KSDLIVENEWS

Real news for everyone

സർക്കാരിന് ആശങ്കയായി 5 കേസുകൾ; പ്രതിക്കൂട്ടിലാകുക മുഖ്യമന്ത്രി, 16 മുൻ മന്ത്രിമാർ

SHARE THIS ON

തിരുവനന്തപുരം ∙ സംസ്ഥാന സർക്കാരിനെതിരെ ലോകായുക്തയുടെ മുന്നിലുള്ളത് 5 കേസുകൾ. ഇവയിൽ ചിലതിൽ ഉടൻ തീർപ്പുണ്ടാകാനും സാധ്യതയുണ്ട്. ഇൗ കേസുകളിൽ ലോകായുക്തയുടെ തീർപ്പ് എതിരായാൽ മുഖ്യമന്ത്രി പിണറായി വിജയനും കഴിഞ്ഞ സർക്കാരിന്റെ കാലത്തെ 16 മന്ത്രിമാരും പ്രതിക്കൂട്ടിലാകും. സഭയിൽ ചർച്ചയ്ക്കു വച്ചു നിയമമാക്കാൻ നിൽക്കാതെ സർക്കാർ അടിയന്തരമായി ഓർഡിനൻസിലൂടെ ലോകായുക്ത നിയമം ഭേദഗതി ചെയ്യുന്നത് ഈ കേസുകളിൽ ഉണ്ടായേക്കാവുന്ന തിരിച്ചടി ഭയന്നാണ് എന്നാണ് ആരോപണം.

ഇതിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ടതാണ് 3 കേസുകൾ. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായിരുന്ന എ.കെ.ബാലൻ, ഇ.ചന്ദ്രശേഖരൻ, കെ.ടി.ജലീൽ, കടകംപള്ളി സുരേന്ദ്രൻ, എം.എം.മണി, മാത്യു ടി.തോമസ്, ജെ.മേഴ്സിക്കുട്ടിയമ്മ, എ.സി.മൊയ്തീൻ, കെ.രാജു, രാമചന്ദ്രൻ കടന്നപ്പള്ളി, ടി.പി.രാമകൃഷ്ണൻ, സി.രവീന്ദ്രനാഥ്, കെ.കെ.ശൈലജ, ജി.സുധാകരൻ, പി.തിലോത്തമൻ, ടി.എം.തോമസ് ഐസക് എന്നിവരായിരുന്നു ഇൗ തീരുമാനങ്ങളെടുത്ത മന്ത്രിസഭാ യോഗത്തിൽ പങ്കെടുത്തത്. മന്ത്രിയായിരുന്ന വി.എസ്.സുനിൽകുമാർ യോഗത്തിൽ പങ്കെടുക്കാത്തതിനാൽ അദ്ദേഹം കേസിൽ നിന്ന് ഒഴിവായി.

5 കേസുകൾ

1. എൻസിപി സംസ്ഥാന പ്രസിഡന്റായിരുന്ന ഉഴവൂർ വിജയൻ മരിച്ചതിനു പിന്നാലെ അദ്ദേഹത്തിന്റെ മക്കളുടെ പഠനത്തിന് 25 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്നു നൽകിയതിനെതിരെയുള്ള ഹർജി.

2. ചെങ്ങന്നൂർ മുൻ എംഎൽഎ കെ.കെ.രാമചന്ദ്രൻ നായരുടെ മരണത്തിനു പിന്നാലെ സ്വർണപ്പണയം വീണ്ടെടുക്കാൻ 8 ലക്ഷം രൂപയും കാർ വായ്പ അടച്ചു തീർക്കാൻ 6 ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അടച്ചതിനെതിരെയുള്ള ഹർജി

3. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പൈലറ്റ് വാഹനം മറിഞ്ഞു മരിച്ച പൊലീസുകാരന്റെ കുടുംബത്തിന് അർഹമായ ആനൂകൂല്യങ്ങൾ നൽകിയതിനു പുറമേ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 20 ലക്ഷം രൂപ നൽകിയതിരെയുള്ള ഹർജി.

ദുരിതം അനുഭവിക്കുന്നവർക്ക് നൽകാനുള്ള പണം സർക്കാരിനു വേണ്ടപ്പെട്ടവർക്കു ചട്ടം മറികടന്നു നൽകിയെന്നു ചൂണ്ടിക്കാട്ടി പൊതുപ്രവർത്തകൻ ആർ.എസ്.ശശികുമാറാണ് ഈ ഹർജികൾ നൽകിയത്.

4. കേരള സർവകലാശാലയിൽ നിന്നു ബിരുദവും വിയറ്റ്നാം സർവകലാശാലയിൽനിന്നു ഡോക്ടറേറ്റും കിട്ടിയെന്ന വനിതാ കമ്മിഷൻ അംഗം ഷാഹിദ കമാലിന്റെ അവകാശവാദം ചോദ്യം ചെയ്ത് വിവരാവകാശ പ്രവർത്തകയായ അഖില ഖാൻ നൽകിയ ഹർജി. വനിതാ കമ്മിഷൻ അംഗമെന്ന പദവിയിൽ ഇരിക്കുന്നവർക്കു വേണ്ട സത്യസന്ധത ഷാഹിദ കമാലിന് ഇല്ലെന്നാണു ഹർജിയിൽ ആരോപണം. ഹർജി വിധി പറയാൻ മാറ്റിവച്ചിരിക്കുകയാണ്.

5. കണ്ണൂർ സർവകലാശാല വൈസ് ചാൻസലറുടെ പുനർനിയമനവുമായി ബന്ധപ്പെട്ടു മന്ത്രി ആർ.ബിന്ദുവിനെതിരേ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ഫയൽ ചെയ്ത ഹർജി. വിസിയെ പുനർനിയമിക്കണമെന്ന് ആവശ്യപ്പെട്ടു ഗവർണർക്കു മന്ത്രി കത്തുകൾ നൽകിയത് അഴിമതിയും അധികാര ദുർവിനിയോഗവുമാണെന്നാണ് പരാതി. ഇതിൽ സർക്കാരിന്റെ കൈവശമുള്ള രേഖകൾ ഹാജരാക്കാൻ ലോകായുക്ത നിർദേശിച്ചിട്ടുണ്ട്.

അഴിമതിക്കെതിരെ പൗരന്റെ ആയുധം

വെറും 50 രൂപയുണ്ടെങ്കിൽ കേസ് ഫയൽ ചെയ്യാം. വക്കീൽ ഫീസ് നൽകാൻ പണമില്ലെങ്കിൽ സ്വന്തമായി വാദിക്കാം. ജനപ്രതിനിധികളോ സർക്കാർ ഉദ്യോഗസ്ഥരോ അവരുടെ പദവി ദുരുപയോഗിച്ച് അഴിമതിക്കു ശ്രമിച്ചാൽ അതിനെതിരെ ഏതു സാധാരണക്കാരനും ഓടിയെത്തി പരാതി നൽകാൻ കഴിയുന്ന സംവിധാനമാണ് ലോകായുക്ത. നിലവിൽ എണ്ണൂറോളം കേസുകളാണ് തീർപ്പു കൽപിക്കാനുള്ളത്. ലോകായുക്തയുടെ പല ഉത്തരവുകളും നടപ്പാക്കാൻ സർക്കാർ വകുപ്പുകൾ തയാറാകാറില്ലെന്നാണു വസ്തുത. എന്നാൽ, കെ.ടി.ജലീൽ രാജിവച്ചതു പോലെ ലോകായുക്തയുടെ കണ്ടെത്തലുകൾ പലതും ഉന്നതരുടെ ഇറങ്ങിപ്പോക്കിനു കാരണമാകുമെന്നതാണ് ഇൗ സംവിധാനം ഇപ്പോഴും ജനങ്ങളിൽ പ്രതീക്ഷ പകരുന്നത്. അതും കൂടി ഇല്ലാതാക്കാനാണു പുതിയ നിയമ ഭേദഗതിയിലൂടെ സർക്കാർ ശ്രമിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!