ദേശീയ പാതയോരത്ത് തലയുയർത്തി നിന്ന സയൻസ് പാർക്കിൽ പരീക്ഷണം കാണാൻ ആളില്ല: വരുമാനമില്ലാതെ അടച്ചു

കാഞ്ഞങ്ങാട് ∙ ദേശീയ പാതയോരത്ത് തലയുയർത്തി നിൽക്കുന്ന സയൻസ് പാർക്ക് ആർക്കും പ്രയോജനമില്ലാതെ നശിക്കുന്നു. കുട്ടികളിൽ ശാസ്ത്രബോധം വളർത്താൻ ലക്ഷ്യമിട്ട് 2000ൽ ഷെരീഫ ഇബ്രാഹിം നഗരസഭാധ്യക്ഷയായ കാലത്താണ് സയൻസ് പാർക്ക് പണിതത്. അന്ന് കലക്ടറായിരുന്ന രാജു നാരായണ സ്വാമിയുടെ പ്രത്യേക താൽപര്യം സയൻസ് പാർക്ക് യാഥാർഥ്യമാകുന്നത് വേഗത്തിലാക്കി. എന്നാൽ ലക്ഷ്യമിട്ടതൊന്നും സയൻസ് പാർക്ക് കൊണ്ട് നേടിയില്ലെന്നതാണു സത്യം. ലക്ഷക്കണക്കിന് രൂപയുടെ ശാസ്ത്ര ഉപകരണങ്ങൾ പാർക്കിലുണ്ടെങ്കിലും കാണാൻ കുട്ടികൾ ആരും വന്നില്ലെന്ന് മാത്രം. വാന നിരീക്ഷത്തിന് ആവശ്യമായ സൗകര്യം പോലും ഇവിടെയുണ്ടായിരുന്നു. വരുമാനമില്ലാത്തതിനെ തുടർന്നാണ് പാർക്ക് അടച്ചിട്ടതെന്നു നഗരസഭ പറയുന്നു.
യുഡിഎഫ് ഭരണ കാലത്ത് 8 ലക്ഷം രൂപയുടെ ഉപകരണങ്ങൾ തിരുവനന്തപുരത്തെ പ്രിയദർശിനി പ്ലാനറ്റോറിയത്തിൽ സയൻസ് പാർക്കിലേക്ക് എത്തിച്ചിരുന്നു. കുട്ടികൾക്ക് ശാസ്ത്ര സാങ്കേതിക വിദ്യ പരിചയപ്പെടുത്തുന്ന ഒട്ടേറെ ഉപകരണങ്ങളാണ് സയൻസ് പാർക്കിന് അകത്തുള്ളത്. അവരുടെ മാനസികവും ബുദ്ധിപരവുമായ വളർച്ചയ്ക്ക് ആവശ്യമായതെല്ലാം തങ്ങളുടെ ഭരണകാലത്ത് ഒരുക്കിയിരുന്നതായി മുൻ വൈസ് ചെയർമാൻ പ്രഭാകരൻ വാഴുന്നോറടി പറഞ്ഞു. ലക്ഷക്കണക്കിന് രൂപയുടെ ഉപകരണങ്ങളാണ് അതിനകത്ത് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഇവയെല്ലാം ഇപ്പോൾ തുരുമ്പെടുത്ത് നശിക്കുകയാണ്.
ചെമ്മട്ടം വയലിലെ സയൻസ് പാർക്കിന്റെ പ്രവർത്തനം ഏതെങ്കിലും സഹകരണ സംഘത്തെയോ സന്നദ്ധ സംഘടനയേയോ ഏൽപിക്കണമെന്ന് അധ്യക്ഷനായ കാലത്ത് നിർദേശിച്ചിരുന്നതായി മുൻ ചെയർമാൻ വി.വി.രമേശൻ പറഞ്ഞു. ദേശീയപാതയോരത്തെ കുട്ടികളുടെ പാർക്ക് സയൻസ് പാർക്കുമായി യോജിപ്പിക്കാനുള്ള ശ്രമവും നടത്തി. എന്നാൽ അന്നത്തെ പ്രതിപക്ഷം വിയോജിച്ചതോടെ പദ്ധതി എവിടെയുമെത്തിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ജില്ലയിൽ കുട്ടികൾക്ക് ശാസ്ത്ര ഉപകരണങ്ങളും പരിചയപ്പെടാനും പഠിക്കാനുള്ള ഒട്ടേറെ സൗകര്യമാണ് ഈ പാർക്കിലുള്ളത്. എന്നാൽ നടത്തിപ്പിലെ പാളിച്ചകൾ കാരണമാണ് സയൻസ് പാർക്ക് പൂട്ടേണ്ടി വന്നത്.
സയൻസ് പാർക്കിനെ പൂർണമായി പുനഃസ്ഥാപിക്കും. നഗരസഭ സഭയ്ക്ക് സാമ്പത്തിക ബാധ്യത വന്നതിനെ തുടർന്നാണ് പൂട്ടേണ്ടി വന്നത്. എല്ലാ അർഥത്തിലും ഏറ്റെടുക്കാൻ തയാറായ സഹകരണ സംഘങ്ങൾക്ക് സയൻസ് പാർക്കിന്റെ നടത്തിപ്പ് കൈമാറും.
കെ.വി.സുജാത (നഗരസഭാധ്യക്ഷ)

