‘നിയമത്തിലെ ഇല്ലാത്ത വ്യവസ്ഥ പറഞ്ഞ് പാർട്ടിയെ നിരോധിക്കരുത്’; ലീഗ് സുപ്രീംകോടതിയിലേക്ക് ,

ന്യൂഡല്‍ഹി: കൊടിയിലും പേരിലും മതചിഹ്നവും പേരും ഉപയോഗിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളെ നിരോധിക്കണമെന്ന ഹര്‍ജി തള്ളണമെന്ന് സുപ്രീംകോടതിയില്‍ മുസ്ലിം ലീഗ് ആവശ്യപ്പെടും. ജസ്റ്റിസ് എം.ആര്. ഷാ അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ ഇന്ന് (വെള്ളിയാഴ്ച) ഈ ആവശ്യം ഉന്നയിക്കും. ജനപ്രാതിനിധ്യ നിയമത്തില്‍ ഇത്തരം ഒരു വിലക്ക് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടില്ലെന്നും ലീഗ് കോടതിയെ അറിയിക്കും. മതപരമായ ചിഹ്നങ്ങളും പേരും ഉപയോഗിക്കുന്ന മുസ്ലിം ലീഗ്, ഹിന്ദു ഏകത ദള്‍, അസദുദ്ദീന്‍ ഒവൈസിയുടെ എ.ഐ.എം.ഐ.എം. തുടങ്ങിയ രാഷ്ട്രീയ പാര്‍ട്ടികളെ നിരോധിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീംകോടതി നേരത്തെ തിരഞ്ഞെടുപ്പ് കമ്മിഷന്റെ അഭിപ്രായം തേടിയിരുന്നു. കേസില്‍ മുസ്ലിം ലീഗ്, ഹിന്ദു ഏകത ദള്‍ തുടങ്ങിയ പാര്‍ട്ടികളെ കക്ഷിയാക്കാനും പൊതുതാത്പര്യ ഹര്‍ജി നല്‍കിയിരുന്ന സയ്യിദ് വാസിം റിസ്വിയോട് സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. ജസ്റ്റിസ് എം.ആര്. ഷാ അധ്യക്ഷനായ ബെഞ്ചാണ് ഈ നിര്‍ദേശം നല്‍കിയിരുന്നത്. Next Stay എന്നാല്‍, റിസ്വി ലീഗിനെ ഉള്‍പ്പടെ കേസില്‍ കക്ഷി ആക്കിയില്ല. ഇതേത്തുടര്‍ന്നാണ് സ്വന്തം നിലയ്ക്ക് കോടതിയില്‍ ഹാജരായി ഹര്‍ജി തള്ളണമെന്ന് ആവശ്യപ്പെടാന്‍ മുസ്ലിം ലീഗ് തീരുമാനിച്ചത്. ലീഗിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന് ദുഷ്യന്ത് ദാവെ, അഭിഭാഷകന് ഹാരിസ് ബീരാന് എന്നിവരാണ് ഇന്ന് കോടതിയില്‍ ഹാജരായി നിലപാട് വ്യക്തമാക്കുക. 1948 മുതല്‍ പ്രവര്‍ത്തിച്ചുവരുന്ന രാഷ്ട്രീയ പാര്‍ട്ടിയാണ് ലീഗ്. കേന്ദ്രമന്ത്രിസഭയിലും കേരള മന്ത്രിസഭയിലും ലീഗിന് അംഗങ്ങള്‍ ഉണ്ടായിരുന്നു. നിലവില്‍ ലോക്സഭയിലും രാജ്യസഭയിലും കേരള നിയമസഭയിലും തങ്ങള്‍ക്ക് അംഗങ്ങള്‍ ഉണ്ടെന്നും ലീഗ് ഇന്ന് സുപ്രീംകോടതിയെ അറിയിക്കും. ജനപ്രാതിനിധ്യനിയമത്തിലെ 29(എ), 123 (3) (3എ) എന്നീ വകുപ്പുകള്‍ പ്രകാരം മതപരമായ ചിഹ്നമോ, പേരോ ഉപയോഗിച്ച് സ്ഥാനാര്‍ഥികള്‍ വോട്ടുതേടാന്‍ പാടില്ല. ലീഗ് മതപരമായ ചിഹ്നമോ പേരോ ഉപയോഗിച്ച് വോട്ട് തേടിയിട്ടില്ലെന്നും അഭിഭാഷകര്‍ കോടതിയില്‍ വ്യക്തമാക്കും. കൊടിയിലും പേരിലും രാഷ്ട്രീയ പാര്‍ട്ടികള്‍ മത ചിഹ്നവും പേരും ഉപയോഗിക്കരുത് എന്ന് ജനപ്രാതിനിധ്യനിയമത്തില്‍ പറഞ്ഞിട്ടില്ല. അതിനാലാണ് തങ്ങള്‍ക്ക് ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗ് എന്ന പേരില്‍ തിരെഞ്ഞെടുപ്പ് കമ്മിഷന് രജിസ്ട്രേഷന് അനുവദിച്ചിട്ടുള്ളത് എന്നാണ് ലീഗിന്റെ വാദം. കൊടിക്കും കമ്മിഷന്റെ അനുമതി ഉണ്ട്. അതിനാല്‍ തന്നെ നിയമത്തിലെ ഇല്ലാത്ത വ്യവസ്ഥ പറഞ്ഞ് നടപടി എടുക്കരുത് എന്നും ലീഗ് കോടതിയില്‍ ആവശ്യപ്പെടും.”