KSDLIVENEWS

Real news for everyone

യുവതിയുടെ മൃതദേഹം വഴിയരികിൽ; ബാഗിലെ കുറിപ്പിൽ 4 യുവാക്കളുടെ പേരും നാലക്ക നമ്പറും, അന്വേഷണം ഊർജിതമാക്കി പോലീസ്

SHARE THIS ON

ലഖ്‌നൗ: ഉത്തർപ്രദേശിലെ ലഖ്‌നൗവിൽ യുവതിയുടെ മൃതദേഹം ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തി. ഉന്നാവോയിലെ സഫിപുർ സ്വദേശിനിയായ 25-കാരി ആസിയ (ടിന) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി ഒമ്പതരയോടെ ദുബഗ്ഗ പ്രദേശത്തുള്ള കിസാൻ പഥ് അണ്ടർപാസിന് സമീപം മൃതദേഹം കണ്ട വഴിയാത്രക്കാരനാണ് പോലീസിനെ വിവരമറിയിച്ചത്.

യുവതിയുടെ മുഖത്ത് പരിക്കേറ്റ പാടുകളുണ്ടായിരുന്നു. യുവതിയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം സർവീസ് ലൈനിൽ തള്ളിയതാകാമെന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം. 

മൃതദേഹത്തിന് സമീപത്തുനിന്ന് ലഭിച്ച ബാഗിലുണ്ടായിരുന്ന ആധാർ, പാൻ കാർഡുകൾ പരിശോധിച്ചാണ് കൊല്ലപ്പെട്ടത് ആസിയയാണെന്ന് തിരിച്ചറിഞ്ഞത്. പരിശോധനയ്ക്കിടെ നാല് യുവാക്കളുടെ പേരുകളും ഒരു നാലക്ക നമ്പറും രേഖപ്പെടുത്തിയ കടലാസ് കഷണവും പോലീസ് കണ്ടെടുത്തു. ഈ കുറിപ്പിന് കൊലപാതകവുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്നും നമ്പറുമായി ബന്ധപ്പെട്ട വിവരങ്ങളും പോലീസ് പരിശോധിച്ച് വരികയാണ്.

ഒക്ടോബർ 24-ന് നവാബ്ഗഞ്ചിലെ സഹോദരിയുടെ വീട്ടിൽനിന്ന് സഫിപുരിലേക്ക് പോയ യുവതി സമയം കഴിഞ്ഞിട്ടും വീട്ടിൽ എത്തിയിരുന്നില്ല. തുടർന്ന് ബന്ധുക്കൾ തിരച്ചിൽ നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയ വിവരം അറിയുന്നത്.

കൊല്ലപ്പെട്ട യുവതിയുടെ സഹോദരി നസ്രീൻ ബാനോ നൽകിയ പരാതിയിൽ ദുബഗ്ഗ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. പ്രാഥമിക പരിശോധനയിൽ മൃതദേഹത്തിന് ആറ് മണിക്കൂറിലധികം പഴക്കമുണ്ടായിരുന്നതായി എസിപി ഷക്കീൽ അഹമ്മദ് അറിയിച്ചു. സംഭവത്തിൽ യുവതിയുടെ ഫോൺകോളുകളും സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!