KSDLIVENEWS

Real news for everyone

ലോകായുക്തയില്‍ സര്‍ക്കാര്‍ നിയമോപദേശം തേടിയത് കെ.ടി ജലീലിനെതിരായ വിധിക്ക് പിന്നാലെ

SHARE THIS ON

കൊച്ചി: ലോകായുക്തയിൽ സർക്കാർ നിയമോപദേശം തേടിയത് മന്ത്രി കെടി ജലീലിനെതിരായ ലോകായുക്ത വിധിക്ക് പിന്നാലെ. ജലീൽ രാജിവച്ചതിന് ശേഷം അന്നത്തെ അഡ്വക്കേറ്റ് ജനറലായിരുന്ന സിപി സുധാകര പ്രസാദാണ് സർക്കാരിന് നിയമോപദേശം നൽകിയത്. ആ ഘട്ടത്തിലാണ് ലോകായുക്ത ആക്ട് സംബന്ധിച്ച കാര്യങ്ങൾ അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസ് വിശദമായി പരിശോധിക്കുന്നത്.

ലോകായുക്ത ആക്ടിലെ സെക്ഷൻ 14 ഭരണഘടനാ വിരുദ്ധമാണെന്നായിരുന്നു നിയമോപദേശം. കേരള ലോകായുക്ത സെക്ഷൻ 14 പ്രകാരം ഉത്തരവിറക്കിയാൽ ഒരാൾക്ക് മന്ത്രിസ്ഥാനത്ത് തുടരാനാകില്ല. അത് ആർട്ടിക്കിൾ 164ന് മുകളിൽ ലോകായുക്തയ്ക്ക് അധികാരം നൽകുന്നു എന്നായിരുന്നു സർക്കാരിന് കിട്ടിയ നിയമോപദേശം.


ആർട്ടിക്കിൽ 164 പ്രകാരമാണ് മന്ത്രിമാരും മുഖ്യമന്ത്രി അടക്കമുള്ള സംവിധാനങ്ങളും ഉണ്ടാകുന്നത്. ഇത് ഭരണഘടനാപരമായ അധികാരമാണ്. ഗവർണറുടെ വിശ്വാസമുള്ളടത്തോളം കാലം ഒരു മന്ത്രിസഭയ്ക്ക് തുടരാൻ കഴിയും. ഒരു മന്ത്രിക്കും മുഖ്യമന്ത്രിക്ക് വിശ്വസമുള്ളടത്തോളം കാലം തുടരാം. എന്നാൽ ലോകായുക്ത ആക്ട് സെക്ഷൻ 14 പ്രകാരം ഒരു ഉത്തരവിറക്കിയാൽ മന്ത്രിക്ക് തൽസ്ഥാനത്ത് നിന്ന് മാറിനിൽക്കുകയേ മാർഗമുള്ളു. അതിനാൽ ഇത് ആർട്ടിക്കിൽ 164ന് മുകളിലുള്ള അധികാരമായി മാറും.

സംസ്ഥാന നിയമത്തിന് ഇത്തരത്തിൽ ഭരണഘടനയ്ക്ക് മുകളിലുള്ള സ്ഥാനം നൽകാൻ കഴിയില്ല. അതിനാൽ ആർട്ടിക്കിൾ 164ന് വിരുദ്ധമായിട്ടുള്ള ലോകായുക്ത ആക്ടിലെ സെക്ഷൻ 14 ഭേദഗതി ചെയ്യണമെന്ന നിയമോപദേശമാണ് സർക്കാരിന് ലഭിച്ചത്.


അതോടൊപ്പം തമിഴ്നാട്, കർണാടക, തെലങ്കാന, ബിഹാർ, മഹാരാഷ്ട്ര അടക്കമുള്ള മറ്റുസംസ്ഥാനങ്ങളിലെ ലോകായുക്ത ആക്ടുകളും ചൂണ്ടിക്കാണിച്ചിരുന്നു. അവിടെയൊന്നും കേരളത്തിലെ സെക്ഷൻ 14 പോലുള്ള അധികാര അവകാശങ്ങൾ ലോകായുക്തയ്ക്ക് നൽകുന്നില്ല. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാണിച്ചാണ് സർക്കാരിന് നിയമോപദേശം നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിലുള്ള നടപടികളാണ് സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!