KSDLIVENEWS

Real news for everyone

നടൻ ഭരത് കപൂർ അന്തരിച്ചു, വിടപറഞ്ഞത് ഹിന്ദി വിനോദ വ്യവസായത്തിലെ സുപരിചിത മുഖം

SHARE THIS ON

മുംബൈ: പ്രശസ്ത നടൻ ഭരത് കപൂർ (80) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. മുംബൈയിലെ സിയോൺ ആശുപത്രിയിൽ വെച്ച് തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് അദ്ദേഹം അന്തരിച്ചത്. നാല് പതിറ്റാണ്ടോളം നീണ്ടുനിന്ന തന്റെ അഭിനയ ജീവിതത്തിലൂടെ ഹിന്ദി സിനിമാ-സീരിയൽ രംഗത്ത് തന്റേതായ ഒരിടം കണ്ടെത്താൻ അദ്ദേഹത്തിന് സാധിച്ചിരുന്നു.

കഴിഞ്ഞ മൂന്ന് ദിവസമായി ഭരത് കപൂർ അസുഖബാധിതനായിരുന്നു. അന്ത്യകർമങ്ങൾ തിങ്കളാഴ്ച വൈകുന്നേരംതന്നെ അദ്ദേഹത്തെ പ്രവേശിപ്പിച്ചിരുന്ന ആശുപത്രിക്ക് സമീപമുള്ള ശ്മശാനത്തിൽ നടത്തി. അദ്ദേഹത്തോടുള്ള ആദരസൂചകമായി ഏപ്രിൽ 30-ന് വൈകുന്നേരം 5 മണിക്കും 7 മണിക്കും ഇടയിൽ നോർത്ത് ബോംബെ അസോസിയേഷനിൽ പ്രാർത്ഥനായോഗം സംഘടിപ്പിച്ചിട്ടുണ്ട്.

ഹിന്ദി വിനോദ വ്യവസായത്തിൽ സുപരിചിതമായ മുഖമായിരുന്നു ഭരത് കപൂറിന്റേത്. നാല് പതിറ്റാണ്ടോളം നീണ്ട തന്റെ കരിയറിൽ ഭരത് കപൂർ നിരവധി ശ്രദ്ധേയമായ സിനിമകളിൽ വേഷമിട്ടിട്ടുണ്ട്. ‘നൂരി’ (1979), ‘റാം ബൽറാം’ (1980), ‘ലവ് സ്റ്റോറി’ (1981), ‘ബസാർ’ (1982), ‘ഖുദാ ഗവാ’ (1992), ‘മീനാക്ഷി: എ ടെയിൽ ഓഫ് ത്രീ സിറ്റീസ്’ (2004) എന്നിവ അദ്ദേഹം അഭിനയിച്ച പ്രധാന സിനിമകളിൽ ചിലതാണ്.

സിനിമകൾക്ക് പുറമെ ടെലിവിഷൻ പരമ്പരകളിലും അദ്ദേഹം സജീവമായ സാന്നിധ്യമായിരുന്നു. ‘അമാനത്ത്’, ‘സാൻസ്’, ‘താരാ’, ‘ചുനൗതി’ തുടങ്ങിയ ജനപ്രിയ പരമ്പരകളിലൂടെ അദ്ദേഹം മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതനായി.

ഭരത് കപൂറിന്റെ നിര്യാണത്തിൽ പ്രമുഖ സിനിമാ പ്രവർത്തകൻ അശോക് പണ്ഡിറ്റ് അനുശോചനം രേഖപ്പെടുത്തി. അദ്ദേഹം ഒരു മികച്ച മനുഷ്യനായിരുന്നുവെന്നും അദ്ദേഹത്തോടൊപ്പം തന്റെ കരിയറിന്റെ തുടക്കത്തിൽ പ്രവർത്തിച്ച ഓർമ്മകൾ എന്നും നിലനിൽക്കുമെന്നും അശോക് പണ്ഡിറ്റ് ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!