മത്സരയോട്ടവും കയ്യാങ്കളിയും: പെർമിറ്റ് റദാക്കിയേക്കും, ബസുകൾ ഹാജരാക്കാൻ ഉടമകൾക്ക് നിർദേശം

കൊച്ചി: സ്വകാര്യ ബസുകളുെട മത്സരയോട്ടവും കയ്യാങ്കളിയും അവസാനിപ്പിക്കാനുള്ള പൊലീസ്, മോട്ടോർ വാഹന വകുപ്പ് നടപടികൾ ശക്തമാകുന്നതിനിടെയാണ് നഗരത്തെ നടക്കിയ ദൃശ്യങ്ങൾ പുറത്തു വന്നത്. ഇതോടെ സ്വകാര്യ ബസുകള്‍ക്കെതിരായ നടപടി കടുപ്പിക്കാനാണ് തീരുമാനം. സംഭവത്തിൽ ഉൾപ്പെട്ട ബസുകളുടെ പെർമിറ്റ് റദ്ദാക്കാനുള്ള നടപടികളിലേക്ക് അധികൃതർ കടന്നേക്കും. ഇതിന്റെ ഭാഗമായി പരിശോധനയ്ക്കായി ബസുകൾ ഹാജരാക്കാൻ ഉടമകൾക്ക് പൊലീസ് നിർദേശം നൽകി.
സ്വകാര്യ ബസ് ജീവനക്കാർ തമ്മിലുള്ള തർക്കമാണ് രണ്ടു ദിവസമായി നഗരത്തിലെ റോഡിൽ മത്സര ഓട്ടത്തിലും കയ്യാങ്കളിയിലുമെത്തിച്ചത്. ബുധനാഴ്ച അപകടകരമായ രീതിയിൽ ബസ് ഓടിച്ചതിനെ തുടർന്ന് ഇന്നലെ രാവിലെ ഹൈക്കോടതിക്ക് സമീപം ഇരു ബസുകളിലേയും ജീവനക്കാർ തമ്മിൽ കയ്യാങ്കളിയുണ്ടാവുകയായിരുന്നു. സംഭവങ്ങളുടെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ എറണാകുളം സെൻട്രൽ പൊലീസ് സ്വമേധയാ കേസെടുത്തിട്ടുണ്ട്.
ആലുവ-ഫോർട്ട് കൊച്ചി റൂട്ടിൽ സർവീസ് നടത്തുന്ന ‘അക്ഷയ അലീന’, ഏലൂർ-ഫോർട്ട് കൊച്ചി റൂട്ടിൽ ഓടുന്ന ‘ഷാലിമാർ’ എന്നീ സ്വകാര്യ ബസുകളിലെ ജീവനക്കാര്‍ തമ്മിലുള്ള പ്രശ്നങ്ങളാണ് കയ്യാങ്കളിയിലെത്തിയത്. ബുധനാഴ്ച വൈകിട്ട് നാലുമണിയോടെ അക്ഷയ അലീന എന്ന ബസിന്റെ പിൻഭാഗത്തുനിന്ന് ഇടതുവശത്തുകൂടി വലിയ ശബ്ദത്തിൽ ഹോൺ മുഴക്കി അമിതവേഗതയിൽ എത്തിയ ഷാലിമാർ ബസ് അതിനെ മറികടക്കാൻ ശ്രമിച്ചു. ഈ സമയത്ത് റോഡരികിലൂടെ നടന്നുപോകുകയായിരുന്ന കാൽനടയാത്രക്കാരൻ അത്ഭുതകരമായാണ് ബസ് തട്ടാതെ രക്ഷപ്പെട്ടത്. തുടർന്ന് ഷാലിമാർ ബസ് അക്ഷയ അലീനയുടെ കുറുകെ നിർത്തിയിടുകയും ഇരു ബസുകളിലെയും ജീവനക്കാർ തമ്മിൽ വാക്കുതർക്കത്തിൽ ഏർപ്പെടുകയും ചെയ്തു.
വ്യാഴാഴ്ച രാവിലെ എട്ടുമണിയോടെ വീണ്ടും ഏറ്റുമുട്ടലുണ്ടായി. ഹൈക്കോടതിക്ക് സമീപമുള്ള ബസ് സ്റ്റോപ്പിൽ അക്ഷയ അലീന നിർത്തിയപ്പോൾ ഇരു ബസുകളിലെയും ജീവനക്കാർ തമ്മിൽ പരസ്യമായി ഏറ്റുമുട്ടുകയായിരുന്നു. പൊതുറോഡിൽ അപകടനിലയിൽ വാഹനമോടിച്ചതിന് ഇരു ബസുകളുടെയും ഡ്രൈവർമാർക്കെതിരെ എറണാകുളം സെൻട്രൽ പൊലീസ് കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്. നിയമലംഘനം നടത്തിയ ബസുകളുടെ പെർമിറ്റ് റദാക്കാനുള്ള ശുപാർശ പൊലീസ് മോട്ടോർ വാഹന വകുപ്പിനു കൈമാറിയേക്കും.

