റഷ്യക്ക് മുന്നറിയിപ്പ് നല്‍കി നാറ്റോ: നൂറിലധികം യുദ്ധവിമാനങ്ങളും 120ലധികം പടക്കപ്പലുകളും വിന്യസിച്ചു

വാഷിങ്ടണ്‍: യുക്രൈനില്‍ അധിനിവേശം നടത്തുന്ന റഷ്യക്ക് കടുത്ത മുന്നറിയിപ്പുമായി നാറ്റോ. കിഴക്കന്‍ യൂറോപ്പില്‍ കൂടുതല്‍ സൈനിക വിന്യാസം നടത്തിയതായും നാറ്റോ അറിയിച്ചു. തങ്ങളുടെ ദ്രുത പ്രതികരണ സേനയുടെ ഘടകങ്ങള്‍ കിഴക്കന്‍ യൂറോപ്പിന്റെ കരയിലും കടലിലും വായുവിലും വിന്യാസം നടത്തിയിട്ടുണ്ടെന്ന് നാറ്റോ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്റ്റോള്‍ട്ടന്‍ബര്‍ഗ് പറഞ്ഞു. ഒരു കൂട്ടായ പ്രതിരോധ പശ്ചാത്തലത്തില്‍ ഞങ്ങള്‍ ആദ്യമായി നാറ്റോ പ്രതികരണ സേനയെ വിന്യസിക്കുന്നു. ആയിര കണക്കിന് സൈനികരുടെ വിന്യാസമാണ് നടത്തുന്നത്’ അദ്ദേഹം പറഞ്ഞു.
യുഎസ്, കാനഡ അടക്കമുള്ള സഖ്യകക്ഷികളില്‍ പലതും ഇതിനോടകം നാറ്റോപ്രതികരണ സേനയിലേക്ക് സൈന്യത്തെ അയച്ചിട്ടുണ്ട്. സൈബര്‍ പ്രതിരോധം ശക്തിപ്പെടുത്തുന്നതിലാണ് യൂറോപ്പ് ശക്തി കേന്ദ്രകരിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
യൂറോപ്പിലെ 30 പ്രതിരോധ കേന്ദ്രങ്ങളിലായി നൂറിലധികം യുദ്ധവിമാനങ്ങള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 120ലധികം കപ്പലുകളും സജ്ജമാണ്. നാറ്റോ പ്രദേശത്തിന്റെ ഓരോ ഇഞ്ചും’ സൈന്യം പ്രതിരോധിക്കുമെന്ന് അദ്ദേഹം ഊന്നിപ്പറയുകയും യുക്രൈനും റഷ്യയുടെ ഭീഷണി നേരിടുന്ന മേഖലയിലെ മറ്റ് രാജ്യങ്ങള്‍ക്കമുള്ള പിന്തുണ തുടര്‍ന്നും നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേ സമയം റഷ്യ കീഴടക്കി കൊണ്ടിരിക്കുന്ന യുക്രൈനിലേക്ക് സൈന്യത്തെ അയക്കുമോ എന്ന കാര്യത്തില്‍ നാറ്റോ മേധാവി വ്യക്തത നല്‍കിയില്ല.

