KSDLIVENEWS

Real news for everyone

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്; സ്ഥാപനത്തിന്റെ സിഇഒ അറസ്റ്റിൽ

SHARE THIS ON

കൊച്ചി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ സ്ഥാപനത്തിന്റെ സിഇഒ അറസ്റ്റിൽ. ഇടപ്പള്ളിയിലും പാലാരിവട്ടത്തുമായി പ്രവർത്തിക്കുന്ന ‘ആംസ്റ്റർ ഓവർസീസ് പ്രൈവറ്റ് ലിമിറ്റഡ്’, ‘ആംസ്റ്റർ ഇമിഗ്രേഷൻ ഓവർസീസ്’ എന്നീ സ്ഥാപനങ്ങളുടെ സിഇഒയും എംഡിയുമായ പാർവതി മായ ഷാജിയാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ അറസ്റ്റിലായത്. പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത രണ്ടു കേസുകളിലാണ് നടപടി. അർമീനിയ, പോളണ്ട് എന്നീ രാജ്യങ്ങളിൽ തൊഴിൽ വാഗ്ദാനം ചെയ്ത് 10 ലക്ഷത്തോളം രൂപ തട്ടിയെടുത്തു എന്നാണ് കേസ്. പാർവതി വിദേശത്തു നിന്ന് എത്തിയപ്പോൾ തിരുവനന്തപുരം വിമാനത്താവളത്തിൽ വച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കൊച്ചിയിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തും.

തൃശൂർ എരുമപ്പെട്ടി സ്വദേശിയായ യുവാവിന് അർമേനിയയിൽ പ്രതിമാസം ഒന്നര ലക്ഷം രൂപ ശമ്പളമുള്ള ജോലി വാഗ്ദാനം ചെയ്ത് 4 ലക്ഷം രൂപ തട്ടിയെടുത്തതാണ് ആദ്യ കേസ്. പണം നഷ്ടപ്പെട്ട യുവാവിന്റെ ഭാര്യ നൽകിയ ഹർജിയിൽ എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയുടെ നിർദേശപ്രകാരമാണ് പാലാരിവട്ടം പൊലീസ് കേസ് റജിസ്റ്റർ ചെയ്തത്. ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനം 2023 ഡിസംബറിൽ തുക കൈപ്പറ്റിയ ശേഷം ജോലിയോ പണമോ നൽകിയില്ലെന്ന് മാത്രമല്ല, തുക തിരികെ ചോദിച്ച പരാതിക്കാരിയെ സമൂഹമാധ്യമങ്ങൾ വഴി അപമാനിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും എഫ്ഐആറിൽ പറയുന്നു. ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ പ്രവർത്തിക്കുന്ന ആംസ്റ്റർ ഓവർസീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം, പാർവതി മായ ഷാജി, ഭർത്താവ് അനീഷ് മേനോൻ, മാനേജർമാരായ അഭിജിത്ത്, അജു കെ.മാത്യു, വിഷ്ണു വിജയൻ, ഷാജി എന്നീ ഏഴു പേർക്കെതിരെയാണ് ബിഎൻഎസ് വകുപ്പുകളും എമിഗ്രേഷൻ ആക്ടും പ്രകാരം കേസെടുത്തിട്ടുള്ളത്.

പോളണ്ടിലെ വെയർഹൗസിൽ ജോലി വാഗ്ദാനം ചെയ്ത് കുന്നത്തുനാട് തിരുവാണിയൂർ സ്വദേശിയായ യുവാവിൽ നിന്ന് 6.06 ലക്ഷം രൂപ തട്ടിയെടുത്തതാണ് രണ്ടാമത്തെ കേസ്. 2023 ജൂലൈ മുതൽ 2025 ഫെബ്രുവരി വരെയുള്ള കാലയളവിൽ വിവിധ ഘട്ടങ്ങളിലായി 4.96 ലക്ഷം രൂപയും വിമാന ടിക്കറ്റിനായി 1.10 ലക്ഷം രൂപയും കൈപ്പറ്റിയ ശേഷം പോളണ്ടിൽ ജോലി നൽകാതെ പരാതിക്കാരനെ സെർബിയയിലേക്ക് അയച്ച് ചതിക്കുകയായിരുന്നുവെന്ന് എഫ്ഐആറിൽ പറയുന്നു. പ്രൊട്ടക്ടർ ഓഫ് എമിഗ്രന്റ്സ് ലൈസൻസില്ലാതെ പ്രവർത്തിച്ച സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ പാർവതി അനീഷ് (പാർവ്വതി മായ ഷാജി), ജനറൽ മാനേജർ അജു കെ.മാത്യു, കോ-ഓർഡിനേറ്റർ അഭിജിത്ത് എസ്.നായർ, പാലാരിവട്ടത്ത് പ്രവർത്തിക്കുന്ന ആംസ്റ്റർ ഇമിഗ്രേഷൻ ഓവർസീസ് എന്ന സ്ഥാപനം എന്നിവർക്കെതിരെ യുവാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് ചുമത്തിയത്. ഇരു കേസുകളിലും അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

error: Content is protected !!