സംരക്ഷണം പരിഗണിച്ചാണ് ‘ദുർമന്ത്രവാദവും ആഭിചാരവും മനുഷ്യത്വവിരുദ്ധ ദുഷ്പ്രവർത്തനങ്ങളും തടയൽ ബിൽ’ തയ്യാറാക്കിയതെന്ന് സമിതി അറിയിച്ചു.
കുറ്റകൃത്യം മൂന്നുവിധം
കുറ്റം: നരബലി, ജീവനോടെ സംസ്കരിക്കൽ, മരണകാരണമായ മറ്റ് പ്രവൃത്തികൾ. ശിക്ഷ: ജീവപര്യന്തം.
കുറ്റം: മാരകമായി പരിക്കേൽപ്പിക്കുക, അംഗഭംഗം വരുത്തുക, അഭിചാരക്രിയകളുടെ ഭാഗമെന്ന പേരിൽ നടത്തുന്ന ലൈംഗികാതിക്രമം, ബലാത്സംഗം, ജീവന് ഹാനികരമായ പദാർഥങ്ങൾ കഴിപ്പിക്കുക. ശിക്ഷ: പത്തുവർഷംവരെ തടവും പിഴയും
കുറ്റം: ബാധയൊഴിപ്പിക്കാനുള്ള മർദനം, ലഹരി പദാർഥങ്ങൾ നൽകുക, വിസർജ്യം ഉപയോഗിക്കുക, അന്ധവിശ്വാസങ്ങളുടെ പേരിൽ സ്ത്രീകളെ അധിക്ഷേപിക്കുക, പണവും ആഭരണങ്ങളും കൈക്കലാക്കുക, ഗുരുതര രോഗങ്ങൾക്ക് ചികിത്സ നിഷേധിക്കുക, ഗർഭച്ഛിദ്രം നടത്തുക, അതീന്ദ്രിയ ശക്തികളുടെപേരിൽ ഭീഷണിപ്പെടുത്തുക ശിക്ഷ: ഏഴുവർഷംവരെ തടവും പിഴയും.
പ്രചരിപ്പിക്കുന്നതും കുറ്റം
ദുർമന്ത്രവാദവും ആഭിചാരക്രിയകളും ചെയ്യാനുള്ള അമാനുഷിക ശക്തിയുണ്ടെന്ന് അവകാശപ്പെടുന്നവരെ ഡിജിറ്റൽ മീഡിയയിൽ ഉൾപ്പടെ പ്രചരിപ്പിക്കുന്നതും ഓൺലൈൻ പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നതും മൂന്നുവർഷംവരെ ശിക്ഷ കിട്ടാവുന്ന കുറ്റകൃത്യമാണ്.
ജില്ലകളിൽ അന്വേഷണ സംഘങ്ങൾ
ഇത്തരം കുറ്റകൃത്യങ്ങൾ അന്വേഷിക്കാൻ എല്ലാ ജില്ലകളിലും ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം വേണം
എ.ഡി.ജി.പി.യും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനും അംഗമായ സംസ്ഥാനതല നിരീക്ഷണ സമിതിയും രൂപവത്കരിക്കണം

