കോണ്‍ഗ്രസിന് വന്‍ തിരിച്ചടി: മേഘാലയയില്‍ 12 എംഎല്‍എമാര്‍ പാര്‍ട്ടി വിട്ടു

ദില്ലി: കോണ്‍ഗ്രസിന് വീണ്ടും വന്‍ തിരിച്ചടി. ദേശീയ നേതൃത്വത്തെ കാഴ്ചക്കാരാക്കി മേഘാലയില്‍ 12 എംഎല്‍എമാര്‍ പാര്‍ട്ടി വിട്ടു.
മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിലാണ് ഇവര്‍ ചേര്‍ന്നത്. സംസ്ഥാനത്ത് ആകെ 17 എംഎല്‍എമാരാണ് കോണ്‍ഗ്രസിനുള്ളത്. മുന്‍ മുഖ്യമന്ത്രി മുകുള്‍ സാങ്മയും തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം നാളെ നടക്കും. കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂറുമാറുന്നതോടെ സംസ്ഥാനത്തെ മുഖ്യ പ്രതിപക്ഷ കക്ഷി ഇനി തൃണമൂല്‍ കോണ്‍ഗ്രസാവും.
നാളെ ഷില്ലോങില്‍ മുകുള്‍ സാങ്മ വാര്‍ത്താ സമ്മേളനം നടത്തി തീരുമാനം പ്രഖ്യാപിക്കും. എംഎല്‍എമാരുടെ കൂറുമാറ്റത്തിന് തൊട്ടുമുന്‍പ് ഇന്നലെ തന്നെ രണ്ട് നേതാക്കള്‍ കൂറുമാറിയിരുന്നു. കോണ്‍ഗ്രസ് നേതാവ് കീര്‍ത്തി ആസാദും മുന്‍ ഹരിയാന പിസിസി അധ്യക്ഷന്‍ അശോക് തന്‍വാറും പാര്‍ട്ടി വിട്ട് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. തന്റെ പാര്‍ട്ടി വിപുലീകരിക്കാനുള്ള ശ്രമങ്ങള്‍ തുടരുമെന്ന് നേരത്തെ മമത ബാനര്‍ജി വ്യക്തമാക്കിയിരുന്നു.
കോണ്‍ഗ്രസ് നേതാക്കള്‍ പഞ്ചാബിലെ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കവുമായി ബന്ധപ്പെട്ടിരിക്കുമ്ബോഴാണ് അവര്‍ക്ക് ഒറ്റരാത്രി ഏറ്റവും വലിയ അഘാതം നല്‍കി മമത ബാനര്‍ജി പാര്‍ട്ടി പിളര്‍ത്തിയിരിക്കുന്നത്. ഇതോടെ ഒറ്റരാത്രി കൊണ്ട് സംസ്ഥാനത്തെ രണ്ടാമത്തെ വലിയ കക്ഷിയെന്ന നേട്ടം സ്വന്തമാക്കാനും മമതയ്ക്ക് കഴിയും. ദീര്‍ഘനാളായി ദേശീയ നേതൃത്വത്തോടുള്ള അതൃപ്തി പ്രകടമാക്കിയ ശേഷമാണ് മുകുള്‍ സാങ്മയുടെ കൂറുമാറ്റമെന്നതും പ്രധാനമാണ്.
നേരത്തെ തന്നെ മുകുള്‍ സാങ്മ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ഇതെല്ലാം അദ്ദേഹം തള്ളിയിരുന്നു. കഴിഞ്ഞ തവണ ദില്ലിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ട മമത ബാനര്‍ജി സോണിയ ഗാന്ധിയെ കണ്ടിരുന്നില്ല. ഇതേക്കുറിച്ചുള്ള ചോദ്യത്തിന് ഓരോ തവണ ദില്ലിയില്‍ വരുമ്ബോഴും സോണിയ ഗാന്ധിയെ കാണേണ്ട ആവശ്യമില്ലെന്നായിരുന്നു മമതയുടെ പ്രതികരണം.

